കടുങ്ങല്ലൂർ: വേനൽക്കാലത്ത് പക്ഷികൾക്ക് ദാഹജലം ഉറപ്പാക്കുന്ന “ജീവജലത്തിന് ഒരു മണ്‍പാത്രം’ പദ്ധതിയിൽ ഇനി ലോകരാജ്യങ്ങളും പങ്കാളിയാകുന്നു.
ഗാന്ധിജിയുടെ മഹാരാഷ്ട്ര വാർദ്ധയിലെ സേവാഗ്രാം ആശ്രമത്തിലെത്തുന്ന വിദേശ രാജ്യ പ്രതിനിധികൾക്കും സന്ദർശകർക്കും ഇനി മുതൽ കുടിവെള്ളം സംഭരിച്ചു വയ്ക്കാനുള്ള മണ്‍പാത്രങ്ങൾ കൈമാറും.
വേനൽച്ചൂടിൽ ജലസ്രോതസുകൾ മിക്കതും വറ്റുന്നതോടെ കുടിവെള്ളത്തിനായി തലങ്ങും വിലങ്ങും പറന്ന് പക്ഷികൾ തളർന്ന് വീണു മരിക്കുന്നു.
ഇതിനു പരിഹാരമെന്നോണം വർഷങ്ങളായി പക്ഷികൾക്ക് കുടിവെള്ളം സംഭരിച്ചു വയ്ക്കാനുള്ള മണ്‍പാത്രങ്ങൾ സൗജന്യമായി ശ്രീമൻ നാരായണൻ “എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ’ മിഷൻ വഴി വിവിധ ജില്ലകളിൽ വിതരണം ചെയ്തുവരുന്ന പദ്ധതിയാണിത്.
ഈ മാർച്ചു മുതൽ അടുത്ത മാർച്ചു വരെ ഒരു വർഷത്തേക്കാണ് സേവാഗ്രാമിൽ നിന്നു പാത്രങ്ങൾ വിതരണം ചെയ്യുന്നത്.കഴിഞ്ഞ വർഷം സ്കൗട്സ് ആൻഡ് ഗൈഡ്സിലെ ഒരു ലക്ഷം വിദ്യാർത്ഥികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതി കേരളം മുഴുവൻ വ്യാപിപ്പിച്ചു.
ലക്ഷക്കണക്കിന് പക്ഷികൾക്കാണ് ഈ പദ്ധതിയിലൂടെ ഓരോ വർഷവും ദാഹജലം നൽകുന്നത്.മൂന്നു വർഷം മുന്‍പ് ശ്രീമൻ നാരായണനെ “ദി വേൾഡ് കംപാഷൻ അവാർഡ്’ എന്ന ലോകോത്തര ബഹുമതി നല്കി തായ്വാനിലെ ദി സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷണൽ അസോസിയേഷൻ ആദരിച്ചിരുന്നു.
അന്നു ലഭിച്ച അവാർഡു തുകയായ ഏഴുലക്ഷത്തി ഇരുപതിനായിരം രൂപയാണ് സേവാഗ്രാം വഴിയുള്ള പാത്രവിതരണത്തിനായി ഉപയോഗിക്കുന്നതെന്ന് ശ്രീമൻ നാരായണൻ പറഞ്ഞു.