ദുബായ്: ടെസ്റ്റ് ക്രിക്കറ്റിന്റെ 142 വര്‍ഷത്തെ പാരമ്പര്യം തകര്‍ക്കാന്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഒരുങ്ങുന്നു. ഈ വര്‍ഷത്തെ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇരുടീമുകളുടെയും ജഴ്സിയില്‍ പേരും നമ്പറുമെഴുതും. 1877 ആദ്യ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറിയത് മുതല്‍ ഇതുവരെ അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങള്‍ക്ക് ജഴ്സിയില്‍ പേരോ നമ്പറോ ഉള്‍പ്പെടുത്തിയിരുന്നില്ല. ഓഗസ്റ്റ് ഒന്നിനാണ് ആഷസ് പരമ്പരയ്ക്കു തുടക്കമാകുന്നത്. ഇംഗ്ലണ്ടാണ് ഇത്തവണ വേദിയാകുന്നത്.
അടുത്ത ആഷസ് പരമ്പരയില്‍ പേരും നമ്പറും ഉള്‍പ്പെടുത്താന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് ഓസ്ട്രേലിയയും തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജഴ്സിയില്‍ നമ്പറും പേരും ഉപയോഗിക്കുന്നുണ്ട്.
ഐസിസി പുതുതായി അവതരിപ്പിച്ച ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഇത്തവണ ആഷസ് പരമ്പര. അതുകൊണ്ട് കളിക്കാരെ പെട്ടെന്ന് തിരിച്ചറിയാനായി ഐസിസി വെളുത്ത ജഴ്സില് അവരുടെ പേരും നമ്പറും വയ്ക്കാന്‍ തയാറാകുന്നുണ്ട്. ഈ രണ്ടു വര്‍ഷം നീണ്ടു നില്ക്കുന്ന ടൂര്‍ണമെന്റില്‍ റാങ്കിംഗിലെ ആദ്യ ഒമ്പത് ടീമുകള്‍ പങ്കെടുക്കും. 2021ലാണ് ഫൈനല്‍.
1877ലെ ആദ്യ ടെസ്റ്റ് മുതല്‍ വെളുത്തതോ ക്രീം കളറോ ജഴ്സി ഇട്ടാണ് ടെസ്റ്റ് കളിക്കാനിറങ്ങുന്നത്. 2001ല്‍ ഇംഗ്ലണ്ടാണ് കളിക്കാരുടെ വസ്ത്രധാരണത്തില്‍ ആദ്യ മാറ്റം വരുത്തിയത്. കളിക്കാരുടെ ടെസ്റ്റ് ക്യാപ്പില്‍ നമ്പര്‍ രേഖപ്പെടുത്തുന്നതായിരുന്നു ഈ മാറ്റം. പിന്നീട് മറ്റ് ടീമുകളും ഈ രീതി പിന്തുടര്ന്നു. കൗണ്ടി ക്രിക്കറ്റില്‍ 2003 മുതല്‍ ജഴ്സിയില്‍ നമ്പറും പേരും ചേര്‍ക്കുന്നുണ്ട്.
1992 ലെ ലോകകപ്പ് മുതലാണ് കളര്‍ ജഴ്സി ഇട്ടു തുടങ്ങിയത്. 1999 ലോകകപ്പ് മുതല്‍ പേരും നമ്പറും അവതരിപ്പിച്ചു തുടങ്ങി. 2003 മുതല്‍ ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാരുടെ ജഴ്സിയില്‍ പേരും നമ്പറും ഇട്ടു തുടങ്ങി.
ആഷസ് പരമ്പരയില്‍ പേരും നമ്പറും ഉള്‍പ്പെടുത്താന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് ഓസ്ട്രേലിയയും തയാറാക്കിയ പദ്ധതി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഐസിസി. പുതുതായി അവതരിപ്പിച്ച ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഇത്തവണ ആഷസ് പരമ്പര. അതുകൊണ്ടുതന്നെ ഐസിസി ഈയൊരു മാറ്റത്തിന് സമ്മതം മൂളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടെസ്റ്റിന്റെ കൂടുതല്‍ ജനസമ്മിതി ആഗ്രഹിക്കുന്ന ഐസിസി ചെറിയ മാറ്റങ്ങള്‍ക്ക് സമ്മതം മൂളാന്‍ സാധ്യതയുണ്ട്. പുതിയതായി തുടങ്ങുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലൂടെ ടെസ്റ്റ് ക്രിക്കറ്റിന്റെ മാര്‍ക്കറ്റും ജനസമ്മിതിയുമാണ് ഐസിസി ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ കളിക്കാരുടെ നമ്പര്‍ ഒരു ബ്രാന്ഡാകുന്നതോടെ പകർപ്പ് ഷര്‍ട്ടുകളുടെ മാര്‍ക്കറ്റും ഇതോടെ വളരും. കളിക്കാര്‍ക്ക് ഒന്നു മുതല്‍ 99 വരെയുള്ള നമ്പറുകള്‍ തെരഞ്ഞെടുക്കാം.