കാവുംമന്ദം: വയനാട് കാവുംമന്ദം കല്ലങ്കാരി സ്വദേശിയായ എട്ടാം ക്ലാസുകാരന്റെ ചെറുകുഴിയിൽ വീടിന്റെ മുറ്റത്തേക്കു കയറി വരുന്ന ആരും ചോദിച്ചുപോകും… ഇവനല്ലെങ്കിൽ പിന്നെ ആരാണ് എൻജിനിയർ!
വന്പൻ കന്പനികളുടെ മണ്ണുമാന്തി യന്ത്രങ്ങളോടു മത്സരിക്കുന്ന മട്ടിൽ ഇവൻ നിർമിച്ച കുഞ്ഞൻ മണ്ണുമാന്തിയന്ത്രം മണ്ണ് കുത്തിയിളക്കുന്നു, യന്ത്രക്കൈകൊണ്ട് കോരിയെടുക്കുന്നു, മറ്റൊരിടത്തേക്കു നിക്ഷേപിക്കുന്നു…
മണ്ണിൽ ചായുകയും ചരിയുകയും മാന്തുകയുമൊക്കെ ചെയ്യുന്ന യന്ത്രക്കൈയുടെ പ്രവർത്തനം ഈ വിദ്യാർഥി ക്രമീകരിച്ചിരിക്കുന്നതു കാണുന്പോഴാണ് കാഴ്ചക്കാർ ശരിക്കും വിസ്മയിച്ചുപോകുന്നത്.
ആശുപത്രികളിൽനിന്നു ലഭിക്കുന്ന ഇഞ്ചക്ഷൻ സിറിഞ്ചുകളിലെ മർദം പ്രയോജനപ്പെടുത്തിയാണ് മണ്ണുമാന്തിയന്ത്രം മണ്ണ് ഇളക്കുകയും വാരുകയും ചെയ്യുന്നത്. ഇതു കുഞ്ഞ് എൻജിനിയർ ജെറിൻ ജോസഫ്(13). തരിയോട് ജിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥി.
പനി പിടിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നപ്പോൾ തനിക്കു ചെയ്ത ഇഞ്ചക്ഷൻ സിറിഞ്ചുകൾ ജെറിൻ ചോദിച്ചുവാങ്ങി. ഒപ്പം പഴയ കാർഡ്ബോർഡ്, ഗ്ലൂക്കോസ് പൈപ്പ്, സ്പ്രേ കുപ്പി തുടങ്ങിയവകൂടി ചേർന്നപ്പോൾ തകർപ്പൻ മണ്ണുമാന്തിയന്ത്രം തയാർ.
സിറിഞ്ചിൽ വെള്ളം നിറച്ചു ഗ്ലൂക്കോസ് പൈപ്പിലൂടെ കടത്തിവിട്ടാണ് ഇതിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ആവശ്യമായ ലൈറ്റ് സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട്.
പഠനത്തിലും മിടുക്കനായ ജെറിൻ മുന്പ് കാടുവെട്ട് യന്ത്രം, കുഞ്ഞു ജനറേറ്റർ തുടങ്ങിയവയും ഉണ്ടാക്കിയിരുന്നു.ക്രാഫ്റ്റ് നിർമാണം, ചിത്രകല എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. മൂന്നു വർഷം മുന്പ് പിതാവ് സി.ഡി. ജോസഫ് മരിച്ചു. അമ്മ വിജയമ്മ തൊഴിലുറപ്പ് ജോലിക്കു പോയിട്ടാണ് ഇപ്പോൾ ജെറിനും കുടുംബവും ജീവിക്കുന്നത്.
സർക്കാർ വച്ചു നൽകിയ, ഇനിയും പണി പൂർത്തിയാകാത്ത കൊച്ചു വീട്ടിലാണ് താമസം. പഠിച്ചു നല്ലൊരു എൻജിനിയറായി മാറണമെന്നതാണ് ഈ കൊച്ചുമിടുക്കന്റെ ആഗ്രഹം. പ്രോത്സാഹനവുമായി അമ്മയും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം ഒപ്പമുണ്ട്. ജെറിനെ ബന്ധപ്പെടാനുള്ള ഫോൺ നന്പർ: 97445 34075.