വിഴിഞ്ഞം: കോവളം അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രത്തിലെ ബീച്ചുകൾ കൈയടക്കി കടൽച്ചൊറിയെന്നറിയപ്പെടുന്ന ജെല്ലി ഫിഷുകൾ.
ശുചികരണ തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കി ഇന്നലെ രാവിലെ മുതലാണ് ജെല്ലിക്കൂട്ടം ബീച്ചിലേക്ക് അടിച്ച് കയറാൻ തുടങ്ങിയത്.തുടർച്ചയായി കരക്കടിഞ്ഞതോടെ മറവു ചെയ്യാനുള്ള തൊഴിലാളികളുടെ ശ്രമവും പാഴായി.
ഉൾക്കടലിൽ മാത്രം കണ്ടു വരുന്ന ജെല്ലികൾ ശക്തമായ തിരയടിയിൽ തീരത്തേക്ക് വരുന്നത് മത്സ്യത്തൊഴിലാളികൾക്കും ലൈഫ് ഗാർഡുകൾക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.
മീൻ പിടിക്കാൻ വിരിക്കുന്ന വലയിൽ കുടുങ്ങുന്ന ഇവയെ സ്പർശിച്ചാൽ ചൊറിച്ചിലുണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
കോവളം കാണാനെത്തുന്ന സഞ്ചാരികൾക്കു പോലും ഭീഷണിയാകുന്ന ജെല്ലിക്കൂട്ടം തീരത്തെയും വൃത്തിഹീനമാക്കി. ഇവയെ മറവു ചെയ്ത് ശുദ്ധമാക്കാൻ രണ്ടു ദിവസം വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു.
കടലിന്റെ അടിത്തട്ടിൽ കാണുന്ന ഇവ കടൽക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ട് കരയിലേക്ക് വരുന്നതാകാമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.