കോട്ടയം: ജെസ്ന മരിയ ജെയിംസിന്റെ തിരോധാന കേസ് ഫയലുകൾ ക്രൈംബ്രാഞ്ചിന് കൈമാറി ഒരു മാസം പിന്നിട്ടിട്ടും അന്വേഷണം തുടങ്ങിയില്ല. പത്തനംതിട്ട പോലീസ് ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിനാണ് കേസ് അന്വേഷണ ഫയലുകൾ കൈമാറിയിട്ടുണ്ട്. ജെസ്നയുടെ മൊബൈൽ ഫോൺ, പുസ്തകങ്ങൾ, ഫോണ് ഡയറി തുടങ്ങി കൈവശമുണ്ടായിരുന്ന എല്ലാ രേഖകളും ക്രൈംബ്രാഞ്ചിനു കൈമാറി.
പോലീസ് ചോദ്യം ചെയ്തവരിൽനിന്ന് ലഭിച്ച വിവരങ്ങൾ ഉൾപ്പെട്ട പോലീസ് ഫയലുകളും ഇതിൽപ്പെടും. മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജിലെ ബികോം വിദ്യാർഥിനിയായ മുക്കൂട്ടുതറ കുന്നത്തു വീട്ടിൽ ജെസ്നയെ കാണാതായത്. വെച്ചൂച്ചിറ പോലീസ് അഞ്ചു മാസം അന്വേഷിച്ചിട്ടും സൂചനയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് ഫയൽ കൈമാറിയത്.
സൂചനകളോ സാധ്യതകളോ ഇല്ലാത്ത സാഹചര്യത്തിൽ അന്വേഷണവുമായി മുന്നോട്ടുപോകുന്നതിൽ ക്രൈംബ്രാഞ്ചിനും വലിയ താൽപ്പര്യമില്ല. സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജെസ്നയുടെ സഹോദരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.