ജെസ്‌നയെക്കുറിച്ചു വ്യക്തമായ ഒരു സൂചനയുമായിട്ടില്ലെന്നു തിരോധാനം അന്വേഷിക്കുന്ന തിരുവല്ല ക്രൈംബ്രാഞ്ച് ടീം. ക്രൈംബ്രാഞ്ചിലെ ഇരുപതംഗ ടീം കേരളത്തിലും പുറത്തുമായി അന്വേഷണം നടത്തി വരികയാണ്. മുക്കൂട്ടുതറയില്‍നിന്നു 2018 മാര്‍ച്ച് 21നു കാണാതായ ജെസ്‌ന മരിയ ജയിംസ് (21) കര്‍ണാടകത്തിലുള്ളതായി കേള്‍ക്കുന്ന വാര്‍ത്തകളില്‍ സ്ഥിരീകരണമില്ലെന്നു ഡിവൈഎപി മുഹമ്മദ് ജബ്ബാര്‍ പറഞ്ഞു.
അവിടെനിന്ന് ഒരു സൂചനയും കര്‍ണാടക പോലീസ് ക്രൈംബ്രാഞ്ചിനു നല്‍കിയിട്ടില്ലെന്നും ഇപ്പോഴും അജ്ഞാത ഫോണുകള്‍ തങ്ങള്‍ക്കു ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാഴ്ച മുന്‍പ് ജെസ്‌നയെ മൈസൂരുവിലെ ഒരു ഹോട്ടലില്‍ കണ്ടതായി മലപ്പുറം സ്വദേശിയുടെ ഫോണ്‍ ലഭിച്ചതിനെത്തുടര്‍ന്ന് ടീം അവിടെയെത്തി അന്വേഷണം നടത്തിയിരുന്നു.
ഹോട്ടലിലിലെ സിസിസിടി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജെസ്‌നയെക്കുറിച്ചുള്ള ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ല. മൈസൂരുവിനു പുറമെ ബംഗളൂരു, കൂര്‍ഗ് എന്നിവിടങ്ങളിലും നിരീക്ഷണം നടത്തിയിരുന്നു. ഇത്തരത്തില്‍ അജ്ഞാത ഫോണ്‍ ലഭിച്ചതനുസരിച്ച് ഒരു ടീം കര്‍ണാടകത്തിലേക്കു രണ്ടാഴ്ച മുന്‍പ് പോയതല്ലാതെ അന്വേഷണം പ്രാദേശിക തലത്തില്‍ത്തന്നെയാണ് മുന്നേറുന്നത്.
മുക്കൂട്ടുതറ, എരുമേലി, കാഞ്ഞിരപ്പള്ളി, പുഞ്ചവയല്‍ എന്നിവിടങ്ങളിലെ അന്വേഷണത്തിനുശേഷം സാധ്യതകളിലും സാഹചര്യങ്ങളിലും വ്യക്തത ഉറപ്പാക്കി മാത്രമേ അടുത്ത ഘട്ടത്തിലേക്കു നീങ്ങൂ. മാര്‍ച്ച് 21ന് രാവിലെ എട്ടരയോടെ വീട്ടില്‍നിന്നിറങ്ങിയ ജെസ്‌ന മരിയ ജയിംസ് എരുമേലിയില്‍ ബസിറങ്ങിയ ശേഷം എവിടേക്കു പോയി എന്നതില്‍ കൃത്യത ലഭിച്ചിട്ടില്ല. എരുമേലിയില്‍നിന്നു കണ്ണിമല റൂട്ടില്‍ മുണ്ടക്കയത്ത് എത്തിയതായുള്ള വാര്‍ത്തകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണപരിധിയില്‍നിന്ന് ടീം ഒഴിവാക്കിക്കഴിഞ്ഞു.
എരുമേലി, മുക്കൂട്ടുതറ, പുഞ്ചവയല്‍ എന്നിവിടങ്ങളില്‍ ടീം രാവും പകലും ഒട്ടേറെ പേരെ നിരീക്ഷിക്കുന്നുണ്ട്. നേരിയ സൂചനയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഏതാനും പേരുടെ നീക്കങ്ങളും ഇവരുടെ ഫോണ്‍ വിനിമയങ്ങളും ടീം സദാ നിരീക്ഷിച്ചുവരുന്നു. കര്‍ണാടകത്തിലെ കൂര്‍ഗില്‍ ജെസ്‌നയ്ക്ക് ഇപ്പോഴും കുടുംബബന്ധുക്കളുണ്ട്. ഇവരുമായി പോലീസ് നേരിട്ടും ഫോണിലും ആശയവിനിമയം തുടരുന്നുമുണ്ട്.
ജെസ്‌നയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അപ്പോള്‍ തന്നെ അറിയിക്കാന്‍ അവിടെയുള്ള മലയാളികള്‍ക്കും പോലീസിനും മുന്‍പ് തന്നെ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. കാണാതാകുന്ന സമീപ ദിവസങ്ങളിലൊന്നും ജെസ്‌ന കര്‍ണാടകത്തിലേക്ക് ഒരു ഫോണ്‍ പോലും ചെയ്തതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.