അഗളി: പുതൂർ ഉമ്മത്താംപടിയിൽ ആദിവാസികളുടെ പട്ടയ ഭൂമിയിൽ കടന്ന് കയറി വനം വകുപ്പ് ജണ്ട നിർമിച്ചതായി പരാതി ഉയർന്നു. 1971ൽ പട്ടയം ലഭിച്ച ഭൂമി കയ്യടക്കിക്കൊണ്ടാണ് ജണ്ട നിർമിച്ചതെന്ന് ആദിവാസികൾ ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച രാവിലെയാണ് വനം ഉദ്യോഗസ്ഥർ ജണ്ട നിർമാണത്തിനെതിയത്. എകെഎസ് ജില്ലാ സെക്രട്ടറി എം. രാജന്റെ നേതൃത്വത്തിൽ പ്രവർത്തകരും പ്രദേശവാസികളും സ്ഥലത്തെത്തി നിർമാണപ്രവർത്തനം തടഞ്ഞു.
പിന്നീട് സ്ഥലത്തെത്തിയ റേഞ്ച് ഓഫീസറുമായി നടത്തിയ ചർച്ചയെ തുടർന്ന് ജണ്ട നിർമാണം നിർത്തിവെച്ചു. നാല് ജണ്ടകൾ പ്രദേശത്ത് നിർമിച്ചിട്ടുണ്ട്.
രണ്ട് മാസങ്ങൾക്ക് മുൻപ് ജണ്ട നിർമിക്കാൻ വനംവകുപ്പ് എത്തിയിരുന്നെങ്കിലും ആദിവാസികളുടെ എതിർപ്പിനെ തുടർന്ന് ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. ഇരുപതോളം കശുമാവ് ചെടികൾ നശിപ്പിച്ചതായും ആദിവാസികൾ ആരോപിച്ചു.