മുക്കൂട്ടുതറ കൊല്ലമുളയില്‍ നിന്ന് ജെസ്ന മരിയ ജെയിംസ് എന്ന പെണ്‍കുട്ടിയെ കാണാതെ പോയി മൂന്ന് മാസങ്ങള്‍ക്കുശേഷവും കുട്ടിയെ കുറിച്ച്, വ്യക്തമായ സൂചനകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. ചില ഊഹാപോഹങ്ങളും അതിനോട് ബന്ധിപ്പിച്ച് നടത്തുന്ന അന്വേഷണങ്ങളും മാത്രമാണ് ആകെയുള്ള നീക്കം എന്ന് പറയാവുന്നത്.
ജെസ്നയുടെ ഒപ്പം കോളജില്‍ പഠിച്ചിരുന്ന ആണ് സുഹൃത്തിന് ജെസ്ന മെസേജുകള്‍ അയച്ചിരുന്നെന്നും അതുകൊണ്ടു തന്നെ ജെസ്നയുടെ തിരോധാനത്തെക്കുറിച്ച് അയാള്‍ക്ക് അറിവുണ്ടാകാമെന്നും അന്വേഷണത്തിന്റെ പലഘട്ടത്തിലും വാര്‍ത്തകളും വന്നിരുന്നു.
എന്നാല്‍ കൂടെ പഠിച്ചിരുന്നു, സുഹൃത്തുക്കളായിരുന്നു എന്നതിലുപരിയായി ജെസ്നയുടെ മരണവുമായി തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് സുഹൃത്ത് പറയുന്നത്. ഒരു ന്യൂസ് ചാനലിനോട് സംസാരിക്കവെയാണ് ജെസ്നയുടെ ആണ് സുഹൃത്ത് ഇക്കാര്യം പറഞ്ഞത്. ജെസ്നയുടെ തിരോധാനവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും പോലീസ് ശല്യപ്പെടുത്തുകയാണെന്നും നാട്ടുകാര്‍ ഒറ്റപ്പെടുത്തുകയാണെന്നും സുഹൃത്ത് പറഞ്ഞു.
താന്‍ ജെസ്നയുടെ കാമുകനല്ല. അവള്‍ക്ക് പ്രണയമുണ്ടോ എന്ന് തനിക്കറിയില്ല. അവള് മുമ്പും മരിക്കാന്‍ പോവുകയാണ് എന്ന രീതിയില്‍ മെസ്സേജ് അയക്കാറുണ്ടായിരുന്നു. ഇത് ജെസ്നയുടെ സഹോദരനോട് പറഞ്ഞതാണ്.
ജെസ്നയെ കാണാതായതിനു ശേഷവും ഇത്തരത്തില്‍ മെസ്സേജ് അയച്ചു എന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. ഇക്കാര്യം പോലീസിനോടും പറഞ്ഞതാണെന്നും എന്നാല്‍ തുടരെ തുടരെ പോലീസ് തന്നെ ചോദ്യം ചെയ്യുന്നത് മാനസികമായി തകര്‍ക്കുന്നുവെന്നും സുഹൃത്ത് പറഞ്ഞു. ജെസ്നയ്ക്കു വന്ന മെസേജുകളും ഫോണ്‍കോളുകളും അനുസരിച്ച് സുഹൃത്തിനെ ഇരുപതോളം തവണ ചോദ്യം ചെയ്തിരുന്നു.