പത്തനംതിട്ട: മുക്കുട്ടുതറ കൊല്ലമുള സ്വദേശി ജെസ്ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം സൈബർ വിദഗ്ധരുടെ സഹായത്തോടെ വിപുലപ്പെടുത്തുന്നു. ലഭ്യമായ ചില സൂചനകളും നിഗമനങ്ങളും വിലയിരുത്താൻ സൈബർസംഘത്തിന്റെ സേവനം ആവശ്യമായിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ടി. നാരായണൻ പറഞ്ഞു.
മുണ്ടക്കയത്തെ കടയിൽ നിന്നു ലഭ്യമായ സിസിടിവി ദൃശ്യത്തിലേത് ജെസ്നയല്ലെന്ന് ഉറപ്പിക്കാനുള്ള ശ്രമമാണ് പോലീസ് ഇപ്പോൾ നടത്തുന്നത്. അതു ജെസ്നയല്ലെന്നു പിതാവും സഹോദരനും ഉറപ്പിച്ചു പറയുന്പോൾ പിന്നെ ആര് എന്നതിന് ഉത്തരം ലഭിച്ചെങ്കിൽ മാത്രമേ ആ വഴിക്കുള്ള അന്വേഷണം പൂർണമാകുകയുള്ളൂവെന്ന് എസ്പി പറഞ്ഞു.
ഇതിനായി കടയിൽ നിന്നു ലഭ്യമായ സിസിടിവി ദൃശ്യത്തിന്റെ സ്ക്രീൻ ഷോട്ട് പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ദൃശ്യത്തിൽ കാണുന്ന യുവതിയെ സംബന്ധിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്നതാണ് അറിയിപ്പ്. തിരുവല്ല ഡിവൈഎസ്പിയുടെ നന്പർ സഹിതമാണ് അറിയിപ്പ് നൽകിയിട്ടുള്ളത്. പോലീസിന്റെ ഫേസ് ബുക്ക് പേജുകൾ, വാട്സാപ്പ് ഗ്രൂപ്പുകൾ എന്നിവയിലൂടെയാണ് പ്രചാരണം.
ഏതെങ്കിലും തെളിവുകളോ സാധ്യതകളോ പല കേസുകളിലും ഉണ്ടായിരുന്നു. എന്നാൽ ജെസ്നയുടെ തിരോധാനത്തിൽ ഇത്തരം ഒരു തെളിവും ലഭിക്കുന്നില്ല. കുട്ടി ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ് പോലും വീട്ടിൽ നിന്നെടുക്കാതെ പോയതും ആസൂത്രിതമായ ഒരു യാത്രയായിരുന്നുവോയെന്നു സംശയിക്കുന്നു.
യാത്രയ്ക്കിടയിൽ തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള സാധ്യതയും അന്വേഷിച്ചെങ്കിലും സ്വാഭാവികമായി ഇത്തരം ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ അതിനും എന്തെങ്കിലും തെളിവുകൾ എവിടെയെങ്കിലും ലഭിക്കാമായിരുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
പോലീസിനെ കുഴയ്ക്കുന്നതരത്തിലുള്ള ആസൂത്രിതമായ നീക്കങ്ങളെ സംബന്ധിച്ച് വിവരം ലഭിക്കാൻ സൈബർസെല്ലിന്റെ ചില സഹായങ്ങളാണ് ഇപ്പോൾ തേടിയിരിക്കുന്നത്. ഇത് കേസിൽ നിർണായക വഴിത്തിരിവാകുമെന്ന പ്രതീക്ഷ കഴിഞ്ഞദിവസം ഡിജിപി ലോക്നാഥ് ബെഹ്റയും സൂചിപ്പിച്ചിരുന്നു.