എടത്വ: ജൽജീവന്‍ പദ്ധതി പ്രകാരം സ്ഥാപിച്ച ഗാര്‍ഹിക കണക്ഷനില്‍ വെള്ളമെത്തും മുന്‍പ് ജല അഥോറിറ്റിയുടെ ബില്ലെത്തി. എടത്വ പഞ്ചായത്ത് 13, 14 വാര്‍ഡുകളിലെ ഉപഭോക്താക്കള്‍ക്കാണ് വെള്ളം നല്‍കാതെ ബില്ല് നല്‍കിയത്.
മീറ്റര്‍ റീഡിംഗ് പൂജ്യമായി രേഖപ്പെടുത്തിയ ബില്ലില്‍ റീഡിംഗ് തുകയായി 144 രൂപയും അഡീഷണല്‍ തുകയായി 8 രൂപയും ഉള്‍പ്പെടെ 148 രൂപ പിഴ കൂടാതെ ജൂണ്‍ മൂന്നി ന് അടയ്ക്കണമെന്നും അല്ലാത്ത പക്ഷം 18ന് കണക്ഷന് വിശ്ചേദിക്കുമെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍, മേയ് മാസത്തിലാണ് ഒട്ടുമിക്ക ഉപഭോക്താക്കള്‍ക്കും ജല്‍ജീവന്‍ പദ്ധതി പ്രകാരം കണക്ഷന് ലഭിച്ചത്.
ജല അഥോറിറ്റിയുടെ പൈപ്പ്ലൈന് പതിറ്റാണ്ട് മുന്‍പ് പ്രദേശത്ത് എത്തിയെങ്കിലും പൊതുടാപ്പില്‍ പോലും വെള്ളം എത്തിയിരുന്നില്ല. ജലവിതരണമില്ലാത്ത പൈപ്പ് ലൈനില്‍നിന്നാണ് ജല്‍ജീവന്‍ പദ്ധതിയുടെ കണക്ഷന് നല്‍കിയിരുന്നത്. റീഡിംഗ് എടുക്കാന്‍ എത്തിയ ഉദ്യോഗസ്ഥയോട് ഇതുവരെ വെള്ളം ലഭിച്ചിട്ടില്ലെന്ന് ഉപഭോക്താക്കള്‍ അറിയിച്ചെങ്കിലും പരാതിയുണ്ടെങ്കില്‍ ഓഫീസുമായി ബന്ധപ്പെടാനാണ് അറിയിച്ചത്.
പ്രതിമാസ ബില്ലുകള്‍ മുറ തെറ്റാതെ വന്നാല്‍ പിന്നീട് വന്‍ ബാധ്യതയില്‍ എത്തുമെന്നാണ് ഉപഭോക്താക്കളുടെ ആക്ഷേപം. ചില ഉപഭോക്താക്കള്‍ ജല്‍ജീവന്‍ കണക്ഷന് വിശ്ചേദിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാലപ്പഴക്കാത്താല്‍ ഉപേക്ഷിക്കപ്പെട്ട പൈപ്പ് ലൈനിന് സമാന്തരമായി പുതിയ ലൈന്‍ സ്ഥാപിച്ചാല്‍ മാത്രമേ പ്രദേശത്ത് വെള്ളം എത്താന്‍ കഴിയൂ.
ഇതിനുള്ള നടപടി സ്വീകരിക്കാതെ ജല്‍ജീവന്‍ പദ്ധതിപ്രകാരം സ്ഥാപിച്ച ഗാര്‍ഹിക കണക്ഷനില്‍ ഒരുതുള്ളി വെള്ളം വരാതെ ജല അഥോറിറ്റി ബില്ല് നല്‍കിയതില്‍ വ്യാപക പ്രതിഷേധമുണ്ട്.