കരുനാഗപ്പള്ളി: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റേയും ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പച്ചക്കറി വികസന പദ്ധതിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്ക്കാര വിതരണവും സമ്പൂർണ സുരക്ഷിത പച്ചക്കറി ഉൽപ്പാദന നിയോജക മണ്ഡല പ്രഖ്യാപനവും മന്ത്രി വി എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്നതാണ് ജീവനി പദ്ധതിയുടെ ലക്ഷ്യം. ഇനി മുതൽ സംസ്ഥാനത്തെ മുഴുവൻ ജനപ്രതിനിധികളുടെയും വീട്ടിൽ കൃഷി ആരംഭിക്കും. മുന്നോടിയായി മുഴുവൻ പഞ്ചായത്ത് അംഗങ്ങളുടെയും വീട്ടിൽ കൃഷി ആരംഭിക്കാനാണ് കൃഷി വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷമുള്ള പച്ചക്കറികളിലൂടെ നമുക്ക് ഉണ്ടാകുന്ന മാരകമായ രോഗങ്ങൾ ഇല്ലാതാക്കുന്നതിന് നമ്മൾ തന്നെ മുൻ കൈ എടുത്തു മുഴുവൻ വീടുകളിലും കൃഷി ആരംഭിക്കണം. എല്ലാ മേഖലയിലും കൃഷി ഉണ്ടാകണം.
ഇന്ത്യക്ക് മാതൃക ആകാൻ കഴിയുന്ന നിലയിലുള്ള മാറ്റങ്ങൾ സംസ്ഥാനത്ത് കൊണ്ട് വരാൻ സർക്കാരിനും വകുപ്പിനും കഴിഞ്ഞിട്ടുണ്ട്. കൃഷിക്കാരൻ ചെയ്യുന്ന ജോലിക്ക് പലപ്പോഴും അതിന്റേതായ അംഗീകാരം ലഭിക്കാറില്ല. കൃഷിക്കാരെ സംരക്ഷിക്കേണ്ടതും അംഗീകരിക്കേണ്ടതും നമ്മുടെ ബാധ്യസ്ഥതയാണ്. കാർഷിക മേഖലയിലൂടെ സ്വയംപര്യാപ്തത കൈവരിക്കാൻ നമുക്ക് കഴിയണം. എവിടെയും കൃഷി ചെയ്യാനുള്ള സ്ഥലങ്ങൾ ഉണ്ട്. അത് ഉപയോഗപ്പെടുത്താൻ നമ്മൾ ശ്രമിക്കണം. ജീവനി പദ്ധതി കൂടുതൽ വിപുലപ്പെടുത്തണം.
നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന പദ്ധതി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വന്ദനാ ഓഡിറ്റോറിയത്തിൽ നടന്ന പൊതു സമ്മേളനത്തിൽ ആർ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വി തേജസിഭായി. സോണിയ വി ആർ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ മജീദ്, നഗരസഭാ ചെയർ പേഴ്സൺ സീനത്ത് ബഷീർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി സലീന, ശ്രീലേഖാ കൃഷ്ണകുമാർ, എസ് ശ്രീലത, എസ് എം ഇഖ്ബാൽ, ആർ രാജേഷ് കുമാർ, കടവിക്കാട്ട് മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനിൽ എസ് കല്ലേലിഭാഗം, ശ്രീലേഖാ വേണുഗോപാൽ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീവദേവി മോഹൻ, നഗരസഭാ വൈ:ചെയർമാൻ രവീന്ദ്രൻ പിളള, ജെ ജയകൃഷ്ണപിള്ള, കാട്ടൂർ ബഷീർ, പ്രഫ. കരുണാകരൻ പിള്ള, വി അനിതാ മണി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ, ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു. രാവിലെ മുതൽ കാർഷിക പ്രദർശനവും, തുടർന്ന് കൃഷിയും ബാങ്കിങ് മേഖലയും എന്ന വിഷയത്തിൽ കാർഷിക സെമിനാറും നടന്നു.