ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ജീവൻലാൽ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തനിക്ക് പാർട്ടിയിൽനിന്നും പോലീസിൽനിന്നും നീതി ലഭിച്ചില്ലെന്ന പരാതിയുമായി പെണ്‍കുട്ടി രംഗത്ത്.
സംഭവം നടന്ന് ഇത്രകാലം കഴിഞ്ഞിട്ടും ഒരു നടപടിയും ആരോപണ വിധേയനെതിരേ ഉണ്ടായില്ല. ജീവൻലാൽ കോടതിക്ക് മുൻപാകെ മുൻകൂർ ജാമ്യാപേക്ഷയുമായി പോയെങ്കിലും ഹർജി തള്ളി. എന്നിട്ടും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യാൻ തയാറായില്ലെന്നും പെൺകുട്ടി പറയുന്നു.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജിനോട് പരാതി പറഞ്ഞപ്പോൾ ജില്ലാ സെക്രട്ടറി ഇതിനെകുറിച്ച് അന്വേഷിക്കുമെന്നാണ് മറുപടി നല്കിയത്. ഇതുവരെ ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി തന്നോട് സംസാരിച്ചിട്ടില്ല. ഭരണത്തിലുള്ള തന്‍റെ പാർട്ടിയിലെ ഉന്നതരുടെ സമ്മർദ്ദമാണ് ഇതിന് കാരണമെന്നും പെൺകുട്ടി ആരോപിച്ചു.
പരാതി നല്കിയിട്ടും പാർട്ടി യോഗങ്ങളിൽ താൻ പങ്കെടുത്തിരുന്നു. എന്നാൽ ഇനിയിത് തുടരണോയെന്ന് ആലോചിക്കുമെന്നും പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
എംഎൽഎ ഹോസ്റ്റലിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ജീവൻലാൽ ശ്രമിച്ചുവെന്ന പരാതിയായിരുന്നു പെൺകുട്ടി ഉന്നയിച്ചിരുന്നത്. ഇത് വിവാദമായതോടെ പാർട്ടി ജീവൻലാലിനെതിരേ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിന്മേൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ നാളിതുവരെ ഒരു തുടർ നടപടിയും ഉണ്ടായില്ല.