തൃശൂർ: അശ്ലീല സൈറ്റുകൾ സന്ദർശിച്ച് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗണ്‍ലോഡ് ചെയ്തു കാണുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരേ നടപടിയെടുത്തു പോലീസ്.
സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ പി. ഹണ്ട് റെയ്ഡിന്റെ ഭാഗമായി ജില്ലയിൽ ഒരാളെ അറസ്റ്റു ചെയ്യുകയും ഒന്‍പതു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
തൃശൂർ റൂറൽ ജില്ലയിൽ 14 ഇടങ്ങളിലാണു രാവിലെ ഏഴിനു റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. മുരിങ്ങൂർ തെക്കുംമുറി ചാമക്കാല പുതുശേരി വീട്ടിൽ ജീവൻ ഡേവിസാണ് അറസ്റ്റിലായത്.
ഇയാൾ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ മൊബൈൽ ടെലിഗ്രാം അക്കൗണ്ടിലൂടെ ഡൗണ്‍ലോഡ് ചെയ്തു കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
പ്രതിക്കെതിരെ ഐടി ആക്ട് പ്രകാരവും പോസ്കോ നിയമപ്രകാരവും കേസെടുത്തു.കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗണ്‍ലോഡ് ചെയ്തു കാണു ന്നുണ്ടെന്നു സംശയിക്കുന്ന എട്ടു പേരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനു തുടർന്നും കർശന നടപടികൾ തുടരുന്നതാണെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു.