കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ (27) ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് മറ്റ് ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തില്‍ പോലീസ്.
അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധമുള്ള രണ്ട് പേര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവര്‍ മലയാളികളാണെന്നാണ് വിവരം. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയണ്.
അതേസമയം കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം വൈകാതെ അന്വേഷണസംഘം ഇവരുമായി ഗോവയിലേക്ക് തിരിക്കും. കൊല്ലപ്പെട്ട ജെഫ് ജോണ്‍ ലൂയീസിന്റെ ഇതരസംസ്ഥാന ബന്ധങ്ങളെക്കുറിച്ചും പോലീസ് പരിശോധിച്ച് വരികയാണ്.
അറസ്റ്റിലായ അനിലും ജെഫും ഒരേ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നതെന്ന സംശയത്തിന്റെ പശ്ചാത്തലത്തില്‍ ഇതിന്റെ വിവരങ്ങളും പോലീസ് തേടുന്നുണ്ട്. 2021 നവംബര്‍, ഡിസംബര്‍ കാലയളവില്‍ ഗോവയില്‍ നടന്ന അസ്വാഭാവികമരണങ്ങളെക്കുറിച്ചു ഗോവന്‍ പോലീസിന്റെ സഹകരണത്തോടെ പോലീസ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.
ലഹരിക്കേസില്‍ പിടിയിലായ ഒരു പ്രതിയുടെ വെളിപ്പെടുത്തലാണ് ജെഫിന്റെ തിരോധനക്കേസിലെ ചുരുളഴിഞ്ഞത്. ജെഫിന്റെ മൊബൈല്‍ ഫോണ്‍ രേഖകളും യാത്രാവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വെള്ളൂര്‍ കല്ലുവേലില്‍ വീട്ടില്‍ അനില്‍ ചക്കോ (28), ഇയാളുടെ പിതൃസഹോദരന്റെ മകന് സ്റ്റൈഫിന്‍ തോമസ് (24), വയനാട് വൈത്തിരി പാരാലിക്കുന്ന് വീട്ടില്‍ ടി.വി. വിഷ്ണു (25) എന്നിവര്‍ അറസ്റ്റിലായത്.
2021 നവംബറില്‍ ഗോവയില്‍ പുതിയ ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞ് ജെഫിനെ പ്രതികള്‍ ഗോവയിലെത്തിച്ച് ആളൊഴിഞ്ഞ കുന്നിന് ചെരുവില്‍ വച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ചും കത്തി കൊണ്ട് കഴുത്തില്‍ കുത്തിയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച ശേഷം പ്രതികള്‍ മൊബൈലും സിമ്മും മാറ്റി കഴിയുകയായിരുന്നു.