കോട്ടയം: ജെസ്നയെ ലോഡ്ജില്‍ കണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ലോഡ്ജ് ജീവനക്കാരി പനയ്ക്കച്ചിറ സ്വദേശി രമണിയുടെ മൊഴി സിബിഐ പരിശോധിക്കുന്നു. ആവശ്യമെങ്കില്‍ ഇവരെ നുണ പരിശോധനയ്ക്കു വിധേയമാക്കും. കേസുമായി ബന്ധപ്പെട്ടു മുന്‍ കാലങ്ങളിൽ നിരവധി വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുള്ള സാഹചര്യങ്ങള്‍ എല്ലാ കാര്യങ്ങളും സിബിഐ വിശദമായി പരിശോധിക്കുന്നുണ്ട്.
മുണ്ടക്കയം ടിബിയില്‍ ഇന്നലെ സിബിഐ ഉദ്യോഗസ്ഥർ മണിയില്‍നിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. 2018 മാര്‍ച്ച് 22നാണ് ജെസ്നയെ കാണാതാകുന്നത്. നാലു വര്‍ഷത്തിനുശേഷം വെളിപ്പെടുത്തല്‍ നടത്തേണ്ടിവന്നതില്‍ കുറ്റബോധമുണ്ടെന്നും മുന്‍പ് വെളിപ്പെടുത്താന്‍ ലോഡ്ജ് ഉടമ ബിജു വര്‍ഗീസ് അനുവദിച്ചിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.
പറയേണ്ടതെല്ലാം സിബിഐയോടു പറഞ്ഞെന്നും ശേഷിക്കുന്നത് കോടതിയെ ബോധ്യപ്പെടുത്തുമെന്നും രമണി മാധ്യമങ്ങളോടു പറഞ്ഞു. ബിജുവുമായി വ്യക്തിവിരോധം തീര്‍ക്കാനല്ല ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്നും പറഞ്ഞു.
ഈട്ടിക്കല്‍ ലോഡ്ജില്‍ ഏറെക്കാലം ജീവനക്കാരിയായിരുന്ന ഇവരെ അടുത്തയിടെ ജോലിയില്‍നിന്നു മാറ്റി. ലോഡ്ജ് ഉടമ ജാതിപ്പേരു വിളിച്ചതായി ആരോപിച്ച് കേസ് നല്‍കിയതിനു പിന്നാലെയാണ് ജെസ്നയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രമണി മാധ്യമങ്ങള്‍ക്കു നല്‍കിയത്.
ജെസ്ന തിരോധാനത്തില്‍ തുടര്‍ അന്വേഷണം നടത്താന്‍ രണ്ടു മാസമായി സിബിഐ മുണ്ടക്കയം, എരുമേലി പ്രദേശങ്ങളില്‍ ക്യാമ്പു ചെയ്യുന്നുണ്ട്, ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചൊവാഴ്ച ബിജു വര്‍ഗീസിനെയും ഇന്നലെ രമണിയെയും സിബിഐ വിളിച്ചുവരുത്തിയത്.