കോട്ടയം: ബംഗളൂരുവിൽ കണ്ടത് ജെസ്നയെ അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരു യുവാവിനൊപ്പം ജെസ്നയെ ബംഗളൂരുവിൽ കണ്ടെന്ന പാലാ പൂവരണി സ്വദേശി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജെസ്നയെന്ന് സംശയിച്ചത് മറ്റൊരു മലയാളി പെണ്‍കുട്ടിയെ ആണെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
ബംഗളൂരുവിലെ ആശ്വാസ് ഭവനിൽ ജെസ്ന ഒരു യുവാവിനൊപ്പം എത്തിയെന്നായിരുന്നു പാലാ സ്വദേശിയുടെ മൊഴി. പോലീസ് ഇതിന്റെ അടിസ്ഥാനത്തിൽ ആശ്വാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ഇവർ ബംഗളൂരുവിലെ നിംഹാൻസ് ആശുപത്രിയിലും ചികിത്സ തേടിയിരുന്ന എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അവിടെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.
പാലാ സ്വദേശിയുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗളൂരുവിലും മൈസൂരുവിലും കേരള പോലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ നടത്തിയെങ്കിലും തുന്പൊന്നും ലഭിച്ചില്ല. കേരളത്തിലും ഒരു സംഘം ജെസ്നയ്ക്കായി തെരച്ചിൽ നടത്തുന്നുണ്ട്. ബംഗളൂരുവിൽ കണ്ടത് ജെസ്നയല്ലെന്ന് സ്ഥിരീകരിച്ചതോടെ പെണ്‍കുട്ടിയുടെ തിരോധാനം സംബന്ധിച്ചുള്ള ദുരൂഹതകൾ വർധിച്ചിരിക്കുകയാണ്.
മാർച്ച് 22ന് രാവിലെ മുക്കൂട്ടുതറയിൽ നിന്നും എരുമേലിയിൽ എത്തി മറ്റൊരു ബസിൽ ജെസ്ന പുഞ്ചവയൽ എന്ന സ്ഥലത്ത് എത്തിയതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. പിന്നീട് പെണ്‍കുട്ടിയെക്കുറിച്ച് വിവരമൊന്നുമില്ല. 52 ദിവസമായി കാണാതായിട്ടും കേസ് അന്വേഷണം ഒരിഞ്ച് പോലും മുന്നോട്ടുപോയില്ല എന്നത് പോലീസിനെ കുഴയ്ക്കുകയാണ്. മൊബൈൽ ഫോണ്‍ എടുക്കാതെ പെണ്‍കുട്ടി പോയതിനാൽ, ആ വഴിക്കുള്ള അന്വേഷണവും വഴിമുട്ടുകയായിരുന്നു.