കോട്ടയം തെരുവുപട്ടികൾ മലയാളിയെ കടിച്ചുകീറിയപ്പോഴും കൊന്നുതള്ളിയപ്പോഴും പട്ടികളെ തൊട്ടുപോകരുതെന്നു പറഞ്ഞു വലിയവായിൽ വർത്തമാനം പറഞ്ഞ മേനകാ ഗാന്ധിക്ക് ജെല്ലിക്കെട്ടിൽ മിണ്ടാട്ടമില്ല. സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ച അന്നു മുതൽ തമിഴ്ജനത സമരത്തിലാണ്. ചെന്നൈ മറീനാ ബീച്ചിൽ തുടങ്ങിയ രാപ്പകൽ സമരം തമിഴ്നാടിന്റെ മുക്കിനും മൂലയിലും വ്യാപിച്ചിരിക്കുകയാണ്. മേനക കമാന്നൊരക്ഷരം ഉരിയാടിയിട്ടില്ല.
തമിഴനോടു കളിച്ചാൽ വിവരമറിയുമെന്നു മേനകയ്ക്ക് അറിയാം. കേരളമല്ലല്ലോ തമിഴ്നാട്. ഇവിടെ കുട്ടികളും സ്ത്രീകളുമുൾപ്പെടെ പാവപ്പെട്ട മനുഷ്യരെ തെരുവുനായ്ക്കൾ കടിച്ചുകീറുകയും കൊല്ലുകയും ചെയ്തിട്ടും അവരുടെ മനസലിഞ്ഞില്ല. ജനപക്ഷത്തു നില്ക്കേണ്ട കേരളത്തിലെ മന്ത്രിമാർപോലും മേനകയുടെ കാല്ക്കീഴിൽ കിടന്ന് ഇഴയുന്ന കാഴ്ചയാണു കണ്ടത്.
ഒരു മന്ത്രി പുംഗവൻ തെരുവുനായ്ക്കളെ കൊല്ലുന്നതിനു തടസമില്ലെന്നു പറഞ്ഞ് ചില വായാടിത്തമൊക്കെ നടത്തിയെങ്കിലും പിന്നെ മൗനവ്രതത്തിലാകുന്നതാണു കേരളം കണ്ടത്. തദ്ദേശ വകുപ്പിന്റെ നടപടിക്രമങ്ങളും കേരളം മനസു നിറയെ കണ്ടു. ഉന്നത പോലീസുദ്യോഗസ്ഥരും വിനീത വിധേയ·ാരായി നില്ക്കുന്ന ദയനീയ കാഴ്ചയാണ് പിന്നീടുണ്ടായത്. എന്തോ ചില പ്രസ്താവനകൾ നടത്തിയതിന് കേരളത്തിലെ സർക്കാരിൽനിന്ന് ഇത്ര പിന്തുണ കിട്ടുമെന്നു സാക്ഷാൽ മേനകയും കരുതിയിരുന്നില്ല.
ഇതുവരെയുള്ള രീതിയിലാണ് പോകുന്നതെങ്കിൽ തമിഴ്നാട്ടിൽ ജെല്ലിക്കെട്ടും കാളപ്പോരും അനുവദിക്കുന്ന ഓർഡിനൻസ് ഉടൻ പുറപ്പെടുവിക്കും. ഓർഡിനൻസിനു കേന്ദ്ര ആഭ്യന്ത്രര, വനം-പരിസ്ഥിതി മന്ത്രാലയങ്ങൾ അനുമതി നല്കിക്കഴിഞ്ഞു. ഇനി രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചശേഷം സംസ്ഥാന ഗവർണർ ഓർഡിനൻസ് പുറപ്പെടുവിക്കും. എന്താല്ലേ സ്പീഡ്.?
കേരളത്തിലെ പട്ടിവിഷയത്തിൽ കൈയും കെട്ടി നാവും പൂട്ടി കണ്ണുമടച്ചിരിക്കുന്ന ബന്ധപ്പെട്ട മന്ത്രിയുൾപ്പെടെയുള്ളവർക്ക് നാണമെന്നൊന്നുണ്ടെങ്കിൽ തമിഴ്നാടിനെ കണ്ടു പടിക്ക്. അവിടുത്തെ മന്ത്രിസഭ ജനങ്ങളുടെ വികാരമനുസരിച്ച് ഉണർന്നതു കണ്ടുപടിക്ക്. ചെന്നൈയിലേക്കു നോക്കി മലയാളിക്കും പറയാൻ തോന്നുന്നു നെരുപ്പ് ഡാ..!
ജെല്ലിക്കെട്ടിന്റെ ക്ഷീണം തീർക്കാനും മാധ്യമശ്രദ്ധ പിടിച്ചുപറ്റാനും മേനകയുൾപ്പെടെയുള്ളവർ ഇനിയും വരും മലയാളിയുടെ ക്ഷമ പരീക്ഷിക്കാൻ. ഇവിടെ തെരുവുനായകളുടെ കടിയേറ്റ് ആളുകൾ മരിച്ചുവീണപ്പോൾ ഇപ്പം കാണിച്ചുതരാമെന്ന മട്ടിൽ നാഴികയ്ക്കു നാല്പതുവട്ടം പ്രസ്താവനയിറക്കിയ ബിജെപി നേതാവ് ജെല്ലിക്കെട്ടിനെക്കുറിച്ച് എന്തു പറഞ്ഞെന്നറിയാൻ പത്രങ്ങളിലും ചാനലുകളിലുമൊന്നും പരതിയവർക്ക് നിരാശ തന്നെ. മന്ത്രിയ്ക്കു മിണ്ടാട്ടമില്ല.
സുപ്രീംകോടതി വിധി മാനിക്കണമെന്ന് ഒരു അഭിപ്രായം പറഞ്ഞെന്ന് ചില സൈറ്റുകളിൽ കണ്ടു. പിന്നെയൊന്നുമില്ല. ജെല്ലിക്കെട്ടിൽ കൂടുതൽ വർത്തമാനം വേണ്ടെന്നു ബിജെപി വിലക്കിയെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. എന്തായാലും കേരളത്തിൽ വേവിച്ച അരി തമിഴ്നാട്ടിൽ വേവില്ലെന്ന് ഉറപ്പ്. നമ്മുടെ ഭരണക്കാരും ഇതൊന്നു മനസിലാക്കിയിരുന്നെങ്കിൽ.