കോട്ടയം: മകള്‍ക്ക് എന്താണ് സംഭവിച്ചത് എന്നറിയാന്‍ സിജെഎം കോടതി സിബിഐയോട് തുടരന്വേഷണം ആവശ്യപ്പെട്ടതില്‍ ആശ്വാസം തോന്നുന്നതായി പിതാവ് ജയിംസ് ജോസഫ്.
നിര്‍ണായകമാകാവുന്ന പല വിവരങ്ങളും പുറത്തു പറയാനുണ്ട്. അതെല്ലാം സിബിഐ എസ്പിയോട് നേരിട്ട് വെളിപ്പെടുത്തും. ഏറ്റവും ഉന്നത ഉദ്യോഗസ്ഥരോടു മാത്രമേ രഹസ്യസ്വഭാവമുള്ള അക്കാര്യങ്ങള്‍ തുറന്നു പറയാനാകൂ.
അതിന് സാഹചര്യമുണ്ടാകുമെന്ന് കരുതുന്നു. കൂടുതല്‍ പുറത്തു പറഞ്ഞാല്‍ അത് അന്വേഷണത്തെ ബാധിക്കും. കോടതിയില്‍നിന്ന് നീതി ലഭിച്ച സാഹചര്യത്തില്‍ വീഴ്ചയില്ലാത്ത അന്വേഷണം സിബിഐ നടത്തട്ടെ. അവരോട് പൂര്‍ണമായി സഹകരിക്കുമെന്നും ജയിംസ് കൂട്ടിച്ചേര്‍ത്തു.
എരുമേലിക്കും മുണ്ടക്കയത്തിനും ഇടയിലായിരിക്കും ടീം നിര്‍ണായകമായ സംശയങ്ങള്‍ നിവാരണം വരുത്തുക. ജെസ്നയ്ക്ക് എന്തു സംഭവിച്ചു എന്നതില്‍ വ്യക്തമായ ഉത്തരമാണ് സിബിഐ കണ്ടെത്തേണ്ടത്.
കേരളം ഏറെ ചര്‍ച്ച ചെയ്ത കേസില്‍ പുനരന്വേഷണത്തിന് തിരുവനന്തപുരം സിജെഎം കോടതി നിര്‍ബന്ധിതമാവുകയായിരുന്നു. ആദ്യ അന്വേഷണപരിധിയില്‍ വരാത്ത ഒട്ടേറെ വിവരങ്ങള്‍ പിതാവ് ജയിംസ് ജോസഫ് നല്കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നു. സിബിഐയുടെ ആദ്യ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നാണ് കോടതി നിരീക്ഷിക്കുന്നത്.