നെയ്യാറ്റിന്‍കര : കൊടങ്ങാവിളയില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച അജ്ഞാതജീവി കഴിഞ്ഞ ദിവസങ്ങളിലൊന്നും പുറത്തിറങ്ങാത്തതിനു കാരണം പ്രതികൂല കാലാവസ്ഥയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മൃഗത്തെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊടങ്ങാവിളയ്ക്കു സമീപം പറന്പുവിളയില് കൂട് സ്ഥാപിച്ചത്. ഇന്നലെ വരെയും മൃഗം ആ പരിസരത്തുപോലും വന്നിട്ടില്ല. കൂട്ടിലെ കുരുക്കഴിഞ്ഞ് ഇരകള്‍ രക്ഷപ്പെട്ടതല്ലാതെ അജ്ഞാതജീവിയെ കിട്ടിയില്ല. ഒന്‍പതേക്കറോളം വരുന്ന പുരയിടത്തിലെ കാടും പടര്‍പ്പും മൃഗത്തെ സംബന്ധിച്ചിടത്തോളം നല്ലൊരു ഒളിത്താവളമാണ്.
അതേസമയം, കൂട് സ്ഥാപിച്ചതിനു ശേഷം ഇതുവരെയും അജ്ഞാതജീവി അവിടുത്തെ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയോ പുറത്തൊരിടത്തും വരികയോ ചെയ്യാത്ത സാഹചര്യത്തില്‍ മൃഗം പുതിയ സങ്കേതത്തിലേയ്ക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലായെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. അജ്ഞാതജീവിയുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് ഇപ്പോഴും നാട്ടില്‍ പഞ്ഞമില്ല.
തെരുവു നായ്ക്കളെ ആ പരിസരത്തൊരിടത്തും കാണാനില്ലെന്നും അവയൊക്കെ അജ്ഞാതജീവി പിടിച്ചിട്ടുണ്ടാവുമെന്നും ആ പുരയിടത്തില്‍ തുടര്‍ച്ചയായി ആളനക്കമുണ്ടായപ്പോള്‍ തത്കാലം പുറത്തിറങ്ങാതെ ഇരിക്കുകയാണെന്നുമൊക്കെ നാട്ടില്‍ പറയപ്പെടുന്നു.