പത്തനംതിട്ട: കൊല്ലമുള സ്വദേശി ജെസ്ന മറിയ ജെയിംസിന്റെ തിരോധാനംസംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 12 മുതൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനു മുന്പിൽ അനിശ്ചിതകാലസമരം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.
108 ദിവസങ്ങൾ പിന്നിട്ടിട്ടും ജെസ്നയുടെ തിരോധാനം സംബന്ധിച്ച ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുന്നതിൽ പോലീസ് ദയനീയമായി പരാജപ്പെട്ടതായി ഡിജിപി തന്നെ സമ്മതിച്ചിരിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ ഐജി മനോജ് ഏബ്രഹാം ഇതേവരെയും ജില്ലയിലെത്തിയിട്ടില്ല.
സൈബർ വിദഗ്ധരെ ഉപയോഗിച്ച് കുറ്റാന്വേഷണം നടത്തുന്നില്ല. റാന്നി എംഎൽഎ രാജു ഏബ്രാഹാമിന്റെ നയം പോലീസ് നിർവികാരികതയ്ക്ക് കൂട്ടാകുന്നു. ചുരുക്കത്തിൽ കേസന്വേഷണത്തിൽ സംസ്ഥാന പോലീസിന് ഇനി ഒന്നും ചെയ്യാനില്ലെന്നാണ് ഡിജിപിയുടെ പ്രസ്താവന വെളിവാക്കുന്നതെന്നും ബാബു ജോർജ് പറഞ്ഞു.
ഇതോടൊപ്പം ജില്ലയിലെ കൊലപാതങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുക, ജനങ്ങളുടെ ഭയാശങ്കകൾ അകറ്റുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉന്നയിക്കുമെന്നും ഇന്നു നടക്കുന്ന ഡിസിസി യോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്യുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.