വൈപ്പിന്‍: കോവിഡിനെ പിപിഇ കിറ്റിലൊതുക്കി ജെസ്ന ബികോം പരീക്ഷയെഴുതുന്നു. മാലിപ്പുറം കൂളിയത്ത് ജെസ്നയാണ് കോവിഡ് ബാധിതയെങ്കിലും ബികോം പരീക്ഷ മുടക്കം കൂടാതെ എഴുതുന്നത്. പറവൂര്‍ മാട്ടുപുറം എച്ച്ഡിപിവൈ കോളജാണ് സെന്റര്‍.
എറണാകുളം ഈശോഭവന്‍ സ്വകാര്യ കോളജിലെ ബികോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ ജെസ്ന ദിവസവും പിപിഇ കിറ്റ് അണിഞ്ഞ് മാലിപ്പുറം വളപ്പ് സ്റ്റാൻഡിലെ പൊതുപ്രവര്ത്തകന് കൂടിയായ തേറോത്ത് സന്തോഷിന്റെ ഓട്ടോയില്‍ അങ്ങോട്ടുമിങ്ങോട്ടും കൂടി 50 കിലോമീറ്റര്‍ സഞ്ചരിച്ചാണ് പരീക്ഷക്ക് പോകുന്നതും വരുന്നതും.
ഉച്ചയോടെ പോയാല്‍ പരീക്ഷ കഴിയുന്നത് വരെ ഓട്ടോ കാത്ത് കിടക്കും.പരീക്ഷ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ജെസ്നക്ക് കോവിഡ് ബാധിച്ചത്. വിവരം പരീക്ഷ കേന്ദ്രമായ മാട്ടുപുറം എച്ച്ഡിപിവൈ കോളജില്‍ അറിയിച്ചതോടെ ഇവര്‍ മറ്റ് വിദ്യാര്‍ഥികളുടെ സുരക്ഷയെ കരുതി തുടര്‍ന്ന് പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ചുവത്രേ.
ഇതേ തുടര്‍ന്ന് ജെസ്ന കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എയെ ഫോണില്‍ വിളിച്ചു സഹായം അഭ്യര്‍ഥിച്ചു. ഉടന്‍ എംഎല്‍എയുടെ ഓഫീസ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എച്ച്ഡിപിവൈ കോളജില്‍ തന്നെ പരീക്ഷ എഴുതാന്‍ അവസരമൊരുക്കി എംജി യൂണിവേഴ്സിറ്റി പരീക്ഷ കണ്ട്രോളര് ഉത്തരവിടുകയായിരുന്നു.
തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് പിപിഇ കിറ്റി ധരിച്ച് പരീക്ഷ എഴുതാന്‍ തുടങ്ങിയത്. ഇനി മൂന്ന് പരീക്ഷകള്‍ കൂടി ബാക്കിയുണ്ട്.