ആത്മഹത്യക്കൊരുങ്ങിയ 20കാരിയെ ജീവന്‍ പണയംവച്ച് രക്ഷപ്പെടുത്തി കൊച്ചിക്കാരന്‍ പയ്യന് കൈയടിച്ച് ജനങ്ങള്‍, ജീവന്‍ ഒരു കുട്ടിയുടെ ജീവിതം രക്ഷിച്ചത് ഇങ്ങനെ

തോപ്പുംപടി ഹാര്‍ബര്‍പാലത്തില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് സ്വന്തം ജീവന്‍ പണയംവച്ച് യുവാവ് രക്ഷനായി. അര്‍ധരാത്രിക്കുശേഷം കായലില്‍ ചാടിയ പള്ളുരുത്തി സ്വദേശിനിയെയാണ് കുമ്പളങ്ങി കല്ലഞ്ചേരി ആന്റണിയുടെ മകന്‍ ജീവന്‍ (19) സാഹസികമായി രക്ഷിച്ചത്. വേലിയേറ്റവും കനത്ത ഇരുട്ടും വകവയ്ക്കാതെയായിരുന്നു ജീവന്റെ ഇടപെടല്‍. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30നാണ് സംഭവം.

തോപ്പുംപടി ചിക്കിങ്ങിലെ വിതരണക്കാരനായ ജീവന്‍ സഹപ്രവര്‍ത്തകനോടൊപ്പം ഇരുചക്രവാഹനത്തില്‍ പെട്രോള്‍ അടിക്കുന്നതിന് തേവരയിലേക്ക് പോകുമ്പോഴാണ് ഹാര്‍ബര്‍പാലത്തില്‍ ആള്‍ക്കൂട്ടം കണ്ടത്. ആരോ കായലില്‍ ചാടിയെന്ന് നാട്ടുകാരില്‍നിന്നറിഞ്ഞ ജീവന്‍ സമയംകളയാതെ പാലത്തിന്റെ താഴെ മണല്‍തിട്ടയിലേക്ക് ഇറങ്ങി. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് വസ്ത്രങ്ങള്‍ ഊരിനല്‍കി കൂരിരുട്ടില്‍ ലക്ഷ്യസ്ഥാനം നോക്കി നീന്തി. തെക്കോട്ട് വേലിയേറ്റം ഉള്ളതിനാല്‍ 150 മീറ്റര്‍ നീന്തിയാണ് യുവതിയുടെ അടുത്തെത്തിയത്.

എന്നാല്‍ യുവതി രക്ഷപ്പെടേണ്ട എന്ന അര്‍ഥത്തില്‍ ജീവനെ തള്ളുകയും ചവിട്ടുകയും ചെയ്തതോടെ ഇരുജീവനും അപകടത്തിലായി.
ആത്മധൈര്യം വിടാതെ ബലംപ്രയോഗിച്ച് യുവതിയെ മുതുകില്‍ പിടിച്ചുവച്ച് കായലിലൂടെ ബിഒടി പാലവും കഴിഞ്ഞ് കുണ്ടന്നൂര്‍ റോഡിലെ കായല്‍തീരത്ത് എത്തിച്ചു. തോപ്പുംപടി സ്റ്റേഷനിലെ എഎസ്ഐമാരായ കെ എം രാജീവ്, ശ്രീജിത്, സിപിഒ കെ ജെ പോള്‍ എന്നിവരെത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റി. പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് രാത്രി വീട്ടില്‍നിന്നിറങ്ങിയ യുവതി സൈക്കിള്‍ ചവിട്ടിയാണ് ഹാര്‍ബര്‍പാലത്തില്‍ എത്തി കായലിലേക്ക് ചാടിയത്.

Related posts