ഗിരീഷ് പരുത്തിമഠം
അന്ന് അവളുടെ പിറന്നാളായിരുന്നു. സ്നേഹനിധികളായ മാതാപിതാക്കളുടെ പുന്നാര മകളായി ഈ ഭൂമിയിൽ ജനിച്ചതിന്റെ ഇരുപതാം വാർഷികം. അതിനുമപ്പുറം അവൾ സന്തോഷിച്ചത്, തന്നെ ജീവന്റെ ജീവനായി കരുതുന്ന അവനെക്കുറിച്ച് ഓർത്താണ്. അവനെ കണ്ടുമുട്ടാതിരുന്നെങ്കിൽ, പരിചയപ്പെടാതിരുന്നെങ്കിൽ, സൗഹൃദം പ്രണയമായി പരിണമിച്ചില്ലായിരുന്നെങ്കിൽ, ചിന്തിക്കാൻ പോലും വയ്യ, അവൾ ദൈവത്തോട് പല തവണ നന്ദി പറഞ്ഞു. പിറന്നാൾ ആഘോഷം ഗംഭീരമാക്കണമെന്ന് അവൻ അഭിപ്രായപ്പെട്ടു. അവൾ സമ്മതിച്ചു. അവൻ അവളെ വീട്ടിലേക്ക് ക്ഷണിച്ചു. പിന്നീട് ഇരുവരും ഒരു വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് യാത്രയായി. പ്രിയപ്പെട്ടവൾക്ക് അവൻ ഒരു പിറന്നാൾ സമ്മാനവും പ്രണയാർദ്രതയോടെ തന്നെ കൈമാറി. സമ്മാനം ഇരുകൈകളും നീട്ടി സ്വീകരിച്ചപ്പോൾ അവളുടെ കണ്ണുകളിൽ നക്ഷത്രങ്ങൾ തിളങ്ങി. അവന്റെ കണ്ണുകളിൽ, പക്ഷെ, മറ്റൊന്നായിരുന്നു ഭാവം. സമ്മാനപ്പൊതി തുറന്നു നോക്കിയ അവൾ ഒരു നിമിഷം അന്പരന്നു. അതിനുള്ളിൽ ഒരു ചുറ്റിക.. പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു.
ബാല്യകാല സുഹൃത്തുക്കൾ
ജന്നിഫർ പുഷ്പ 20 കാരിയായ ഐ ടി വിദ്യാർഥിനിയാണ്. നുങ്കംപാക്കത്തെ സ്വകാര്യ കോളേജിലാണ് പഠനം. കാന്പസ് ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ഈയിടെ ജന്നിഫറിന് ഒരു ഐടി കന്പനിയിൽ ഉദ്യോഗവും നേടാനായി. മാതാപിതാക്കളോടൊപ്പം ചെന്നൈ കോട്ടിവക്കത്താണ് ജന്നിഫറിന്റെ താമസം. ഒരു വർഷം മുന്പാണ് അവൾ സെമഞ്ചരി സ്വദേശിയായ ജോണുമായി പ്രണയത്തിലാകുന്നത്. 22 കാരനായ കെമിസ്ട്രി ബിരുദധാരിയാണ് ജോണ്.
പക്ഷെ, ഇതുവരെ ജോലിയൊന്നും ലഭിച്ചില്ല. തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് ഉചിതമായ തൊഴിൽ നേടാനാകുമെന്ന പ്രതീക്ഷയിലാണ് അയാൾ. പിതാവ് മനികാ ദാസിന്റെ തുന്നൽക്കടയിൽ സഹായിയായി അയാൾ പോകാറുണ്ട്. ജന്നിഫറും ജോണും സെമഞ്ചേരിയിൽ ഒരു സ്കൂളിലെ വിദ്യാർഥികളായിരുന്നു. ജന്നിഫറിന്റെ കുടുംബം പിന്നീട് പട്ടണത്തിലേക്ക് താമസം മാറ്റി. ജോണും കുടുംബവും സെമഞ്ചേരിയിലെ ഒരു ഹൗസിംഗ് ബോർഡിലായിരുന്നു താമസം. ബാല്യകാല സൗഹൃദം യൗവനാവസ്ഥയിൽ പ്രണയമായി തളിർത്തുവെന്ന് പോലീസ് പറയുന്നു. ജന്നിഫറിന്റെ മാതാപിതാക്കൾ ഈ ബന്ധത്തിന് എതിരായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എത്രയും പെട്ടെന്ന് ജോണുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് അവർ മകളോട് ആവശ്യപ്പെട്ടു. ഇരുവരുടെയും കുടുംബസാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്.
നിലവിൽ ജോണിന് തുന്നൽക്കടയിലെ തുച്ഛമായ വരുമാനമല്ലതെ വേറെ നിവൃത്തിയില്ല. ജന്നിഫറിനാണെങ്കിൽ ഐടി മേഖലയിൽ ഇനിയും ഉയരങ്ങളിലെത്താനാകും. മകളുടെ ശോഭനമായ ഭാവി ലക്ഷ്യമാക്കിയുള്ള മാതാപിതാക്കളുടെ ഉപദേശത്തോട് അവൾ യാതൊരു എതിരും പ്രകടിപ്പിച്ചില്ലത്രെ. മകൾ ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു മാതാപിതാക്കളുടെ വിശ്വാസം. അതേ സമയം, ജന്നിഫർ ഇക്കാര്യം ജോണിനോട് പറഞ്ഞിട്ടുണ്ടാകണം. സ്വാഭാവികമായും ജന്നിഫർ തന്നിൽ നിന്നകലാൻ സാധ്യതയുണ്ടെന്ന് അയാൾ വിചാരിച്ചു. അങ്ങനെയെങ്കിൽ, ജന്നിഫറിന്റെ വിധി താൻ തന്നെ നടപ്പാക്കണമെന്നും അയാൾ ഉറപ്പിച്ചു. ജോണിന്റെ ക്രൂരമായ പ്രവൃത്തിയുടെ കാരണമിതാണെന്നാണ് പോലീസ് നിഗമനം.
മകളെ കാണാനില്ല
മകളെ കാണാനില്ലെന്ന് ജന്നിഫറിന്റെ പിതാവ് ഹൃദയരാജ് പോലീസിൽ പരാതി നൽകിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ജന്നിഫറിന്റെ മൊബൈൽ ഫോണ് ട്രേസ് ചെയ്തപ്പോൾ മഹാബലിപുരത്തിനു അടുത്താണെന്ന് തെളിഞ്ഞു. അടുത്ത ദിവസം രാവിലെ പോലീസ് സംഘം മഹാബലിപുരത്ത് എത്തിച്ചേർന്നു.
പുലിഗുഹയ്ക്ക് അരികിൽ ഒരു ബൈക്ക് കാണപ്പെട്ടു. ജോണ് മാത്യുവിന്റേതായിരുന്നു ബൈക്ക്. ഗുഹയ്ക്ക് വെളിയിലെ കാറ്റാടി മരത്തിൽ ജോണ് മാത്യുവിന്റെ മൃതദേഹം ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. രക്തക്കറ പുരണ്ട ഒരു ഇരുന്പു ചുറ്റികയും സമ്മാനപ്പെട്ടിയും സമീപത്ത് നിന്നും പോലീസിന് ലഭിച്ചു.
ഗുഹയ്ക്കുള്ളിൽ ജന്നിഫറിന്റെ മൃതദേഹവും ഉണ്ടായിരുന്നു. മുഖവും ശരീരവുമാകെ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. ഇരുമൃതദേഹങ്ങളും പോസ്റ്റുമോർട്ടത്തിനായി പോലീസ് ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. പിറന്നാൾ ആഘോഷം മഹാബലിപുരത്താകട്ടെ എന്ന് ജോണും ജന്നിഫറും ചേർന്ന് തീരുമാനിച്ചതായിരിക്കാം. ജോണ് തന്നെ നിർദേശിച്ചതാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ജോണിന്റെ ബൈക്കിലായിരുന്നു കമിതാക്കളുടെ യാത്ര. ജോണിനോട് ചേർന്നിരിക്കുന്പോൾ അതൊരു തിരിച്ചുവരവില്ലാത്ത യാത്രയാണെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല. കഴിഞ്ഞ മാർച്ച് 30നാണ് അവർ മഹാബലിപുരത്തേക്ക് പോയത്.
വൈകുന്നേരം ആറോടെ ജോണും ജന്നിഫറും മഹാബലിപുരത്ത് എത്തിച്ചേർന്നു. മഹാബലിപുരത്തെ പുലിഗുഹകൾ വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഇടമാണ്. മഹാബലിപുരത്ത് നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് പുലിഗുഹ. അവയിലൊന്നിൽ വച്ചാണ് ജോണ് പിറന്നാൾ സമ്മാനം ജന്നിഫറിന് കൈമാറിയത്. തുറന്നു നോക്കാനും ആവശ്യപ്പെട്ടു. പിറന്നാൾ സമ്മാനത്തിന്റെ അന്പരപ്പിൽ നിന്നും മോചിതയാകുന്നതിനു മുന്പ് അതേ ചുറ്റികയാൽ ജോണ് ജന്നിഫറിനെ ആക്രമിച്ചു.
ശിരസിലും ശരീരത്തിലുമെല്ലാം ആഞ്ഞാഞ്ഞ് മർദിച്ചു. മൃഗീയമായ മർദനത്തിൽ അവൾ മരണമടഞ്ഞു. തുടർന്ന് അവളുടെ ചുരിദാറിന്റെ ഷാളിൽ അവൻ പരിസരത്തെ കാറ്റാടി മരത്തിൽ കെട്ടിത്തൂങ്ങി.
സംശയത്തിന്റെ തോത് വർധിച്ചപ്പോൾ
കാമുകി നഷ്ടമാകുമെന്ന ചിന്തയാണ് ജന്നിഫറിനെ ചുറ്റിക കൊണ്ട് അടിച്ചു കൊല്ലാനും സ്വയം ഒടുങ്ങാനും ജോണിനെ പ്രേരിപ്പിച്ചത്. തമിഴ്നാട്ടിലെ തന്നെ ഗുഡുവാഞ്ചേരി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ 43 കാരനായ ബിൽഡിംഗ് കോണ്ട്രാക്ടർ ഈയടുത്ത ദിവസം തന്റെ രണ്ടാം ഭാര്യയെയും രണ്ടു വയസുള്ള മകനെയും കൊന്നതും ചുറ്റിക ഉപയോഗിച്ചാണ്. കാഞ്ചീപുരം ജില്ലയിലെ അയ്യഞ്ചേരിയിലെ ലോകനാഥനാണ് ഭാര്യ ദീപ്തി (29) യെയും മകൻ റോണക്കിനെയും നിർദാക്ഷിണ്യം കൊന്നത്. ബംഗാൾ സ്വദേശിനിയായ ദീപ്തിയും ലോകനാഥനും നാലു വർഷം മുന്പാണ് പ്രണയിച്ച് വിവാഹിതരായത്.
ദീപ്തി ഒരു ബ്യൂട്ടീഷൻ കൂടിയാണ്. മറ്റുള്ളവരുമായുള്ള ദീപ്തിയുടെ സൗഹാർദപരമായ പെരുമാറ്റം ലോകനാഥനിൽ സംശയമുളവാക്കി. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് ലോകനാഥൻ ദീപ്തിയുമായി മിക്കവാറും വഴക്കുണ്ടാക്കാറുമുണ്ടായിരുന്നു. സംഭവദിവസം നേരത്തെയെത്തിയ ലോകനാഥൻ ദീപ്തിയെയും മകനെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നതിനു ശേഷം തിരികെ ജോലിസ്ഥലത്തേക്ക് പോയി. രാത്രി അതേ വീട്ടിൽ തന്നെ സമാധാനത്തോടെ കിടന്നുറങ്ങി. അടുത്ത ദിവസം പോലീസ് സ്റ്റേഷനിൽ ചെന്ന് വിവരങ്ങളെല്ലം ബോധിപ്പിച്ച് കീഴടങ്ങി.