കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി കേസുകള്‍ കണ്ടെത്തിയ ഡിറ്റക്ടീവ് ഇൻസ്പെക്ടർക്ക് ആഭ്യന്തരവകുപ്പിന്റെ അവഗണന.
വടകര റൂറല്‍ പോലീസിന് കീഴിലുള്ള സ്പെഷല്‍ ബ്രാഞ്ചിലെ ഡിറ്റക്ടീവ് സബ്ഇന്സ്പക്ടറായ ജീവന് ജോർജിനാണ് യോഗ്യതയുണ്ടായിട്ടും 16 വര്‍ഷമായി സ്ഥാനകയറ്റം നല്‍കാതെ ആഭ്യന്തരവകുപ്പ് തഴയുന്നത്.
2004 ലാണ് ജീവന് ജോര്‍ജ് എസ്ഐയായി ചുമതലയേല്‍ക്കുന്നത്. എന്നാല്‍ ക്രമസമാധാന പാലനത്തിനിടെ നേരിടേണ്ടി വന്ന പരാതികളെ തുടര്‍ന്ന് ഏതാനും വകുപ്പുതല കേസുകള്‍ ജീവന് ജോർജിനെതിരേയുണ്ടായിരുന്നു.
ഇക്കാരണത്താലായിരുന്നു സ്ഥാനകയറ്റം നല്‍കാതിരുന്നത്. എന്നാല്‍ വകുപ്പുതല നടപടികളുള്‍പ്പെടെ എല്ലാ വിധ പരാതികളും 2018 -ല്‍ തീര്‍പ്പായി രണ്ടു വര്‍ഷം പൂര്‍ത്തിയായിട്ടും എസ്ഐ തസ്തികയില്‍ നിന്ന് സ്ഥാനക്കയറ്റം നല്‍കിയിട്ടില്ല.
അതേസമയം ജീവന് ജോർജിന്റെ ബാച്ചിലെ മറ്റ് എസ്ഐമാരും ജൂണിയർ ബാച്ചിലുള്ളവരുമടക്കം ഇപ്പോള്‍ സ്ഥാനക്കയറ്റം ലഭിച്ച് ഇന്‍സ്പക്ടര്‍ (സിഐ) പോസ്റ്റിലാണുള്ളത്.
നിര്‍ണായകമായ പല കേസുകളും അന്വേഷിച്ച് പ്രതിയെ കണ്ടെത്തുന്നതില്‍ ജീവൻ ജോര്‍ജ് വഹിച്ച പങ്ക് വലുതാണെന്ന് മേലാധികാരികളും സമ്മതിക്കുന്നുണ്ട്.
അടുത്തിടെ സംസ്ഥാനത്തിനുള്ളിലും പുറത്തുമായി ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായ് കൊലപാതക പരമ്പരുടെ ചുരുളഴിച്ചതും ജീവൻ ജോര്‍ജിന്റെ മികവുറ്റ അന്വേഷണത്തിലൂടെയായിരുന്നു.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കൂടത്തായ് പൊന്നാമറ്റത്തില്‍ ടോം തോമസിന്റേതടക്കം കുടുംബത്തിലെ ആറുപേരുടെ ദുരൂഹമരണത്തില്‍ സംശയമുയര്‍ത്തി ടോമിന്റെ ഇളയ മകന് അമേരിക്കയിലുള്ള റോജോ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.
എസ്പി കെ.ജി. സൈമണ്‍ വിശദമായ അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ജീവന് ജോര്‍ജിനെ ഏല്‍പ്പിച്ചു. കൂടത്തായിക്കടുത്ത തിരുവന്പാടി സ്വദേശിയായ ജീവന് ജോര്‍ജ് മലയോര മേഖലയിലെ സൗഹൃദം ഉപയോഗിച്ച് നടത്തിയ പഴുതടച്ച അന്വേഷണമാണ് കൊലപാതക സൂചനയിലേക്ക് നയിച്ചത്.
ടോം തോമസിന്റെ നാടായ കൂടത്തായ്, അനുജന് സക്കറിയ മാസ്റ്ററുടെ നാടായ കോടഞ്ചേരി പുലിക്കയം , ടോമിന്റെ ബന്ധുവീടുകള്‍ എന്നിവിടങ്ങളില്‍ രണ്ടുമാസത്തോളം കറങ്ങിനടന്ന് ജീവന് ജോര്‍ജ് പരമാവധി വിവരങ്ങള്‍ ശേഖരിച്ചു. വേഷം മാറി ജോളിയുടെ ജന്മനാടായ ഇടുക്കി കട്ടപ്പനയിലും അന്വേഷണം നടത്തി പരമാവധി തെളിവുകൾ ശേഖരിച്ചു.
ഓരോ തെളിവുകളും വിളക്കിചേര്‍ത്ത് റൂറല്‍ എസ്പിക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്കി. ഡിവൈഎസ്പി ആര്. ഹരിദാസിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ചിന്റെ പതിനഞ്ചംഗ സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ച് വിശദമായ അന്വേഷണത്തിന് എസ്പി ഉത്തരവിട്ടു. ജീവന് സഞ്ചരിച്ച വഴിയേ സ്പെഷല്‍ സ്ക്വാഡ് യാത്രതുടര്ന്നാണ് കൂടത്തായ് കേസുകള്‍ കോടതിയിലെത്തിച്ചത്.