മുക്കൂട്ടുതറയില്‍ നിന്നു കാണാതായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനക്കേസില്‍ സിബിഐ അന്വേഷണം അന്തിമഘട്ടത്തില്‍.
ഹൈക്കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത് നിര്‍ണായക വിവരങ്ങള്‍. ഇന്നലെ കോടതി പിരിയുന്നതിനു തൊട്ടുമുമ്പാണു മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് കൈമാറിയത്.
അന്വേഷണപുരോഗതി റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടപ്രകാരമാണു നടപടി. ജെസ്നയെ രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണു സിബിഐയുടെ നിഗമനം.
വിമാന ടിക്കറ്റുകള്‍ പരിശോധിച്ചതില്‍നിന്നാണ് ഇതുസംബന്ധിച്ച നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്. സംഭവം തീവ്രവാദപ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്നും മനുഷ്യക്കടത്താണെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഒരു ഇസ്ലാമിക രാജ്യത്ത് ജെസ്നയുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ജെസ്നയെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും ജെസ്ന സ്വന്തം താത്പര്യപ്രകാരമാണു വിദേശത്തേക്കു കടന്നതെന്നും വിവരമുണ്ട്.
എന്നാല്‍ രണ്ട് കുഞ്ഞുങ്ങളുടെ മാതാവായെന്നുള്ള അഭ്യൂഹങ്ങള്‍ സാധൂകരിക്കുന്നതൊന്നും സിബിഐയുടെ റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് സൂചന.
വിദേശത്തേക്കു കൊണ്ടുപോയവരെ സിബിഐ. തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടില്‍നിന്നു കണ്ണിമലയിലെ ബാങ്ക് കെട്ടിടത്തില്‍ ജെസ്ന എത്തിയതിന്റെ സി.സി. ടിവി ദൃശ്യങ്ങളുണ്ട്.
ഇവിടെനിന്നു സ്വകാര്യ ബസില്‍ കയറി. ബസില്‍ തീവ്രവാദബന്ധമുള്ളവര്‍ ഉണ്ടായിരുന്നോയെന്നു സിബിഐ. പരിശോധിച്ചിരുന്നു.
അന്ന് ബസില്‍ യാത്രചെയ്ത രണ്ടുപേരെ തിരിച്ചറിഞ്ഞു. മംഗലാപുരം, ചെന്നൈ, ഗോവ, പുനെ എന്നിവിടങ്ങളിലേക്കും അന്വേഷണം നീണ്ടു.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളത്. അതീവരഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാലാണ് പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
തുര്‍ക്കി, സിറിയ, അഫ്ഗാന് തുടങ്ങിയ രാജ്യങ്ങളില്‍ ഒന്നില്‍ ജെസ്നയുണ്ടെന്നാണ് സൂചന. ഇതില്‍ സിറിയയിലാണ് കൂടുതല്‍ സാധ്യത. ഇതെല്ലാം സിബിഐ പരിശോധിക്കുന്നുണ്ട്.
2021 ഫെബ്രുവരിയിലാണ് ജെസ്നയുടെ സഹോദരന്റെ ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജിയില്‍ കേസന്വേഷണം ഹൈക്കോടതി സിബിഐയെ ഏല്‍പ്പിച്ചത്.
അന്വേഷണം ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിട്ടശേഷമാണു സിബിഐയുടെ നിര്‍ണായകമായ കണ്ടെത്തലുകള്‍.
കേസില്‍ അന്വേഷണപുരോഗതി അറിയിക്കാന്‍ തിരുവനന്തപുരം സിജെഎം കോടതി നിര്ദ്ദേശിച്ചിരുന്നതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാരന് നായര്‍ കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആര്‍ കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിലും ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന സൂചനകളാണ് സിബിഐ നല്‍കിയത്.
2018 മാര്‍ച്ച് 22 ന് രാവിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ ജെസ്ന എരുമേലി ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
എരുമേലി ബസ് സ്റ്റാന്‍ഡില്‍ മിന്നലില്‍ തകര്‍ന്ന സിസിടിവിയില്‍ നിന്ന് റിക്കവര്‍ ചെയ്തെടുത്ത ദൃശ്യങ്ങളാണ് അത്.
ഭാരമേറിയ ഷോള്‍ഡര്‍ ബാഗും തൂക്കി ജെസ്നയെന്ന് കരുതപ്പെടുന്ന പെണ്‍കുട്ടി നടക്കുന്നതും തൊട്ടുപിന്നാലെ രണ്ടു യുവാക്കള്‍ ഫോളോ ചെയ്യുന്നതുമാണ് ദൃശ്യത്തില്‍ നിന്ന് വ്യക്തമാകുന്നത് .
ഈ വഴിയുള്ള അന്വേഷണമാണ് സിബിഐയ്ക്ക് നിര്‍ണ്ണായക തെളിവുകള്‍ നല്‍കുന്നത്. എന്തായാലും പുതിയ വിവരങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്.