ദ്രാവിഡ ജനങ്ങളുടെ വീരവിളയാട്ടമായ ജല്ലിക്കെട്ട് തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ മാത്രമാണ് നടക്കുന്നതെന്നാണ് കേരളത്തിലെ സാമാന്യചിന്ത. എന്നാൽ മുടക്കംകൂടാതെ ജെല്ലിക്കെട്ടു നടക്കുന്ന ഒരു ഗ്രാമമുണ്ട് കേരളത്തിൽ മൂന്നാർ വട്ടവട. നൂറ്റാണ്ടുകളായി പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് ഇവിടെ ജല്ലിക്കെട്ട് നടക്കുന്നുണ്ട്.
മറയൂർ മലനിരകളിലെ കാന്തല്ലൂർ മന്നവൻചോലവഴി 30 കിലോമീറ്റർ യാത്രചെയ്ത് എത്താവുന്നതും മൂന്നാറിൽനിന്ന് 45 കിലോമീറ്റർ അകലയുള്ള വട്ടവട ഗ്രാമത്തിലെ തലവാസൽ എന്ന സ്ഥലത്താണ് നൂറ്റാണ്ടുകളായി ജല്ലിക്കെട്ട് നടക്കുന്നത്.
കേരളത്തിലെ ഓണത്തിനു സമാനമായി തമിഴനാടിന്റെ ദേശീയ ഉത്സവമായ പൊങ്കൽ നാലുദിവസമാണ് ആഘോഷിക്കുന്നത്. മാർഗഴി (ധനു) മാസത്തിലെ അവസാനദിവസം ബോഗി പൊങ്കൽ എന്നും തൈമാസം (മകരം) ഒന്നാം തീയതി തൈപൊങ്കൽ എന്നും രണ്ടാംദിവസം മാട്ടുപൊങ്കൽ എന്നും മൂന്നാംദിവസം കാണിപൊങ്കൽ എന്നും അറിയപ്പെടും. ഇതിൽ മാട്ടുപൊങ്കൽ ദിവസമാണ് തമിഴ്നാട്ടിലും കേരളത്തിലെ അതിർത്തി ഗ്രാമമായ വട്ടവടയിലും ജല്ലിക്കെട്ട് അരങ്ങേറുത്.
450 വർഷംമുന്പ് മധുരയിൽനിന്നും തന്പുരാൻചോലവഴി സഹ്യന്റെ കിഴക്കൻ ചരിവായ മറയൂർ മലനിരകളിൽ എത്തിയവരുടെ പിൻമുറക്കാരാണ് വട്ടവട നിവാസികൾ.
തമിഴ്നാട്ടിലെ ദേശീയ ഉത്സവമായ പൊങ്കലിനോടനുബന്ധിച്ച് മധുര, കരൂർ, തേനി ജില്ലകളിലെ ഗ്രാമങ്ങളിലാണ് ഏറ്റവുമധികം ജല്ലിക്കെട്ടു നടക്കുന്നത്. ഉസലാംപെട്ടി, അളകാനല്ലുർ, ആവണിയാപുരം ജല്ലിക്കെട്ടുകളാണ് പ്രശസ്തമായവ. കോടതി നിബന്ധനകൾപ്രകാരം പകൽ മാത്രമാണ് ജല്ലിക്കെട്ട് ഇപ്പോൾ നടക്കുന്നത്.
രാവിലെ ഒൻപതുമുതൽ നടന്ന ജല്ലിക്കെട്ടുകളിൽ 900 കാളകൾക്കാണ് അനുമതി നൽകിയത്. ജല്ലിക്കെട്ടിൽ പങ്കെടുത്ത 48 പേർക്ക് പരിക്കേറ്റു. ഇതിൽ 12 പേരുടെ നില ഗുരുതരവുമാണ്. ആവണിയാപുരം ജല്ലിക്കെട്ടിൽ 92 പേർക്ക് പരിക്കേറ്റു. 44 പേർ കാഴ്ചക്കാരായിരുന്നു.
പാളമേട് ജല്ലിക്കെട്ടിൽ പത്ത് കാളകളെ പിടികൂടി അടക്കിനിർത്തുന്നതിന് നേതൃത്വംനൽകിയ അളകാനല്ലൂർ ഒത്തവീടിൽ പ്രഭാകരന് ഒന്നാം സമ്മാനമായി ബൈക്കും പിടികൊടുക്കാതിരുന്ന ഉസലാംപെട്ടി പ്രഭുവിന്റെ കാളക്ക് ഒന്നാം സമ്മാനമായി മാരുതി ഓമ്നി കാറും ലഭിച്ചു.