“പൂഴ്ത്തിവയ്ക്കാൻ കൊണ്ടുപോകുന്നതല്ല!’ജെനിയും ഭർത്താവ് റേയും സൂപ്പർമാർക്കറ്റിൽ ഷോപ്പിംഘ് നടത്തുന്പോൾ ട്രോളിയുടെ മുന്നിൽ ഇങ്ങനെ ഒരു ബോർഡ് വയ്ക്കും.
അല്ലെങ്കിൽ ആളുകൾ ഇത്രവലിയ ഷോപ്പിംഗ് കാണുന്പോൾ പല സംശയവുമായി എത്തും. 16 മക്കളാണ് ജെനി-റേ ദന്പതികൾക്ക്. ഓസ്ട്രേലിയയിലെ ഏറ്റവും “വലിയ’ കുടുംബങ്ങളിലൊന്നാണ് ജെനിയുടേത്.
അഞ്ച് വയസുമുതൽ 30 വയസുവരെയുളള 16 കുട്ടികളാണ് ഇവർക്കുള്ളത്. ജെസ്സി, ബ്രൂക്ക്, ക്ലെയർ, നതാലി, കാൾ, സാമുവൽ, കാമറൂൺ, സഫ്രീന, ടിം, ബ്രാൻഡൻ, ഈവ്, നേറ്റ്, റേച്ചൽ, എറിക്, ഡാമിയൻ, കാറ്റ്ലിൻ എന്നിങ്ങനെയാണ് ഇവരുടെ പേര്.
ഇവിടെ ഭക്ഷണം നൽകാൻ ധാരാളം വായകൾ ഉണ്ട്. അതുകൊണ്ട് അല്പം സംഭരിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നാണ് ജെനിയുടെ പക്ഷം.
പലചരക്ക് സാധനങ്ങൾക്കായി മാത്രം ആഴ്ചയിൽ ഏകദേശം ഇരുപതിനായിരത്തോളം രൂപ വേണം. സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിൽ എത്തുന്പോഴാണ് ആളുകൾ സംശയത്തോടെ നോക്കുന്നതും ചോദിക്കുന്നതും.
ഇതോടെയാണ് പൂഴ്ത്തിവയ്ക്കാനല്ല ഇതെന്നും 16 കുട്ടികൾക്കുള്ള ഭക്ഷണത്തിനായിട്ടാണിതെന്നുമുള്ള ബോർഡ് ജെനി വച്ചത്. ആഴ്ചയിൽ 72 മുട്ടകൾ, 30 ചിക്കൻകാൽ, ഒരു ഡസൻ റൊട്ടി, 24 ലൂ റോളുകൾ (ടോയ്ലറ്റിൽ ഉപയോഗിക്കുന്ന പേപ്പർ) എന്നിവ ആവശ്യമാണ്.
ആഴ്ചയിൽ 36 ലിറ്റർ പാൽ വേണം. നാല് ഡോളറിൽ കൂടുതലുള്ള സാധനങ്ങൾ തങ്ങൾ വാങ്ങാറില്ലെന്ന് ജെനി പറയുന്നു. തന്റെ ബജറ്റ് ഷോപ്പിംഗ് രീതികൾ ജെനി തന്റെ യൂട്യൂബ് വഴി പങ്കുവയ്ക്കാറുമുണ്ട്.