പത്തനംതിട്ട: ജെസ്ന എന്ന പെണ്‍കുട്ടിയുടെ തിരോധാനം കേരള പോലീസിനു മുന്പിൽ ചോദ്യചിഹ്നമാകുന്നു. അന്വേഷണം നൂറാം ദിനത്തിലെത്തുന്പോഴും ഇതിനൊരു അവസാനമില്ലേയെന്ന ചോദ്യം ബാക്കി. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ ബികോം വിദ്യാർഥിനി മുക്കൂട്ടുതറ കൊല്ലമുള കുന്നത്തുവീട്ടിൽ ജെസ്ന മരിയ ജെയിംസ് എന്ന 20 കാരിക്കുവേണ്ടി കേരളം കാത്തിരിപ്പ് തുടങ്ങിയിട്ട് ഇന്ന് നൂറുദിനമാകുകയാണ്.
കഴിഞ്ഞ മാർച്ച് 22നു രാവിലെയാണ് ജെസ്നയെ വീട്ടിൽനിന്നു കാണാതാകുന്നത്.
ഓരോദിനവും പല വിവരങ്ങളും ലഭിക്കുന്നുണ്ടെങ്കിലും ഇതൊന്നും വിശ്വാസയോഗ്യമായി എടുക്കാൻ കഴിയുന്നവയല്ലെന്നു അന്വേഷണസംഘം. ഇവയിൽ ഏറെയും നാട്ടിലെ സംസാരവിഷയങ്ങളും.
വ്യക്തമായ തെളിവുകളോ വിവരങ്ങളോ ഇക്കാര്യത്തിൽ പോലീസിനു നൽകാൻ ആരും തയാറായിട്ടുമില്ല. ബന്ധുക്കളിൽ നിന്നടക്കം വിവരശേഖരണത്തിനു പോലീസ് നടത്തിയ ശ്രമങ്ങളിലും തിരോധാനവുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു സൂചനയും ലഭിച്ചിട്ടില്ല.
യാത്രയുടെ തുടക്കം
മാർച്ച് 22നു രാവിലെ വീട്ടിൽ തനിച്ചായിരുന്ന കുട്ടി പിതൃസഹോദരിയുടെ വീട്ടിലേക്കു പോകുകയാണെന്നു സമീപവാസികളെയും സഹോദരനെയും അറിയിച്ച ശേഷമാണു യാത്ര തിരിച്ചത്. എരുമേലി വരെ ജെസ്ന എത്തിയിരുന്നത് കണ്ടവരുണ്ട്.
പിന്നീട് വിവരങ്ങളൊന്നുമില്ല. ഒറ്റയ്ക്കു വീട്ടിലുള്ള ദിവസങ്ങളിൽ പിതൃസഹോദരിയുടെ വീട്ടിലേക്ക് സാധാരണ ജെസ്ന തനിയെ പോകാറുള്ളതിനാൽ ഈ യാത്രയെക്കുറിച്ച് ആർക്കും സംശയമുണ്ടായിരുന്നില്ല. മുണ്ടക്കയം പുഞ്ചവയലിലേക്കുള്ള യാത്രയ്ക്കിടെയിലാണ് ജെസ്ന അപ്രത്യക്ഷയായതെന്നു പറയുന്നു.
സൈബർയുഗത്തിൽ അതിലൂടെ ലഭിക്കുന്ന തെളിവുകളാണ് പല തിരോധാനകേസുകളും വേഗത്തിൽ തെളിയിക്കുന്നത്. എന്നാൽ, കാണാതായ പെണ്‍കുട്ടിയുടെ കൈവശം മൊബൈൽ ഫോണോ എടിഎം കാർഡോ ഇല്ലെന്ന് പോലീസ് പറയുന്നു.
ഇവയൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിലും പ്രാഥമികമായി വീശുന്ന വലയിൽ പല തിരോധാന സംഭവങ്ങളും തെളിയിച്ച പാരന്പര്യം കേരള പോലീസിനുണ്ടെന്നുള്ളതാണ് പ്രതീക്ഷയ്ക്കു വക നൽകിയിരുന്നത്.
തുടക്കത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മെല്ലപ്പോക്ക് അന്വേഷണത്തെ സാരമായി ബാധിച്ചുവെന്ന് ഉന്നത ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. ആദ്യദിനങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചിരുന്നെങ്കിൽ ജെസ്നയെ തേടി ഇത്രയും അലയേണ്ടിവരുമായിരുന്നില്ലെന്നതാണ് ഇവരുടെയൊക്കെ നിഗമനം.
അന്വേഷിച്ചത് സഹോദരൻ
രാവിലെ 10ഓടെ വീട്ടിൽനിന്നിറങ്ങിയ കുട്ടി ഉച്ചയ്ക്കു മുന്‍പ് പിതൃസഹോദരിയുടെ വീട്ടിലെത്തേണ്ടതാണ്. വൈകുന്നേരം വീട്ടിലെത്തിയ ജെസ്നയുടെ സഹോദരൻ ജെയ്സാണ് ആദ്യം അന്വേഷിക്കുന്നത്. ജെസ്ന പിതൃസഹോദരിയുടെ വീട്ടിൽ കാണുമെന്നു വിചാരിച്ചതായി ജെയ്സ് പറയുന്നു. വിളിച്ചപ്പോൾ മാത്രമാണ് അവിടെ എത്തിയില്ലെന്ന് അറിയുന്നത്. പിന്നീട് മറ്റ് ബന്ധുവീടുകളിലും അന്വേഷിച്ചു. തുടർന്നാണ് പിതാവ് ജെയിംസിനെ അറിയിക്കുന്നത്. പിതാവും ബന്ധുക്കളും കൂടി രാത്രിയിൽതന്നെ എരുമേലി പോലീസ് സ്റ്റേഷനിലേക്കു തിരിച്ചു.
പരാതി ലഭിച്ച 22നു രാത്രി എരുമേലി പോലീസ് കേസ് വെച്ചൂച്ചിറയിലേക്കു തട്ടിയതും ഒരു ദിനം കഴിഞ്ഞ് വെച്ചൂച്ചിറയിൽ കേസ് എത്തുന്പോൾ ഒരു സാധാരണ തിരോധാനം പോലെ പോലീസ് സംസാരിച്ചതും അന്വേഷണഗതിയെ മാറ്റിമറിച്ചു.
കുട്ടി ഇറങ്ങിപ്പോയതല്ലേ, ഇങ്ങു വരുമെന്നൊക്കെയായിരുന്നു സാധാരണ പോലീസ് ഭാഷ്യം.
വിലപ്പെട്ട നാലു ദിനങ്ങൾ
ജില്ലാ പോലീസ് മേധാവിയെ ബന്ധുക്കൾ കാണുന്നതും മാധ്യമങ്ങളിൽ വാർത്ത നൽകുന്നതും വീണ്ടും നാലുദിനങ്ങൾ കൂടി കഴിഞ്ഞാണ്. ഇതിനുശേഷമാണ് പ്രത്യേക അന്വേഷണസംഘത്തിനു രൂപം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അന്വേഷണച്ചുമതല ഉന്നത ഉദ്യോഗസ്ഥർക്കു കൈമാറുമെന്ന സൂചനയുണ്ടായതോടെ പ്രാദേശിക അന്വേഷണം തണുത്തു.
പിന്നീട് തിരുവല്ല ഡിവൈഎസ്പിയെ അന്വേഷണച്ചുമതല ഏല്‍പിച്ചതിനുശേഷമാണ് ഒരു ഏകീകരണം ഇക്കാര്യത്തിൽ ഉണ്ടായത്. തുടർന്നുള്ള അന്വേഷണം തൃപ്തികരമെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതിയും വിലയിരുത്തി. കാടുംമേടും കയറി അന്വേഷിച്ചു.
തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലൂടെ വിശദമായ അന്വേഷണം നടത്തി. കേരളത്തിനകത്തു ജെസ്ന എത്തപ്പെടാൻ സാധ്യതയുള്ള മേഖലകളിലെല്ലാം അന്വേഷണം നടത്തി.
പാരിതോഷികം
ജില്ലാ പോലീസ് മേധാവി ടി. നാരായണൻ ഇപ്പോൾ പ്രതിദിനം അന്വേഷണം വിലയിരുത്തുന്നുണ്ട്. ജെസ്നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് അഞ്ചു ലക്ഷം രൂപയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതു സൂചിപ്പിച്ചുകൊണ്ടു കുട്ടിയുടെ ചിത്രം ഉൾപ്പെടെയുള്ള പോസ്റ്ററുകൾ അയൽസംസ്ഥാനങ്ങളിലടക്കം പതിച്ചിട്ടുണ്ട്. ഇതു കണ്ടുകൊണ്ട് നിരവധി കോളുകൾ പോലീസിന് എത്തുന്നുണ്ട്. ലഭിക്കുന്ന കോളുകളിൽ സാധ്യതകൾ പരിഗണിച്ച് അന്വേഷണവും നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ തന്നെ അന്വേഷണം പുരോഗമിക്കുകയാണ്. അതുകൊണ്ടാണ് ഓരോ സാധ്യതകളും സംഘം വിലയിരുത്തുന്നത്. ജൂലൈ നാലിനകം അന്വേഷണത്തിൽ കാര്യമായ പുരോഗതി പറയാനാകുമെന്ന് ഡിജിപി ആക്ഷൻ കൗണ്‍സിലിനും ബന്ധുക്കൾക്കും ഉറപ്പ് നൽകിയിട്ടുണ്ട്.
സിബിഐ അന്വേഷണം അടക്കമുള്ള ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുമുണ്ട്. സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ ജൂലൈ നാലിനുശേഷം അഭിപ്രായം വ്യക്തമാക്കുമെന്നാണ് സൂചന.