കെ. ഷിന്റുലാൽ
കഴിഞ്ഞ ജൂലൈയിലാണ് മരണങ്ങളിലെല്ലാം സംശയമുണ്ടെന്ന വ്യക്തമാക്കികൊണ്ട് റോജോ തോമസ് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. എസ്പി താമരശേരി ഡിവൈഎസ്പിയോട് ഇക്കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണത്തില്‍ സ്വത്ത് തര്‍ക്കമാണെന്ന സൂചനയായിരുന്നു പോലീസിന് ലഭിച്ചത്.
ഇതോടെ അന്വേഷണവും നിലച്ചു. പിന്നീടാണ് കെ.ജി.സൈമണ്‍ എസ്പിയായി എത്തുന്നത്. പരാതിയെ കുറിച്ച് അറിഞ്ഞ അദ്ദേഹം സ്പെഷല്‍ബ്രാഞ്ച് എസ്ഐ ജീവന്ജോര്ജിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. ഇതോടെ ജീവന് ജോര്‍ജ് അന്വേഷണം ആരംഭിച്ചു.
കൂടത്തായിക്കടുത്ത തിരുവമ്പാടി സ്വദേശിയായ ജീവന് ജോര്‍ജ് മലയോര മേഖലയിലെ സൗഹൃദം ഉപയോഗിച്ചാണ് അന്വേഷണം ആരംഭിച്ചത്. ടോം തോമസിന്റെ നാടായ കൂടത്തായ്, അനുജന് സക്കറിയ മാസ്റ്ററുടെ നാടായ കോടഞ്ചേരി പുലിക്കയം , ടോമിന്റെ ബന്ധുവീടുകള്‍ എന്നിവിടങ്ങളില്‍ രണ്ടുമാസത്തോളം ജീവന് ജോര്‍ജ് കറങ്ങിനടന്നു. ചെറുതും വലുതുമായ പരമാവധി വിവരങ്ങള്‍ ശേഖരിച്ചു.
കടകളിലെയും പൊതു ഇടങ്ങളിലെയും വാമൊഴിയില്‍ നിന്നെല്ലാം മരണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ജീവന് ശേഖരിച്ചു. സക്കറിയ മാസ്റ്ററുടെ മകനും അധ്യാപകനുമായ ഷാജുവിനെ ജോളി പുനഃര്‍വിവാഹം ചെയ്തതിലും, സ്വത്തിന് അര്ഹതയില്ലാതിരിക്കെ ടോം തോമസിന്റെ പേരിലുള്ള കോടികള്‍ വിലവരുന്ന വീടും പറമ്പും വ്യാജ ഒസ്യത്ത് തയാറാക്കി ജോളി തന്റെ പേരിലേക്ക് മാറ്റിയതുമാണ് ജോളിക്കെതിരേ സംശയമുന നീളാന്‍ കാരണം.
കോഴിക്കോട്ടെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എന്‍ഐടി) പ്രഫസറാണെന്നാണ് ജോളി അയല്‍വാസികളെ ധരിപ്പിച്ചിരുന്നത്. ദിവസവും രാവിലെ വീട്ടില്‍നിന്ന് പോയി വൈകിട്ട് തിരിച്ചെത്തിയതിനാല്‍ എല്ലാവരും ഇത് വിശ്വസിച്ചു. എന്നാല്‍ അന്വേഷണത്തില്‍ ഇത് കളവാണെന്ന് കണ്ടെത്തി. ആറു മരണവും നടന്നത് ഭക്ഷണം കഴിച്ചയുടനെ ആയിരുന്നെന്നതും, മരണസമയങ്ങളില്‍ ജോളി അടുത്തുണ്ടായിരുന്നു എന്നതും സംശയം വര്‍ധിപ്പിക്കാന്‍ കാരണമായി.
ഭര്‍ത്താവ് റോയ് തോമസിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ജോളി രഹസ്യമാക്കിവച്ചതും അന്വേഷണത്തില്‍ കണ്ടെത്തി. റോയ് വൈകിട്ട് വിട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് ബാത്ത്റൂമില്‍ പോയപ്പോള്‍ കുഴഞ്ഞുവീണു എന്നായിരുന്നു ജോളി ആദ്യംമുതലേ പറഞ്ഞിരുന്നത്.
എന്നാല്‍ മരിക്കുന്നതിനു പതിനഞ്ചുമിനിട്ടുമുന്പ് റോയ് ചോറും കടലക്കറിയും കഴിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മരിച്ച മറ്റ് അഞ്ചുപേരും മരിക്കുന്നതിനു തൊട്ടുമുന്‍പ് ഭക്ഷണം കഴിച്ചിരുന്നതായും ഛര്‍ദിച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞു. പിന്നെ, സയനൈഡ് നല്കിയ ആളെ കണ്ടെത്താനുള്ള നെട്ടോട്ടമായി.
റോയിയുടെ മാതൃസഹോദരപുത്രനായ മാത്യു ജ്വല്ലറി ജീവനക്കാരനാണെന്ന് അറിഞ്ഞതോടെ എല്ലാം എളുപ്പമായി. ജോളിയും മാത്യുവുമായി അടുത്ത ബന്ധമുള്ളതായും മാത്യു ഇടയ്ക്കിടെ ജോളിയെ കാണാന്‍ വീട്ടില്‍ എത്താറുണ്ടെന്നും ജീവന് തിരിച്ചറിഞ്ഞു.
ടോം തോമസിന്റെയും ഭാര്യയുടെയും പെന്‍ഷന്‍തുക കാണാതായതും, ഇരുവരുടെയും മരണശേഷം ജോളി വാഹനങ്ങള്‍ വാങ്ങിയതായും അന്വേഷണത്തില്‍ അറിവായി. തുടര്‍ന്ന് ഓരോ തെളിവുകളും വിളക്കിച്ചേര്‍ത്ത് ജീവന് ജോര്‍ജ് റുറല്‍ എസ്പിക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്കി. റിപ്പോര്‍ട്ട് പിന്നീട് കണ്ണൂര്‍ റേഞ്ച് ഐജി മുമ്പാകെ എത്തുകയും പുനരന്വേഷണം ആരംഭിക്കുകയുമായിരുന്നു.