കോഴിക്കോട്: പകൽവെളിച്ചത്തിൽ ഇടവഴിയിലൂടെ നടന്ന് പോയ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച പീഡനവീരൻ അറസ്റ്റിൽ. നടക്കാവ് തോപ്പയില്‍ ബീച്ചിലെ ജംഷീല മന്‍സിലില്‍ ജംഷീര്‍ (33) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 18 ന് വൈകുന്നേരം 5.45 ന് മാവൂര്‍റോഡ് വൈഎംസിഎ റോഡിനോട് ചേര്‍ന്നുള്ള ഇടവഴിയിലാണ് കാല്‍നടയാത്രക്കാരിയായ യുവതിയെ ഇയാൾ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്.
നടന്നുപോവുകയായിരുന്ന യുവതിയെ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുകയായിരുന്നു ജംഷീർ. പീഡനശ്രമത്തെ ചെറുത്ത യുവതി ബഹളം വച്ചതോടെ ഇയാൾ പിൻവലിയുകയായിരുന്നു. പട്ടാപ്പകൽ പൊതുസ്ഥലത്ത് ക്രൂരതയ്ക്ക് മുതിർന്ന ജംഷീറിന്റെ ദൃശ്യങ്ങൾ അടുത്തുള്ള ഫ്ളാറ്റിലെ സിസിടിവിയിൽ പതിഞ്ഞതോടെയാണ് പീഡന വിവരം പുറംലോകമറിയുന്നത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായി.
ദൃശ്യങ്ങളുടെ ആധികാരികത തെളിഞ്ഞതോടെ നടക്കാവ് പോലീസ് അന്വേഷണം ആരംഭിക്കുകുയം ചെയ്തു. യുവതിയെ കണ്ടെത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ നടക്കാവ് പോലീസ് കേസെടുത്തിരുന്നു. നടക്കാവ് സിഐ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തില്‍ എസ്ഐ സജീവും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കണ്ടെത്തുന്നതിനായി ജില്ലയിലെ മുഴുവന്‍ സ്റ്റേഷനുകളിലും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കൈമാറിയിരുന്നു.
അതിനിടെ സമൂഹമാധമങ്ങളിലൂടെ യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും മുങ്ങി. തുടര്‍ന്നു യുവാവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കൊയിലാണ്ടിയിലാണെന്നു വ്യക്തമായി. ഉടന്‍ കൊയിലാണ്ടിയില്‍ എത്തുകയും ഇന്നലെ പുലര്‍ച്ചെ മൂന്നോടെ പിടികൂടുകയുമായിരുന്നു. ഇയാൾക്കെതിരെ മുന്‍പും പീഡനത്തിന് കേസ് എടുത്തിട്ടുള്ളതായി പോലീസ് അറിയിച്ചു.