വെള്ളിക്കുളങ്ങര: ഭർത്താവിന്റെ കൊടുംക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട ജീതുവിന്റെ മൃതദേഹം മോനൊടിയിലെ വീ്ട്ടിലെത്തിച്ചപ്പോൾ നൂറുകണത്തിനാളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ വൈകീട്ട് ആറോടെയാണ് മോനൊടി പട്ടികജാതി കോളനിയിലുള്ള വീട്ടിലേക്കു മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻ്സ് എത്തിയത്.
ആംബുലൻസിൽനിന്ന് മൃതദേഹം പുറത്തെടുത്തപ്പോൾ വീട്ടിലും പരിസരത്തുമായി തടിച്ചുകൂടി നിന്ന ബന്ധുക്കളും നാട്ടുകാരും അലമുറയിട്ടു. ജീതുവിന്റെ മരണം അറിഞ്ഞ് രാവിലെ മുതൽ നൂറുകണക്കിനാളുകൾ മോനൊടിയിലെ വീട്ടിൽ തടിച്ചുകൂടിയിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, അംഗങ്ങളായ സി.ജി.സിനി, അഡ്വ.ജയന്തി സുരേന്ദ്രൻ, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രൻ, വൈസ് പ്രസിഡന്റ് ബീന നന്ദകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ.ഒൗസേഫ്, സിപിഎം ലോക്കൽ സെക്രട്ടറി പി.സി.ഉമേഷ്, സിപിഐ ലോക്കൽ സെക്രട്ടറിമാരായ ഉമ്മുക്കുൽസു അസീസ്, റെന്നി വർഗീസ്, മനുഷ്യാകാശ സംരക്ഷണ കേന്ദ്രം സംസ്ഥാന സെക്രട്ടറി ജോയ് കൈതാരത്ത്, കെപിഎംഎസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.കെ.സുബ്രൻ തുടങ്ങിയവർ ജീതുവിന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. രാത്രി ഏഴുമണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടന്നു.
മോനൊടി കണ്ണോളി ജനാർദ്ദനന്റെ മൂത്തമകളാണ് ജീതു. 2012 ലാണ് ജീതുവിനെ ചെങ്ങാലൂരിലെ പയ്യപ്പിള്ളി വീട്ടിൽ ബിരാജുവിനു വിവാഹം ചെയ്തുകൊടുത്തത്. ഇവർക്കു കുട്ടികളില്ല. കുടുംബവഴക്കിനെതുടർന്ന് ഒരു മാസത്തോളമായി ജീതു ഭർത്താവിനെ പിരിഞ്ഞ് മോനൊടിയിലെ സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കെയാണ് ഭർത്താവ് ജീതുവിനെ ക്രൂരമായ രീതിയിൽ കൊലപ്പെടുത്തിയത്.
കുടുംബശ്രീ സംഘത്തിൽ വായ്പാതുക തിരിച്ചടയ്ക്കുന്നതിനു വേണ്ടിയാണ് കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ജീതു പിതാവ് ജനാർദ്ദനനോടൊപ്പം ഓട്ടോറിക്ഷയിൽ ചെങ്ങാലൂരിലേക്കു പോയത്. ജീതു വന്നതറിഞ്ഞ് സഞ്ചിയിൽ പെട്രോളുമായെത്തിയ ഭർത്താവ് ബിരാജു റോഡിൽ വച്ചാണ് ക്രൂരമായ രീതിയിൽ ജീതുവിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. തങ്കമണിയാണ് ജീതുവിന്റെ അമ്മ. സഹോദരി: ഗീതു.
എല്ലാവരും ക്രൂരത കണ്ടുനിന്നു: ജീതുവിന്റെ പിതാവ്
വെള്ളിക്കുളങ്ങര: സ്വന്തം മകളെ കണ്മുന്നിൽ വച്ച് തീകൊളുത്തി കൊലപ്പെടുത്തിയതു കണ്ടുനിൽക്കേണ്ടിവന്നതിന്റെ തീരാവേദനയിൽ തളർന്ന് അവശനായി കിടക്കുകയാണ് ജീതുവിന്റെ അച്ഛൻ ജനാർദ്ദനൻ. ദേഹത്തു പെട്രോളൊഴിച്ചപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച തന്റെ മകളെ രക്ഷിക്കാനോ തീകൊളുത്താനായി പിന്തുടർന്ന ബിരാജുവിനെ പിടിച്ചുമാറ്റാനോ ആരെങ്കിലും മുന്നോട്ടുവന്നിരുന്നെങ്കിൽ തനിക്കു മകളെ നഷ്ടപ്പെടില്ലായിരുന്നുവെന്ന് ് ജനാർദ്ദനൻ പറയുന്നു.
സംഭവം നടക്കുന്പോൾ നിരവധി പേർ ഉണ്ടായിരുന്നു. എല്ലാവരും കാഴ്ചക്കാരായി നിൽക്കുക മാത്രമാണ് ചെയ്തെന്ന് ജനാർദ്ദനൻ പറഞ്ഞു. പെട്രോളൊഴിച്ച് തീകൊളുത്താൻ തുടങ്ങിയ ബിരാജുവിനെ താൻ പിടിച്ചുനിർത്താൻ ശ്രമിച്ചപ്പോൾ കുതറിമാറിയ ശേഷമാണ് അവൻ ഈ ക്രൂര കൃത്യം ചെയ്തത്. പൊള്ളലേറ്റു വീണ മകളെ ആശുപത്രിയിലെത്തിക്കാനും ആരും മുന്നോട്ടുവന്നില്ലെന്നു ജനാർദ്ദനൻ പരാതിപ്പെട്ടു.