സ്വന്തം ലേഖിക
കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയതിന് പിന്നിൽ ഒന്നാം പ്രതി അനില്‍ ചാക്കോയെ ജെഫ് ലഹരിക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന്റെ പകയെന്നു സംശയം.
ഇരുവരും ലഹരി ഉപയോഗിക്കുന്നവരും ലഹരി ഇടപാട് നടത്തിയിരുന്നവരുമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുമ്പൊരിക്കല്‍ അത്തരത്തിലൊരു ലഹരി ഇടപാടില്‍ കൊല്ലപ്പെട്ട ജെഫ് അനിലിനെ കുടുക്കാന്‍ ശ്രമിച്ചതായാണ് വിവരം.
ഇതിന്റെ പേരില്‍ അനിലിന് ജെഫിനോട് പകയുണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആ സംഭവത്തെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
അതോടൊപ്പം അനിലില്‍നിന്ന് ജെഫ് പണം കൈപ്പറ്റിയിരുന്നുവെന്നാണ് പ്രതി പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇത് തിരിച്ചുകൊടുക്കാത്തതിനെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതായും സൂചനയുണ്ട്. ഇതും കൊലയിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്.
സുഹൃത്തുക്കളുടെ സംശയം
പലപ്പോഴും ഗോവയില്‍ എത്താറുള്ള ജെഫിനെ രണ്ടു വര്‍ഷം മുമ്പ് കാണാതായതുമുതല്‍ അയാള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടോയെന്ന് ഗോവയിലുള്ള സുഹൃത്തുക്കള്‍ സംശയിച്ചിരുന്നു.
ജെഫിനെ കുറിച്ച് അന്വേഷിച്ച ഗോവന്‍ സുഹൃത്തുക്കള്‍ക്ക് ഇയാള്‍ നാട്ടിലില്ലെന്ന വിവരമാണ് ലഭിച്ചത്. അതേസമയം ജെഫ് ഗോവയിലും എത്തിയിരുന്നില്ല.
ജെഫിനെ അവസാനമായി അനിലിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഗോവയില്‍ വച്ചാണ് പലരും കണ്ടത്. പിന്നീട് രണ്ടു പേരെയും കാണാതെ വന്നതോടെ സംശയം ഇരട്ടിപ്പിച്ചുവെന്നാണ് ജെഫിന്റെ ചില സുഹൃത്തുക്കള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ഫോട്ടോയില്‍ കണ്ടയാളെ തേടി പോലീസ്
ജെഫിനൊപ്പം ഫോട്ടോയിലുള്ള യുവാവിനെ തേടി നാലു മാസം മുമ്പ് എറണാകുളം സൗത്ത് പോലീസ് ഗോവയിലെത്തിയിരുന്നു. ജെഫിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ജെഫിന്റെ ഒരു സുഹൃത്തിന്റെ വാട്സ്ആപ്പില്‍നിന്ന് പോലീസിന് ഒരു ഫോട്ടോ ലഭിച്ചിരുന്നു.
അതില്‍ ജെഫിനൊപ്പം മറ്റൊരു യുവാവും ഉണ്ടായിരുന്നു. ഇയാള്‍ ആരാണെന്ന് കണ്ടെത്തുന്നതിനായി പോലീസ് സംഘം നാലു മാസം മുമ്പ് ഗോവയിലെത്തി അന്വേഷണം നടത്തിയിരുന്നു. പക്ഷേ, ആളെ കണ്ടെത്താന്‍ കഴിയാതെ തിരികെ പോരുകയായിരുന്നു.
എന്നാല്‍, അനിലിനെയും സംഘത്തേയും അറസ്റ്റ് ചെയ്തതോടെ ജെഫിനൊപ്പം ഫോട്ടോയിലുള്ള ആള് അനില്‍ ചാക്കോയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഗോവന്‍ സ്വദേശികള്‍ക്കും പങ്കുണ്ടെന്ന് സൂചന
കൊലപാതകത്തില്‍ രണ്ടു ഗോവന്‍ സ്വദേശികള്‍ക്കും പങ്കുണ്ടെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഈ ഗോവന്‍ സ്വദേശികളെയും അവരുടെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹത്തിന്റെ പല ഭാഗങ്ങളായാണ് അന്ന് ഗോവന്‍ പോലീസിന് ലഭിച്ചത്. വിജനമായ പ്രദേശമായതിനാല്‍ വന്യമൃഗങ്ങള്‍ കടിച്ചെടുത്തിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്.
ഡിഎന്‍എ ഫലത്തിനായി കാത്ത്
ജെഫിനെ കാണാനില്ലെന്ന പരാതി ലഭിച്ചതിനു പിന്നാലെ യുവാവിന്റെ ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ സൗത്ത് പോലീസ് ശേഖരിച്ചിരുന്നു.
ജെഫിനെ കൊന്നു തള്ളി എന്നു പറയുന്ന കാലയളവില്‍ അന്‍ജുന ബീച്ചിനു സമീപത്തെ വിജനമായ കുന്നില്‍ പ്രദേശത്തുനിന്നു ലഭിച്ച അജ്ഞാത മൃതദേഹത്തിന്റെ ഡിഎന്‍എ ഫലത്തിന്റെ റിപ്പോര്‍ട്ട് ഗോവന്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതുരണ്ടും തമ്മില്‍ സാമ്യമുണ്ടോയെന്ന പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഫലം വൈകാതെ ലഭിക്കും.
ബിസിനസിനെന്ന പേരിൽ ഗോവയിൽ എത്തിച്ചു
2021 നവംബറില്‍ ഗോവയില്‍ പുതിയ ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞ് ജെഫിനെ പ്രതികള്‍ ഗോവയിലെത്തിച്ച് ആളൊഴിഞ്ഞ കുന്നിന് ചെരുവില്‍ വച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ചും കത്തി കൊണ്ട് കഴുത്തില്‍ കുത്തിയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച ശേഷം പ്രതികള്‍ മൊബൈലും സിമ്മും മാറ്റി കഴിയുകയായിരുന്നു. ലഹരിക്കേസില്‍ പിടിയിലായ ഒരു പ്രതിയുടെ വെളിപ്പെടുത്തലാണ് ജെഫിന്റെ തിരോധനക്കേസിലെ ചുരുളഴിഞ്ഞത്.
ജെഫിന്റെ മൊബൈല്‍ ഫോണ്‍ രേഖകളും യാത്രാവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വെള്ളൂര്‍ കല്ലുവേലില്‍ വീട്ടില്‍ അനില്‍ ചാക്കോ (28), ഇയാളുടെ പിതൃസഹോദര ന്റെ മകന് സ്റ്റൈഫിന്‍ തോമസ് (24), വയനാട് വൈത്തിരി പാരാലിക്കുന്ന് വീട്ടില്‍ ടി.വി വിഷ്ണു (25) എന്നിവര്‍ അറസ്റ്റിലായത്.