പത്തനംതിട്ട മുക്കാട്ടുതറയില്‍ നിന്നു കാണാതായ ജെസ്‌ന മരിയ ജെയിംസിന്റെ ആണ്‍സുഹൃത്തിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. 12 മണിക്കൂറിലേറെ സമയമെടുത്താണ് ചോദ്യം ചെയ്തത്. തങ്ങള്‍ തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് സമ്മതിച്ച ആണ്‍സുഹൃത്ത് പക്ഷേ ജെസ്‌നയുടെ തിരോധാനത്തില്‍ പങ്കില്ലെന്ന മുന്‍നിലപാടില്‍ തന്നെയാണ്.
ജെസ്നയുമായുള്ള അടുപ്പവും, ഇതില്‍ ജസ്നയുടെ കുടുംബത്തിന്റെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങളും സുഹൃത്ത് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. കുടുംബത്തിന്റെ ഇടപെടല്‍ ജസ്നയെ മാനസീകമായി തളര്‍ത്തിയിരിക്കാമെന്ന് ആണ്‍സുഹൃത്ത് പറയുന്നു. ജെസ്നയെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നുവെന്നും ജസ്നക്ക് താനുമായി അടുപ്പമുണ്ടായിരുന്നുവെന്നും ആണ്‍സുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തി.
വീടുവിട്ടിറങ്ങിയ ജെസ്ന എവിടെപ്പോയെന്നോ എന്തുസംഭവിച്ചുവെന്നോ അറിയില്ലെന്നും സുഹൃത്ത് പറയുന്നു. കൊല്ലമുളയിലെ വീട്ടില്‍ നിന്നും ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും അവിടെ നിന്നും ബസില്‍ എരുമേലി ബസ് സ്റ്റാന്‍ഡിലും എത്തിയ ജെസ്‌നയെ പിന്നീട് കാണാതായി. എരുമേലി സ്റ്റാന്‍ഡില്‍ മുണ്ടക്കയം ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്തേക്ക് ഈ പെണ്‍കുട്ടി നടന്നു നീങ്ങിയതായി വരെ വ്യക്തമായിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് കാണാതായ ജെസ്ന. രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി.
മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്‌ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.
ഏറെ കൂട്ടുകാര്‍ ഇല്ലാത്ത, പ്രണയമോ വഴിവിട്ട സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിയുന്ന നാട്ടുമ്പുറത്തുകാരിയാണ് ജെസ്‌നയെന്ന് പരിചയക്കാര്‍ ആവര്‍ത്തിക്കുന്നു. പോകുമ്പോള്‍ പഠിക്കാനുള്ള പുസ്തകങ്ങള്‍ അല്ലാതെ വസ്ത്രങ്ങളോ എടിഎം കാര്‍ഡോ എടുത്തിട്ടില്ല.
ഉപയോഗിക്കുന്ന സാദാഫോണ്‍ വീട്ടില്‍ തന്നെയുണ്ട്. വീട്ടുകാരോ കൂട്ടുകാരോ പരിചയക്കാരോ ഒരു ഒളിച്ചോട്ടത്തിനുള്ള സാധ്യത കാണുന്നില്ല. പിന്നെ പെണ്‍കുട്ടി എവിടെപ്പോയെന്നത് മാത്രമാണ് അറിയാത്തത്.