മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ലക്ഷദ്വീപ് യാത്രികരുടെ വിവരങ്ങൾ വരെ ശേഖരിച്ചിരുന്നതായി പോലീസ്. ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈഎസ്പി ആർ. ചന്ദ്രശേഖരൻ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യ്കതമാക്കുന്നത്.
ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കു നൂലാമാലകളേറെയാണ്. പോകുന്ന വ്യക്തിയുടെ വിലാസം വ്യക്തമാകണം. ഇതു സംബന്ധിച്ചു പോലീസ് പരിശോധന റിപ്പോർട്ട് വേണം. എന്നാൽ ജെസ്ന ഉപയോഗിച്ചിരുന്ന ഫോണിൽ ലക്ഷദ്വീപിൽ താമസക്കാരിയായ ഒരാളുടെ നന്പർ കണ്ടതോടെയാണ് അവിടെയും അന്വേഷണം നടത്തിയത്.
ജെസ്നയുടെ സുഹൃത്തായ കുട്ടിയുടെ കുടുംബത്തിന്റെ ഫോണ് നന്പരായിരുന്നു ഇതെന്നും അവർ ചികിത്സയ്ക്കായി കൊച്ചിയിലെത്തിയപ്പോൾ വിളിച്ചതാണെന്നും അന്വേഷണത്തിൽ വ്യക്തമായി. തുടർന്നാണ് പോലീസ് കഴിഞ്ഞ രണ്ടുമാസത്തിനിടെ ലക്ഷദ്വീപിലേക്കു യാത്ര ചെയ്തവരുടെ വിവരങ്ങൾ തുറമുഖത്തുനിന്നും നെടുന്പാശേരി വിമാനത്താവളത്തിൽ നിന്നുമായി ശേഖരിച്ചത്.
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ മുണ്ടക്കയത്തെ ഒരു കടയിൽ നിന്നു വീണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളിലേത് ജെസ്നയല്ലെന്നു കൂടി ഉറപ്പിച്ചതോടെ ആ വഴിക്കുള്ള അന്വേഷണ സാധ്യതയും ഇല്ലാതായി. ലോക്കൽ പോലീസിന്റെ അന്വേഷണം നല്ലരീതിയിലാണ് നടക്കുന്നതെന്ന് സിബിഐ കൂടി അഭിപ്രായപ്പെട്ട സാഹചര്യത്തിൽ കേസന്വേഷണം നിലവിലുള്ള സാഹചര്യത്തിൽ തുടരാനാണ് സാധ്യത. കേസിൽ നിർണായകമായ ഒരു വിവരം പോലും ഇക്കാലയളവിൽ കിട്ടാതെ പോകുന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്.
കേരളത്തിൽ നടന്നിട്ടുള്ള സമാനമായ കേസുകളുടെ ചരിത്രവും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. ഏതെങ്കിലും തെളിവുകളോ സാധ്യതകളോ പല കേസുകളിലും ഉണ്ടായിരുന്നു. എന്നാൽ ജെസ്നയുടെ തിരോധാനത്തിൽ ഇത്തരം ഒരു തെളിവും ലഭിക്കുന്നില്ല. കുട്ടി ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ് പോലും വീട്ടിൽ നിന്നെടുക്കാതെ പോയതും ആസൂത്രിതമായ ഒരു യാത്രയായിരുന്നുവോയെന്നു സംശയിക്കുന്നു.
യാത്രയ്ക്കിടയിൽ തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള സാധ്യതയും അന്വേഷിച്ചെങ്കിലും സ്വാഭാവികമായി ഇത്തരം ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ അതിനും എന്തെങ്കിലും തെളിവുകൾ എവിടെയെങ്കിലും ലഭിക്കാമായിരുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ മൊബൈൽ ഫോണ് കോളുകൾ തുടങ്ങിയവ വിശദമായി പരിശോധിച്ചിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളും സാധ്യതകളും അടക്കം വിശദമായി പരിശോധിച്ചുവരികയാണെന്നും അന്വേഷണസംഘം പറഞ്ഞു.