ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധി മറികടന്ന് പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നതുള്‍പ്പെടെയുള്ള തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് മോദി പനീര്‍ശെല്‍വത്തെയും സംഘത്തെയും അറിയിച്ചു. വിഷയത്തില്‍ കേന്ദ്രം ഇടപെട്ടാല്‍ കോടതിയലക്ഷ്യമാകുമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ജെല്ലിക്കെട്ടിനെതിരായ നിരോധനം നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ വഴികളും തേടുമെന്ന് കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ക്ക് പനീര്‍ശെല്‍വം ഉറപ്പു നല്‍കിയിരുന്നു. സമരം ശക്തമാകുന്ന പശ്ചാത്തലത്തിലും വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രത്യേക ഓര്‍ഡിനന്‍സിലൂടെ ജെല്ലിക്കെട്ട് നിയമവിധേയമാക്കണമെന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെയും സംഘത്തിന്റെയും ആവശ്യം.
ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരേ തുടര്‍ച്ചയായ മൂന്നാം ദിവസവും ചെന്നൈ മറീന ബീച്ചില്‍ ആയിരങ്ങള്‍ പ്രതിഷേധം തുടരുകയാണ്. പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) എന്ന സംഘടനയാണ് ജെല്ലിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. പെറ്റയ്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.