വിഴിഞ്ഞം: കോവളം ബീച്ച് കൈയടക്കിയുള്ള ജെല്ലി ഫിഷുകളുടെ തുടർച്ചയായ വരവ് തുടരുന്നു. തീരം ദുർഗന്ധത്തിന്റെ പിടിയിലായത് സഞ്ചാരികൾക്കും വിനയായി.
ഒരാഴ്ചയായി തിരമാലകളുടെ ശക്തിയിൽ കരയിലേക്ക് വന്നടിയുന്ന ജെല്ലിക്കൂട്ടങ്ങളെ കുഴിച്ച് മൂടാനുള്ള ശുചീകരണ തൊഴിലാളികളുടെ ശ്രമങ്ങളും കാര്യമായ ഫലം കണ്ടില്ല.
മുൻവർഷങ്ങളിൽ ഓഗസ്റ്റ് മാസങ്ങളിൽ മാത്രമാണ് കടൽച്ചൊറിയെന്നറിയപ്പെടുന്ന ജെല്ലി ഫിഷുകൾ തീരത്തേക്ക് വന്നിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
എന്നാൽ ഇക്കുറി കടൽത്തിരകൾക്കൊപ്പം കാലം തെറ്റിയുള്ള ജെല്ലിയുടെ കൂട്ടമായവരവ് ദിവസങ്ങൾ നീണ്ടു നിൽക്കുന്നതും പ്രശ്നമായി.
ഇതിനോടകം തന്നെ ടൺ കണക്കിന് കടൽച്ചൊറികളെ കുഴിച്ച് മൂടിയെങ്കിലും ഉൾക്കടലിൽ നിന്നുള്ള വരവ് മാറ്റമില്ലാതെ തുടരുകയാണ്.
മണലിൽ പറ്റിപ്പിടിച്ചിരുന്ന് അലിയുന്ന ഇവ രൂക്ഷഗന്ധം പരത്തുന്നതോടൊപ്പം ബീച്ചിനെ വൃത്തിഹീനമാക്കുകയും ചെയ്യുന്നതായി നാട്ടുകാർ പറയുന്നു.
കൂടാതെ ക്ലീനിംഗ് സ്റ്റാഫുകളുടെ എണ്ണക്കുറവും ബീച്ചുകളിൽ നിന്ന് തിരമാലകൾ പിൻമാറാത്തതും ജെല്ലികൾ മറവു ചെയ്യുന്നതിന് തടസമാകുന്നതായി പരാതിയുണ്ട്.