കോട്ടയം: ദിവസം എട്ടും പത്തും ഉൗമക്കത്തുകൾ. അതിലേറെ അജ്ഞാതഫോണുകൾ. ജെസ്നയുടെ തിരോധാനത്തിൽ പ്രത്യേക അന്വേഷണസംഘത്തെ വട്ടംകറക്കുന്നത് ഉൗരും പേരുമില്ലാത്ത ഇത്തരം സൂചനകളാണ്.
ജെസ്നയെക്കുറിച്ച് വ്യക്തമായ വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന പോലീസ് അറിയിപ്പുണ്ടായതിനുശേഷമാണ് സൂചനകളുടെയും സാധ്യതകളുടെയും വിവരങ്ങൾ പെരുകിയതെന്ന് അന്വേഷണ ടീം വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലുംനിന്ന് ഫോണുകൾ പോലീസിനു ലഭിക്കുന്നുണ്ട്. ഇതാണ് പോലീസിന് ഏറ്റവും തലവേദനയായിരിക്കുന്നത്.
ജെസ്നയെക്കുറിച്ച് വിവരം നൽകാൻ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പെട്ടികളിൽവരുന്ന പരമാർശങ്ങൾ ഏറെയും വ്യക്തിപരമായ അധിക്ഷേപങ്ങളാണ്. മുക്കൂട്ടുതറ, എരുമേലി, വെച്ചൂച്ചിറ എന്നിവിടങ്ങളിൽ രാത്രികാലത്താണ് ഉൗമക്കത്തുകൾ പെട്ടിയിൽ വരാറുള്ളതെന്നു പോലീസ് പറയുന്നു. സഹപാഠികളെയും ബന്ധുക്കളെയും ബന്ധിച്ച കെട്ടുകഥകളും ഇതിൽപ്പെടുന്നു. ലഭിക്കുന്ന സൂചനകളെക്കുറിച്ചെല്ലാം അന്വേഷിക്കാനാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം.
ഈ സാഹചര്യത്തിൽ തനിച്ചുള്ള പുതിയ സാധ്യതകൾ ആരായാനും അന്വേഷണം നടത്താനും അന്വേഷണ സംഘത്തിനു സമയം കിട്ടുന്നില്ലെന്നതാണ് യാഥാർഥ്യം. നിലവിൽ ഒരു ടീം കേരളത്തിന് പുറത്ത് ഇപ്പോഴും തെരച്ചിലിലാണ്.
ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ സിനിമാ ശാലകൾ, ധ്യാനകേന്ദ്രങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിൽ വനിതാ പോലീസ് ഉൾപ്പെടെ മഫ്തി ടീം നിരീക്ഷണത്തിലാണ്. പ്രധാന വിമാനത്താവളങ്ങളിലും ജെസ്നയുടെ ഫോട്ടോ നിരീക്ഷണത്തിനു നൽകിയിട്ടുണ്ട്.
എരുമേലി, വെച്ചൂച്ചിറ, മുക്കൂട്ടുതറ, പന്പാവാലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാറത്തോട്, കണമല പ്രദേശങ്ങളിൽ മഫ്തി ടീം രാത്രിയിലും നിരീക്ഷണവും വാഹനപരിശോധനയും നടത്തിവരുന്നു. ജെസ്ന എവിടേക്കു പോയതാകാം എന്നതിൽ വ്യക്തമായ ഒരു സൂചനയിലേക്കും എത്തിപ്പെടാനായിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. ബന്ധുക്കൾ, സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധി പേരുടെ ഫോണ് സംഭാഷണങ്ങളും പോലീസ് ഐടി സെല്ലിന്റെ നിരീക്ഷണത്തിലാണ്.
ജെസ്നയുടെ പിതാവ് ജെയിംസ് കെട്ടിടനിർമാണ കരാറുകാരനായതിനാൽ അടുത്തയിടെ പണിയുന്നതും പണിതതുമായ കെട്ടിടങ്ങളും അടിത്തറയും പരിശോധിക്കണമെന്ന പേരിലും കത്തുകൾ കിട്ടുന്നുണ്ട്. മുൻപ് നിരവധി തവണ ചോദ്യം ചെയ്തവരെ വീണ്ടും ചോദ്യംചെയ്യലിനു വിധേയമാക്കണമെന്ന സമ്മർദവും പോലീസിനുണ്ടാകുന്നു.
എന്നാൽ അപ്രതീക്ഷിതമായ സൂചനകളും വിവരങ്ങളും അന്വേഷണത്തിൽ നിർണമായകമാകാമെന്നിരിക്കെ കിട്ടുന്ന വിവരങ്ങളെല്ലാം ആവുന്ന രീതിയിൽ നിരീക്ഷണങ്ങൾക്കും അന്വേഷണങ്ങൾക്കും പോലീസ് വിധേയമാക്കുന്നു.