കൊച്ചി: വനിതാ നേതാവിനെ എംഎൽഎ ഹോസ്റ്റലിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറി ജീവൻ ലാലിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.പരാതി ദുരുദ്ദേശപരമാണെന്നും സംഭവം നടന്നെന്നു പറയുന്ന തിയതി കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞാണ് യുവതി പരാതി നൽകിയതെന്നും ഹർജിക്കാരൻ വാദിച്ചു.
യുവതിയുടെ കൈയിൽ പ്രതി കടന്നുപിടിച്ചെന്നായിരുന്നു ആദ്യ പരാതിയെന്നും പരാതിക്കാരിയും പ്രതിയും സ്വാധീനമുള്ളവരാണെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന ഹർജിക്കാരന്റെ വാദം അംഗീകരിച്ചാണു ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചത്.
ബന്ധുവും ഡിവൈഎഫ്ഐ നേതാവുമായ വനിതയോടു മോശമായി പെരുമാറിയെന്ന കേസിൽ ജീവൻ ലാലിനെതിരേ പോലീസ് കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 13-ന് ഇരിങ്ങാലക്കുട എംഎൽഎയുടെ തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മെഡിക്കൽ പ്രവേശനത്തിനു സഹായിക്കാമെന്നു പറഞ്ഞ് യുവതിയുടെ കൂടെപോയ ജീവൻലാൽ സ്ത്രീത്വത്തെ അപമാനിക്കും വിധംപെരുമാറിയെന്നാണു വനിതാ പ്രവർത്തകയുടെ പരാതി.
സംഭവം പാർട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും ജീവൻലാലിനെതിരെ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണു പരാതിക്കാരി പോലീസിനെ സമീപിച്ചത്. പോലീസ് കേസെടുത്തതിനു പിന്നാലെ ജീവൻലാലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തു.