ഇങ്ങനെയൊക്കെ ചോദിക്കാമോ? ഭാര്യയുടെയും അമ്മയുടെയും മുന്നിലിരുത്തി യുവാവിന്റെ രഹസ്യബന്ധം ചിക്കിചികഞ്ഞു; ഉര്‍വശിയുടെ ‘ജീവിതം സാക്ഷി’യ്ക്കു പൂട്ടുവീണേക്കുമെന്ന് സൂചന

urvasi newനടി ഉര്‍വശി അവതാരകയായെത്തിയ ജീവിതം സാക്ഷിയെന്ന റിയാലിറ്റി ഷോയ്ക്ക് പിടിവീണേക്കും. കൈരളി ടിവിയിലാണ് ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ വിരമിച്ച ജഡ്ജിമാരുടെ സാന്നിധ്യത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതായിരുന്നു പരിപാടിയുടെ രീതി. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയായിരുന്നു പരിപാടിക്ക് നിയമസഹായം നല്കിയിരുന്നത്. എന്നാല്‍, ഒരു കുടുംബത്തിലെയും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലെന്ന് മാത്രമല്ല, കൂടുതല്‍ വഷളാകുകയും ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ പ്രേക്ഷകരെ പിടിച്ചിരുത്തുംപോലെയായിരുന്നു സംപ്രേക്ഷം ചെയ്തിരുന്നത്.

ഉര്‍വശിയുടെ അവതരണത്തില്‍ മുന്നേറിയിരുന്ന പരിപാടി റേറ്റിംഗിലും മുന്നിലായിരുന്നു. പരപുരുഷബന്ധവും ലൈംഗികപ്രശ്‌നങ്ങളെയും ഒരു മറയുമില്ലാതെ അവതരിപ്പിച്ചിരുന്ന പരിപാടിക്കെതിരേ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ പരിപാടിയില്‍ വിളിച്ചുവരുത്തി അപമാനിതനായ യുവാവാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. പരിപാടിക്കിടെ യുവാവിന് തൊട്ടടുത്ത വീട്ടിലെ സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്നും മറ്റും വെളിപ്പെടുത്തല്‍ ഉണ്ടായി. ഇതോടെ യുവാവിന് നാട്ടില്‍ നില്‍ക്കത്തില്ലാത്ത അവസ്ഥയും ഉണ്ടായി. വീട്ടിലും നാട്ടിലും മോശക്കാരനായി മാറിയതോടെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു തൊട്ടുപിന്നാലെ ചില മനുഷ്യാവകാശപ്രവര്‍ത്തകരും പരാതിയുമായെത്തി. റോയല്‍ കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് ഷെഫിന്‍ നല്കിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി. ഇൗ പരാതികളിലാണ് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയത്. ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്നു കമ്മീഷന്‍ നിര്‍ദേശിച്ചു. അടുത്ത മാസം ഒന്‍പതിനു കേസ് പരിഗണിക്കും.
ന്യായാധിപന്‍മാരുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ ഉര്‍വശി പുരുഷന്‍മാരോടു മോശമായി പെരുമാറിയെന്നാണു മനുഷ്യാകവാശ പ്രവര്‍ത്തകരുടെ പരാതി. കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നാണ് ഇക്കാര്യത്തില്‍ വിശദീകരണം തേടിയത്. കൈരളി ചാനല്‍ എംഡിയോടും വിശദീകരണം ആവശ്യപ്പെട്ടു. ഉര്‍വശി മദ്യപിച്ചായിരുന്നു പരിപാടിയില്‍ പങ്കെടുത്തതെന്നും പരാതിയില്‍ പറയുന്നു. നടിയുടെ പെരുമാറ്റം രാജ്യത്തെ കോടതികളെ കളിയാക്കുന്നതിന് തുല്യമാണ്. മദ്യപിച്ച് ലക്കുകെട്ട് അസഭ്യം വിളമ്പുന്ന ഉര്‍വശിക്ക് മറ്റുളളവരുടെ പ്രശ്‌നങ്ങളില്‍ എങ്ങനെ ഇടപെടുവാന്‍ സാധിക്കുമെന്നാണ് പരാതി ഉന്നയിച്ച വ്യക്തിയുടെ ചോദ്യം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ക്ഷണിച്ച് വരുത്തി കളിയാക്കുന്ന തരത്തില്‍ ഉര്‍വശി സംസാരിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. പരിപാടിയില്‍ അവതാരകയായി എത്തുന്ന ഉര്‍വശി ദാമ്പത്യപ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനിടയില്‍ ക്ഷോഭിക്കുകയും സംസ്കാരരഹിതമായി സംസാരിക്കുകയും ചെയ്തതായും സ്വകാര്യ പരാതിയില്‍ പറയുന്നു.

Related posts