പത്തനംതിട്ട: വെച്ചൂച്ചിറ കൊല്ലമുളയിൽ നിന്നു കാണാതായ ജെസ്ന മരിയ ജെയിംസിനെ ബംഗളൂരുവിൽ കണ്ടതായ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ കർണാടകയിൽ വിശദമായ തെരച്ചിൽ നടത്തുമെന്ന് പോലീസ്. ബംഗളൂരുവിൽ പെരുനാട് സിഐ എം.ഐ. ഷാജിയുടെ നേതൃത്വത്തിലും മൈസൂരുവിൽ തിരുവല്ല എസ്ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലും ഷാഡോ പോലീസ് കൂടി ഉൾപ്പെടുന്ന സംഘം ക്യാന്പ ്ചെയ്ത് അന്വേഷണം നടത്തുകയാണ്.
ഇന്നു രാവിലെ വരെ ജെസ്ന അവിടങ്ങളിൽ എത്തിയതായി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള തിരുവല്ല ഡിവൈഎസ്പി ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ഇതിനിടെ ജെസ്നയെ ബംഗളൂരുവിലെ ധർമരാമിൽ കണ്ടതായ മൊഴിയുടെ വിശ്വാസ്യത തേടി ഇന്നും പോലീസ് അവിടെ അന്വേഷണം നടത്താനും ഇത്തരത്തിൽ ഒരു പ്രചാരണം ഉണ്ടായതിൽ എന്തെങ്കിലും ദുരൂഹതയുള്ളതായി അന്വേഷിക്കാനും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിനു നിർദേശം നൽകി.
മൊഴി നൽകിയ പൂവരണി സ്വദേശി ഇതിൽ ഉറച്ചു നിൽക്കുന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. എഎസ്ഐ നാസർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു മാത്യു, റെജി എന്നിവരാണ് ബംഗളൂരുവിലെ സംഘത്തിലുള്ളത്.ബംഗളൂരുവിനു സമീപമുള്ള ധർമരാമിലെ ആശ്വാസഭവനിൽ ജെസ്ന എത്തിയിരുന്നതായാണ് അവിടെയുള്ളവർ പറയുന്നത്.
പൂവരണി സ്വദേശി ജെസ്നയുമായി സംസാരിച്ചതായും ഒപ്പം തൃശൂർ സ്വദേശിയായ യുവാവുണ്ടായിരുന്നുവെന്നുമാണ് ലഭിച്ച മൊഴി. എന്നാൽ ധർമരാം ആശ്വാസഭവനിലോ, തൊട്ടടുത്ത നിംഹാൻസ് ആശുപത്രിയിലെയോ സിസിടിവികളിൽ ജെസ്നയുടെയോ ഒപ്പമുള്ളതായി പറയുന്ന യുവാവിന്റെയോ ഒരു ദൃശ്യവും പോലീസിനു കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങൾ മുഴുവൻ ഒന്നുകൂടി പരിശോധിക്കാൻ ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടുണ്ട്.
പൂവരണി സ്വദേശിയുടെ മൊഴി പൂർണമായും തള്ളാതെ മൈസൂരുവിലും വിശദമായ അന്വേഷണത്തിനാണ് പോലീസ് സംഘത്തിനു നിർദേശം നല്കിയിരിക്കുന്നത്.മുടി നീട്ടിവളർത്തിയ ഒരു യുവാവ് ജെസ്നയക്കൊപ്പമുണ്ടായിരുന്നതായാണ് പൂവരണി സ്വദേശി നൽകുന്ന വിവരം. തിരക്കിയപ്പോൾ തൃശൂർ സ്വദേശിയാണെന്ന് പെണ്കുട്ടി പറഞ്ഞിരുന്നു.
ജെസ്നയുടെ മാതൃഗൃഹം തൃശൂർ ഒല്ലൂരിലായതിനാാൽ ഇതിനു സമീപമുള്ളയാളാണെന്നും പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഇന്നലെ തൃശൂർ ഒല്ലൂരിൽ തിരുവല്ല എസ്ഐയും സംഘവും അന്വേഷണം നടത്തി. എന്നാൽ ഇങ്ങനെയൊരു യുവാവിനെക്കുറിച്ച് വിവരം ഒന്നും ലഭിച്ചില്ല.
ജെസ്നയുടെയും യുവാവിന്റെയും കഥകളും ഇവർ സഞ്ചരിച്ചതായി പറയുന്ന വില കൂടിയ ബൈക്കിനെക്കുറിച്ചും ഇവരുടെ കൈവശമുണ്ടായിരുന്ന പണം നഷ്ടമായതും തുടർന്ന് അപകടത്തിൽ പരിക്കേറ്റ് നിംഹാൻസ് ആശുപത്രിയിൽ ചികിത്സ തേടിയെന്നും തരത്തിൽ മറ്റൊരാൾക്ക് വിശ്വസനീയമായ രീതിയിൽ ജെസ്നയുടെ തിരോധാന കഥ അവതരിപ്പിച്ചതിനു പിന്നിലെ ചേതോവികാരം എന്തെന്നു മനസിലാക്കാനാണ് അന്വേഷണസംഘം ബംഗളൂരുവിൽ തങ്ങുന്നത്.
ആന്േറാ ആന്റണി എംപിയുമായാണ് പൂവരണി സ്വദേശി ആദ്യം സംഭവങ്ങൾ പങ്കുവച്ചത്. എംപി ആവശ്യപ്പെട്ടതനുസരിച്ചാണ് പോലീസ് ബംഗളൂരുവിലേക്കെത്തിയത്. എംപിയുമായുള്ള സംസാരത്തിന്റെ വീഡിയോ ദൃശ്യം പോലീസ് പരിശോധിച്ചു. ജെസ്നയുടെ ചിത്രത്തിൽ ധരിച്ചിരുന്ന സ്കാർഫു പോലും തിരിച്ചറിഞ്ഞാണ ്പൂവരണി സ്വദേശി സംസാരിച്ചത്. എന്നാൽ സ്കാർഫ് കൊല്ലമുളയിലെ വീട്ടിലുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവല കുന്നത്തു ജെയിംസിന്റെ മകളും കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് ബികോം വിദ്യാർഥിനിയുമായ ജെസ്ന കഴിഞ്ഞ മാർച്ച് 22നാണ് വീട്ടിൽ നിന്നു പോയത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞുപോയ കുട്ടി പിന്നീട് മടങ്ങിവന്നില്ല. എരുമേലി ബസ് സ്റ്റാൻഡ് വരെ കുട്ടി എത്തിയിരുന്നത് കണ്ടവരുണ്ട്. മൊബൈൽഫോണോ എടിഎം കാർഡോ കുട്ടിയുടെ കൈവശമുണ്ടായിരുന്നില്ല.