കോട്ടയം: കോവിഡ് മഹാമാരി സ്വകാര്യ ബസ് സർവീസിനു സഡൻ ബ്രേക്കിട്ടപ്പോൾ മണ്ണിലേക്കിറങ്ങി പ്രതീക്ഷയുടെ വിത്തുകൾ വിതയ്ക്കുകയാണ് ആർപ്പൂക്കര പുത്തൻപറന്പിൽ ജെനിൽ കുമാർ.
സ്വകാര്യ ബസ് ഉടമയായ ജെനിൽ ഇന്ന് ആർപ്പൂക്കര തൊള്ളായിരം പാടത്ത് കുടുംബത്തിനൊപ്പം നെൽകൃഷിയുടെ പരിപാലനത്തിലാണ്.
കോവിഡും ലോക്ഡൗണുമെല്ലാം പ്രതിസന്ധി തീർത്തതോടെയാണ് ബസ് സർവീസ് തൊഴിലാളികൾക്കുവേണ്ടി നടത്തിക്കൊണ്ട് നെൽകൃഷിയിലേക്ക് ജെനിൽ ഇറങ്ങിത്തിരിച്ചത്.
കാർഷിക കുടുംബമായിരുന്നതുകൊണ്ടു കൃഷി തനിക്കു പുതിയ കാര്യമല്ല. തൊള്ളായിരം പാടത്ത് പണ്ടു മുതൽ കൃഷി ചെയ്തിരുന്നെങ്കിലും പൂർണമായും ഇതിലേക്ക് ഇറങ്ങിത്തിരിക്കുന്നത് ഇപ്പോഴാണ്.
വിഡ് നിയന്ത്രണങ്ങൾക്ക് അയവു വന്നെങ്കിലും ബസ് സർവീസിൽ നിന്നു വരുമാനം ഒന്നും ലഭിച്ചിരുന്നില്ല. രണ്ടു ബസുകളിൽ ഒരെണ്ണം മാത്രമാണ് സർവീസ് നടത്തുന്നത്.
ഇപ്പോൾ സർവീസിൽ നിന്നും ലഭിക്കുന്നത് തൊഴിലാളികൾക്കുള്ള വരുമാനം എന്ന നിലയിൽ മാത്രമാണ് കാണുന്നത്- ജെനിൽ പറയുന്നു.ജെനിൽ ഉടമ മാത്രമായിരുന്നില്ല, കോട്ടയം- മണിയാപറന്പ് റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസിലെ കണ്ടക്ടർ കൂടിയായിരുന്നു.
അതിനാൽ ലോക്ഡൗണിനു ശേഷം ഒപ്പമുണ്ടായിരുന്ന തൊഴിലാളികളുടെ നിലനിൽപ്പിനാണ് ഇപ്പോൾ ബസ് സർവീസ് നടത്തുന്നത്. തൊള്ളായിരം പാടത്തിന്റെ നിലനിൽപ്പിനായുള്ള ശ്രമത്തിൽ കൃഷിക്കാർക്കൊപ്പം ചേർന്നാണ് ജെനിലിന്റെ പ്രവർത്തനം.
ഈ വർഷത്തെ പ്രളയ കാലത്ത് മടവീണല്ല, പുഴവെള്ളം മട കടന്നു വന്നാണ് കൃഷി നശിച്ചത്. അതിനു പ്രതിവിധി കണ്ടെത്തി കൂട്ടായ പ്രവർത്തനത്തിലൂടെ വരും കാലത്ത് പ്രളയ കാലത്തും നശിക്കാത്ത വിധം പാടശേഖരത്തെ സംരക്ഷിക്കാമെന്നും ജെനിൽ പറയുന്നു.ഭാര്യ ബോബിയും രണ്ടു മക്കളും ജെനിലിനു പിന്തുണയുമായുണ്ട്.