ജെന്നിഫർ ആന്റണി.. പേര് കേൾക്കാനൊക്കെ ഒരു ഗുമ്മുണ്ടെങ്കിലും, ആർക്കും അങ്ങോട്ട് ആളെ മനസിലായിക്കാണില്ല. പക്ഷേ, പുള്ളിക്കാരിയെ സ്ക്രീനിൽ കണ്ടാൽ പെട്ടെന്നൊരു ഫ്ളാഷ് അടിക്കും. എവിടെയോ കണ്ടിട്ടുണ്ടല്ലോ…! ചെറുതാണെങ്കിലും മലയാള സിനിമയിൽ ചെയ്ത ചില വേഷങ്ങൾ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മുഖത്തെ പ്രസന്നതയും സെക്സി ലുക്കുമെല്ലാം ഈ നടിയുടെ പ്ലസ് പോയിന്റുകളാണ്.
ഏതുതരം വേഷവുമായിക്കൊള്ളട്ടെ, ചെയ്യാൻ ഞാൻ റെഡിയാണെന്ന് ജെന്നിഫർ ചുറുചുറുക്കോടെ പറയുന്പോൾ ഒരു കാര്യം ഓർക്കേണ്ടതുണ്ട്. ജെന്നിഫർ സിനിമാ മേഖലയിലേക്ക് കടന്നുവന്നത് കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുടെ അമ്മയായ ശേഷമാണ്. പല നടിമാരും കല്യാണത്തോടെ സിനിമ മേഖലയോട് ഗുഡ്ബൈ പറഞ്ഞുപോയത് പ്രേക്ഷകർ കണ്ടിട്ടുണ്ട്. ആ ഒരു ഇടത്തേക്കാണ് സ്കൂൾ കാലഘട്ടം മുതൽ കൊണ്ടുനടന്ന തന്റെ അഭിനയ സ്വപ്നങ്ങളുമായി ജെന്നിഫർ ചുവടുറപ്പിക്കുന്നത്. 2013-ൽ 10.30 എഎം ലോക്കൽ കോൾ എന്ന സിനിമ മുതൽ ചെറിയചെറിയ വേഷങ്ങളിൽ മലയാള സിനിമയിൽ സാന്നിധ്യം അറിയിക്കുന്നുണ്ടെങ്കിലും മമ്മൂട്ടിക്കൊപ്പമുള്ള കസബയിലെ വേഷമാണ് ജെന്നിഫറിനെ പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരിയാക്കിയത്.
സഹനടിയിൽ നിന്നും കുതിച്ച് ചാടി ഈ ആഴ്ച റിലീസിന് ഒരുങ്ങി നിൽക്കുന്ന ഒന്പതാം വളവിനപ്പുറം എന്ന സിനിമയിലൂടെ നായിക പദവിയിലേക്ക് സധൈര്യം മുന്നേറുകയാണ് ജെന്നിഫർ. ബംഗളൂരു സ്വദേശിനിയായ ജെന്നിഫറിന്റെ സിനിമ വിശേഷങ്ങളിലൂടെ യാത്ര ചെയ്യാം.
സഹനടിയിൽ നിന്നും നായികയിലേക്ക്
ഇതുവരെ വലിയ വലിയ പടങ്ങളിൽ ചെറിയ ചെറിയ വേഷങ്ങളെ ചെയ്തിട്ടുള്ളു. ഇതിപ്പോൾ ചെറിയ ഒരു സിനിമയിൽ മുഴുനീള വേഷമാണ് കിട്ടിയത്. നന്നായി ചെയ്യാൻ പറ്റിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കുറേ പുതുമുഖങ്ങളാണ് ഒമ്പതാം വളവിനപ്പുറം എന്ന സിനിമയിലുള്ളത്. നായികാപ്രാധാന്യമുള്ള വേഷമാണ് ചിത്രത്തിലേത്. ഇതുവരെ കിട്ടിയ വേഷങ്ങളിൽ വെച്ച് എന്തൊക്കയോ ചെയ്യാനുണ്ടെന്ന് തോന്നിയത് ഒന്പതാം വളവിനപ്പുറം എന്ന സിനിമയിലാണ്. വേശ്യാലയം നടത്തിപ്പുകാരിയായാണ് ചിത്രത്തിൽ എത്തുന്നത്.
ഒന്പതാം വളവിനപ്പുറത്തേക്ക്
ഒന്പതാം വളവിനപ്പുറത്തിലേക്ക് എന്നെ വിളിക്കാൻ കാരണം ജോയി മാത്യുവാണ്. പത്തേമാരിയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു ഞങ്ങൾ. അന്നേ നല്ല പിന്തുണയാണ് എനിക്ക് നൽകിയിരുന്നത്. ഇങ്ങനെ ഒരു വേഷം വന്നപ്പോൾ എന്റെ പേര് സംവിധായകനോട് പറയുന്നത് ജോയിച്ചേട്ടനാണ്. ശക്തമായ സ്ത്രീകഥാപാത്രമാണെന്ന് സംവിധായകൻ പറഞ്ഞപ്പോൾ അത് ജെന്നിഫർ ചെയ്താൽ നന്നായിരിക്കുമെന്ന് ജോയി ചേട്ടൻ പറഞ്ഞു. അങ്ങനെ ആണ് ഒന്പതാം വളവിനപ്പുറത്തേക്ക് എന്റെ വഴി തുറക്കുന്നത്. ഈ ചിത്രത്തിലും ജോയി ചേട്ടനുണ്ട്.
കർണാടകക്കാരി
കോഴിക്കോടും മൈസൂരിനടുത്തുമായിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. മലയാള ചിത്രമാണെങ്കിലും കർണാടകക്കാരി ആയിട്ടാണ് എത്തുന്നത്. കന്നടയിലാണ് എന്റെ സംഭാഷണങ്ങളെല്ലാം. പേടിക്കണ്ട, മലയാളം സബ്ടൈറ്റിലുണ്ടായിരിക്കും ചിത്രത്തിൽ(ചിരിക്കുന്നു…). ത്രൂ ഒൗട്ട് സിനിമയിൽ ഞാൻ കന്നട ഭാഷയാണ് സംസാരിക്കുന്നത്. സംവിധായകൻ വി.എം. അനിൽ വളരെ സപ്പോർട്ടീവായിരുന്നു. സംവിധായകൻ വി.എം. വിനുവിന്റെ അനിയനാണ് വി.എം.അനിൽ.
നെഗറ്റീവ് വേഷങ്ങൾ ഇഷ്ടാണ്
നെഗറ്റീവ് വേഷങ്ങൾ ചെയ്യാൻ എളുപ്പമായിട്ടാണ് ഇതുവരെ തോന്നിയിട്ടുള്ളത്. ഇത്തിരി വെല്ലുവിളി നിറഞ്ഞ വേഷമാണ് ഒന്പതാം വളവിലേത്. നെഗറ്റീവ് വേഷങ്ങൾ കിട്ടുന്പോൾ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ളതു പോലെ തോന്നും. അല്ലാതുള്ള വേഷങ്ങൾ കിട്ടുന്പോൾ ഒന്നും ചെയ്യാനില്ലല്ലോ… പറയുന്നു, ചെയ്യുന്നു അത്ര തന്നെ.
അവസരം തേടി നടന്നിട്ടില്ല
ഇതുവരെ വന്ന വേഷങ്ങൾ അത്രയും എന്നെ തേടിയെത്തിയ താണ്. അവസരങ്ങൾക്കായി ഞാൻ മെനക്കെട്ട് ഇറങ്ങിയിട്ടില്ല. തേടിയെത്തിയ നല്ല വേഷങ്ങളെല്ലാം സ്വീകരിച്ചു. പിന്നെ എന്റെ പേര്, അത് അധികം ആർക്കും അറിയില്ല. പലരും കാണുന്പോൾ ചോദിക്കും സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ടല്ലേയെന്ന്. പേര് പക്ഷേ കിട്ടണില്ലല്ലോയെന്ന്…എത്രയോ തവണ ഇങ്ങനെയുള്ള ചോദ്യങ്ങൾ വരുന്പോൾ പേര് ജെന്നിഫറാണെന്ന് പറയേണ്ടി വന്നിട്ടുണ്ട്. പക്ഷേ കഥാപാത്രങ്ങളുടെ പേരിൽ ആൾക്കാർ എന്നെ തിരിച്ചറിയുക എന്നു പറയുന്നത് ഒരു ഭാഗ്യം അല്ലേ. അതിൽ ഞാൻ വലിയ ഹാപ്പിയാണ്.
പവിഴത്തെ എല്ലാവർക്കും അറിയാം
സംവിധായകൻ നിതിൻ രഞ്ജി പണിക്കറിന് ഓരോ കഥാപാത്രത്തെ കുറിച്ചും കൃത്യമായ ഐഡിയ ഉണ്ടായിരുന്നു. എന്റേത് അതിൽ ചെറിയ റോളാണെങ്കിലും മുഖത്തെ ഓരോ ഭാവങ്ങൾ വരെ സംവിധായകൻ കാട്ടിത്തരുമായിരുന്നു. എന്നിട്ട് ഇങ്ങനെ അങ്ങ് ചെയ്താൽ മതിയെന്നു പറയും. പുള്ളി പറഞ്ഞുകൊടുക്കുന്ന രീതി കാണേണ്ടത് തന്നെയാണ്. കസബയിലെ പവിഴത്തെ എല്ലാവർക്കും അറിയാം. ചിത്രം റിലീസ് ആയ ശേഷം ആ വേഷത്തെ കുറിച്ച് പലരും നല്ല അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി സാറിനൊപ്പം അഭിനയിക്കാൻ പറ്റുകയെന്നു പറയുന്നതും ഭാഗ്യമല്ലേ.
സംവിധായകരുടെ സ്കൂളിൽ
ഞാൻ ചെയ്തിട്ടുള്ളത് ചെറിയ ചെറിയ വേഷങ്ങളാണെങ്കിലും മുൻനിര സംവിധായർക്കൊപ്പം ജോലി ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. നീനയിൽ ലാൽ ജോസ് സാറിനൊപ്പം, പുത്തൻപണത്തിൽ രഞ്ജിത് സാറിനൊപ്പം, പത്തേമാരിയിൽ സലീം അഹമ്മദിനൊപ്പം. ഭാസ്കർ ദ റാസ്ക്കലിൽ സിദ്ധിഖ് സാറിനൊപ്പം.. അതൊക്കെ വലിയ അനുഭവങ്ങളാണ്. വലിയ സിനിമകളിലെ ചെറിയ വേഷങ്ങൾ നൽകിയ വലിയ വലിയ അനുഭവങ്ങൾ. എല്ലാവരും എനിക്ക് നല്ലപിന്തുണയാണ് തന്നിട്ടുള്ളത്.
സിനിമയിലേക്ക് എത്താൻ വൈകി
കുഞ്ഞുനാൾ മുതലേ സിനിമയിൽ അഭിനയിക്കണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു. 1992-ൽ മിസ് ബാംഗ്ലൂർ പട്ടം കിട്ടിയ ശേഷം ഒരുപാട് അവസരങ്ങൾ കന്നട സിനിമയിൽ വന്നു. പക്ഷേ ആ സമയത്ത് വീട്ടിൽ നിന്നും പിന്തുണ ഉണ്ടായിരുന്നില്ല. പിന്നെ എന്റെ കല്യാണവും അതിനിടയിൽ നടന്നു. അതോടെ ആ സ്വപ്നം അവിടം കൊണ്ട് അങ്ങ് തീർന്നുവെന്നു കരുതി. ഇടയ്ക്കൊക്കെ തോന്നും കിട്ടിയ അവസരങ്ങൾ ഉപയോഗിക്കണമായിരുന്നുവെന്ന്. തോന്നിയിട്ട് മാത്രം കാര്യം ഇല്ലല്ലോ. പിന്നെ ഞാൻ പതിയെ പതിയെ ഒരു വീട്ടമ്മയായി.
ബിസിയോട് ബിസി
കുട്ടികളൊക്കെ ആയി കഴിഞ്ഞപ്പോൾ പിന്നെ അവരുടെ കാര്യങ്ങൾ നോക്കി മുന്നോട്ട് പോയി. അതിനിടിയിൽ പെയിന്റിംഗും കാര്യങ്ങളും എല്ലാം എനിക്കൊപ്പം ഉണ്ടായിരുന്നു. ചുമ്മാ ഇരിക്കേണ്ടുന്ന ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഒന്നുകിൽ പിള്ളേരുടെ കാര്യം, അല്ലെങ്കിൽ പെയിന്റിംഗും കാര്യങ്ങളുമായി അങ്ങനെ പോയി. 10.30 എഎം ലോക്കൽ കോൾ സിനിമയുടെ പ്രൊഡ്യൂസർ എന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് സിനിമയിലേക്കുള്ള വഴി തുറക്കുന്നത്. തീരെ പ്രതീക്ഷിക്കാതെ അങ്ങനെ ഒരു എൻട്രി കിട്ടിയല്ലോ.. അതിൽ ഞാൻ ഹാപ്പിയാണ്.
എല്ലാം ഇൻഡസ്ട്രിയും കൂളാണ്
മലയാളം, കന്നട, തമിഴ്, ഹിന്ദി.. നാലു ഭാഷകളിൽ അഭിനയിക്കാൻ പറ്റി. നാല് സിനിമ ഇൻഡസ്ട്രിയിലും കൂളായിട്ട് വർക്ക് ചെയ്തു. ഹിന്ദിയിൽ നസറുദിൻ ഷായുടെ സിനിമയിൽ ചെറിയ വേഷം ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. ബംഗളൂരുവാണ് എനിക്ക് കൂടുതലും കംഫർട്ടബിൾ. കന്നടയാകുന്പോൾ വീട്ടിൽ പോകാമല്ലോ എന്നുള്ള ചിന്ത എന്നെ കൂടുതൽ സന്തോഷിപ്പിക്കാറുണ്ട്. എന്നാലും മലയാളത്തിൽ നല്ല വേഷങ്ങൾ ചെയ്യാനാണ് എനിക്ക് താത്പര്യം.
ഞാനൊരു മലയാളി
അച്ഛന്റെയും അമ്മയുടെയും നാട് കേരളത്തിലാണ്. പക്ഷേ ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ബംഗളൂരുവിൽ തന്നെയാണ്.അച്ഛനും അമ്മയും കേരളീയരാണെങ്കിലും സെറ്റിൽ ചെയ്തത് ബംഗളൂരുവിലാണ്. അതുകൊണ്ട് മലയാളവും കന്നടയും എല്ലാം എനിക്ക് നല്ലവണ്ണം വഴങ്ങും.രണ്ട് സഹോദരിമാരാണ് എനിക്ക് ഉള്ളത്.അച്ഛൻ സി.കെ.പോൾ വരയ്ക്കുമായിരുന്നു.ആ വാസന എനിക്കും ഏറെക്കുറെ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിത്രരചനയാണ് എന്റെ പ്രധാന ഹോബി. ശോശാമ്മയെന്നാണ് അമ്മയുടെ പേര്.
ഡ്രീം റോൾ
ഒരു ബിഗ് ബജറ്റ് സിനിമയിൽ പ്രാധാന്യമുള്ളൊരു വേഷം ചെയ്യണമെന്നുണ്ട്. മുഴുനീളെ വേഷം എന്നുവേണമെങ്കിൽ പറയാം. ഒരു വലിയ സിനിമയിൽ സീനിയർ താരങ്ങൾക്കൊപ്പം ഒരു മുഴുനീള വേഷം. അതിപ്പോൾ ഏതൊരു നടിയുടെയും സ്വപ്നമാണ്. അങ്ങനെ ഒരു വേഷം കിട്ടിയാൽ അത് ഞാൻ നല്ലപോലെ ആസ്വദിച്ച് ചെയ്യും.
സീരിയലുകൾ ഒരുപാടുണ്ട്
കന്നടയിൽ സീരിയലുകൾ ചെയ്യുന്നുണ്ട്. അഭിനയകളരി പോലെ അതിനെ കണ്ടിട്ടുള്ളു. കംഫർട്ടബിൾ എന്നു പറയുന്നത് സിനിമയാണ്. സീരിയലിൽ ഓവറായിട്ട് എക്സ്പ്രഷൻ കൊടുക്കേണ്ടി വരും. അത് പലപ്പോഴും സിനിമയിൽ അഭിനയിക്കുന്പോൾ നെഗറ്റീവായി ബാധിച്ചിട്ടുണ്ട്. സിനിമയിൽ അത്രയും ഒന്നും എക്സ്പ്രഷൻ വേണ്ടിവരില്ല. സീരിയലിൽ അഭിനയിച്ച് ശീലിച്ചത് കൊണ്ട് അറിയാതെ ഓവർ എക്സ്പ്രഷൻ കയറി വരും. ഇപ്പോൾ എല്ലാം ശരിയായി വരുന്നുണ്ട്. കുറെയൊക്കെ കാര്യങ്ങൾ രണ്ട് ഇൻഡസ്ട്രിയിൽ നിന്നും പഠിക്കാൻ സാധിച്ചു.
കുടുംബത്തിന്റെ പിന്തുണ
ഹസ്ബൻഡിന്റെ പേര് ആന്റണിയെന്നാണ്. ഗ്രാനൈറ്റിന്റെ ബിസിനസാണ്. പിന്നെ രണ്ടു കുട്ടികളാണ് ഉള്ളത്. ഒരാൾ വീഡിയോ എഡിറ്റിംഗ് പഠനം കഴിഞ്ഞു. രണ്ടാമത്തേയാൾ പഠിച്ചുകൊണ്ടിരിക്കുന്നു. അവരൊക്കെയാണ് എന്റെ സപ്പോർട്ടേഴ്സ്. ഇവരുടെ പിന്തുണയില്ലെങ്കിൽ ഒരിക്കലും എനിക്ക് ഇങ്ങനെ സജീവമായി അഭിനയ മേഖലയിൽ നിൽക്കാൻ പറ്റില്ലാല്ലോ. അക്കാര്യത്തിൽ ദൈവം ശരിക്കും എന്നെ അനുഗ്രഹിച്ചുവെന്നു പറയാം.
മലയാള സിനിമയിലെ ഇപ്പോഴത്തെ പ്രതിസന്ധി
എല്ലാ മേഖലകളിലും പ്ലസും മൈനസും ഉണ്ട്. സിനിമ ഇൻഡസ്ട്രി ആകുന്പോൾ കൂടുതൽ ആൾക്കാർ അറിയും. മറ്റ് മേഖലകളിലുള്ള പ്രശ്നങ്ങളാകട്ടെ, അറിയാതെ പോകുകയും ചെയ്യും. സെലിബ്രിറ്റി പരിവേഷം ഉള്ളതുകൊണ്ട് സിനിമാ മേഖലയിലെ പ്രശ്നങ്ങൾക്ക് കൂടുതൽ ശ്രദ്ധ കിട്ടുന്നുവെന്നേയുള്ളു. അതിനെപ്പറ്റി കൂടുതലായി പറയാൻ ഞാൻ ആളല്ല.
നടിമാരുടെ പ്രശ്നങ്ങളെക്കുറിച്ച്
നടിമാരുടെ സെക്യൂരിറ്റി പ്രശ്നങ്ങളെക്കുറിച്ച് ഒരുപാട് വാർത്തകൾ വരുന്നുണ്ട്. ഒന്നും ഇല്ലാതെ അവർ അങ്ങനെ പ്രതികരിക്കില്ലല്ലോ. എനിക്ക് ഇതുവരെ സുരക്ഷിതത്വം ഇല്ലായെന്ന് തോന്നിയിട്ടില്ല. എന്റെ അവസ്ഥ പോലെ ആകണമെന്നില്ലല്ലോ മറ്റുള്ളവർക്ക്. പിന്നെ അവസരങ്ങൾ നഷ്ടപ്പെടുന്ന കാര്യം. അതുള്ള കാര്യമാണ്. എനിക്കും അതുപോലെ ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ആദ്യം വിളിക്കും വേഷം ഉണ്ടെന്ന് പറയും. പിന്നെ ഒരു വിളിയും കാണില്ല. ആ വേഷങ്ങളൊക്കെ എങ്ങനെയോ തിരിഞ്ഞുമറിഞ്ഞ് പോയി. അത് എങ്ങനെയാണെന്ന് എനിക്കറിയില്ല.
അഭിനയത്തിന്റെ കാര്യത്തിൽ നോ കോംപ്രമൈസ്
പ്രതിസന്ധികൾ ഉണ്ടായാലും അഭിനയത്തിനോട് നോ പറയില്ല. ഗ്ലാമർ വേഷങ്ങൾ വന്നാലും ചെയ്യും. എല്ലാത്തരം വേഷങ്ങളും ചെയ്യണമെന്നുണ്ട്.അതുപക്ഷേ തേടിയെത്തണം. ഇപ്പോൾ ഗ്ലാമറസായ വേഷം ചെയ്താൽ അതുമാത്രമേ ഞാൻ ചെയ്യുള്ളു എന്നില്ല. സിംപിളായിട്ടുള്ള, പ്രാധാന്യമുള്ള, വെല്ലുവിളികളുള്ള വേഷങ്ങളൊക്കെ ചെയ്യണമെന്നുണ്ട്. എല്ലാത്തരം വേഷങ്ങളും ചെയ്യാൻ ഞാൻ റെഡിയാണ്.
വി.ശ്രീകാന്ത്