ചേർത്തല: ജന്മനാ ശരീരം തളർന്ന ജെറിൻ എന്ന പ്ലസ്ടു വിദ്യാർഥി സ്കൂളിൽ പോയിട്ട് ഒരാഴ്ച പിന്നിട്ടു. കനത്ത മഴയിൽ വീടിനു ചുറ്റും വെള്ളക്കെട്ടായതും ജെറിനായി പഞ്ചായത്ത് ഭരണസമിതി പ്രത്യേകം നിർമിച്ച വഴി കുണ്ടുംകുഴിയുമായതോടെയാണ് ജെറിന്റെ സ്കൂളിലേക്കുള്ള യാത്ര മുടങ്ങിയത്.
കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് തങ്കി ചക്കുങ്കൽ വീട്ടിൽ പി.ജെ. ആന്റണിയു(രാജു) ടെ മകനാണ് ജോസഫ് ജെറിൻ. ജ·ന ശരീരം തളർന്ന ജെറിൻ പഠിക്കാൻ മിടുക്കനാണ്. കണ്ടമംഗലം ഹയർസെക്കൻറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്. മോട്ടോർ പിടിപ്പിച്ച വീൽച്ചെയറിൽ സ്കൂളിൽ പൊകുന്ന ജെറിൻ തോരാമഴയിൽ ഒരാഴ്ചയിലെറെയായി വീടിനു പുറത്തിറങ്ങാനാവാതെ വീർപ്പുമുട്ടുകയാണ്
. പഠനം മുടങ്ങിയതും കൂട്ടുകാരെയും അധ്യാപകരെയും കാണാനാവാത്തതും ജെറിനെ വിഷമിപ്പിക്കുന്നു. നടപ്പാത മാത്രമായിരുന്ന ഇവിടെ 2008-ൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതി ജെറിന്റെ വീൽച്ചെയർ കടന്നുപോകത്തക്കവിധത്തിൽ വീതിയിൽ സജ്ജീകരിച്ചു കൊടുത്തിരുന്നു.
എന്നാൽ നാളിതുവരെ ഈ പാതയിൽ ഒരു വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ല. കുണ്ടുംകുഴിയും നിറഞ്ഞ ഇവിടം ഒരു മഴ പെയ്താൽ തന്നെ വെള്ളത്തിലാകും. പഞ്ചായത്തിൽ നിന്ന് ജെറിന്റെ വീടുവരെ റോഡ് അനുവദിച്ചെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല.
കൂടാതെ കളക്ടർ, ആർഡിഒ എന്നിവർക്കും പഞ്ചായത്തിലും ഇതു സംബന്ധിച്ച് പരാതി നല്കിയിരുന്നതായി ജെറിന്റെ പിതാവ് ആന്റണി പറയുന്നു. സ്കൂളിൽ എത്രയും വേഗം പോകാമെന്ന പ്രതീക്ഷയിലാണ് ജെറിൻ.