ചെന്നൈ: ജല്ലിക്കെട്ട് മത്സരത്തിനു വേണ്ടി എത്തിച്ച കാളയെ കൊണ്ട് ജീവനുള്ള പൂവൻ കോഴിയെ കഴിപ്പിച്ച സംഭവത്തില്‍ യുട്യൂബര്‍ക്കെതിരേ പോലീസ് കേസെടുത്തു. സേലം ചിന്നപ്പട്ടിയിലെ യുട്യൂബറായ രഘുവിനും സുഹൃത്തുക്കളായ രണ്ടു പേര്‍ക്കുമെതിരേയാണ് കേസ്.
കാളയെകൊണ്ട് നിർബന്ധിച്ച് കോഴിയെ കഴിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിനെതിരേ വലിയ വിമർശനമാണ് ഉയർന്നത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ ഫോര്‍ ക്യാറ്റില്‍ ഇന്ത്യയുടെ പ്രവര്ത്തകന് അരുണ്‍ പ്രസന്ന പരാതി നല്കി.
ജല്ലിക്കെട്ടിനായി കൊണ്ടു വന്ന കാളയെകൊണ്ട് ജീവനുള്ള കോഴിയെയാണ് നിര്‍ബന്ധിച്ച് തീറ്റിച്ചത്. രണ്ടുപേര്‍ കാളയുടെ കൊമ്പ് ബലമായി പിടിച്ചുവച്ചു. ഇതിനിടെ ഒരാള്‍ കോഴിയെ കാളയുടെ വായിലിറക്കി തീറ്റിപ്പിക്കുകയും മറ്റൊരാള്‍ വീഡിയോ പകര്‍ത്തുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.
2.48 ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മൂന്നുപേര്‍ ചേര്‍ന്ന് കാളയെ ബലമായി പിടിച്ചുനിര്‍ത്തി മറ്റൊരാള്‍ കോഴിയെ ജീവനോടെ കാളയുടെ വായില്‍വച്ച് ചവപ്പിക്കുന്നതുമാണുള്ളത്. സംഭവത്തിന്റെ വീഡിയോ രഘുവിന്റെ യൂട്യൂബ് ചാനലിലാണ് പങ്കുവച്ചിരിക്കുന്നത്.
ഇയാൾക്കെതിരേ അരുണ്‍ പ്രസന്ന നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൃഗങ്ങള്‍ക്കുമേലുള്ള ക്രൂരതകള്‍ തടയുന്ന ആക്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ്ഐആര്‍ ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും താരമംഗലം ഇന്‍സ്പെക്ടര്‍ അറിയിച്ചു.