കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ്.
ഇന്നലെ കസ്റ്റഡിയില്‍ ലഭിച്ച പ്രതി സുല്‍ത്താന്‍ബത്തേരി താഴമുണ്ട മണിക്കുന്ന് മുത്തപ്പനെ (രാജമുത്തു-27) ചോദ്യം ചെയ്തതില്‍ നിന്നാണ് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നല്‍കാനാകില്ലെന്ന് അന്വേഷണോദ്യോഗസ്ഥന് പറഞ്ഞു.
കേസില്‍ തമിഴ്നാട് സ്വദേശിയായ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ കേരളം വിട്ടിട്ടില്ലെന്ന് അന്വേഷണ സംഘം കരുതുന്നു.
തമിഴ്നാട്ടില്‍ ഇയാള്‍ എത്താന്‍ ഇടയുള്ള സ്ഥലങ്ങളിലൊക്കെ പോലീസ് അന്വേഷിച്ചെങ്കിലും അവിടെയെങ്ങും ഇയാള്‍ എത്തിയിരുന്നില്ല. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ലഹരിക്കേസില്‍ പിടിയിലായ ഒരു പ്രതിയുടെ വെളിപ്പെടുത്തലാണ് ജെഫിന്റെ തിരോധനവുമായി ബന്ധപ്പെട്ട് സംഭവത്തിന്റെ ചുരുളഴിച്ചത്. ജെഫിന്റെ മൊബൈല്‍ ഫോണ്‍ രേഖകളും യാത്രാവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വെള്ളൂര്‍ സ്വദേശി അനില്‍ ചക്കോ (28), ഇയാളുടെ പിതൃസഹോദരന്റെ മകന് സ്റ്റൈഫിന്‍ തോമസ് (24), വയനാട് വൈത്തിരി സ്വദേശി ടി.വി. വിഷ്ണു (25), തമിഴ്നാട് സ്വദേശി രാജമുത്തു എന്നിവര്‍ അറസ്റ്റിലായത്.
2021 നവംബറില്‍ ഗോവയില്‍ പുതിയ ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞ് ജെഫിനെ പ്രതികള്‍ ഗോവയിലെത്തിച്ച് ആളൊഴിഞ്ഞ കുന്നിന് ചെരുവില്വച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ചും കത്തി കൊണ്ട് കഴുത്തില്‍ കുത്തിയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.