മലപ്പുറം: പത്തനംതിട്ടയിൽനിന്നു കാണാതായ ജെസ്നയെ മലപ്പുറം കോട്ടക്കുന്നിൽ കണ്ടതായ സംശയത്തെത്തുടർന്നു ടൂറിസം കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനായി ഹാർഡ് ഡിസ്ക് തിരുവനന്തപുരം ഹൈടെക് സെല്ലിനു കൈമാറും. പാർക്കിൽ കണ്ട പെണ്കുട്ടി ജെസ്നയല്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും വിശദമായ പരിശോധനക്കാണ് ഹാർഡ് ഡിസ്ക് കസ്റ്റഡിയിൽ എടുത്തത്.
15 ദിവസം കഴിയുന്തോറും പാർക്കിലെ സിസിടിവി ഹാർഡ് ഡിസ്ക് ചിത്രങ്ങൾ തനിയേ നഷ്ടപ്പെടും. ഇതുതിരിച്ചുപിടിക്കാനാണ് സൈബർ ഹൈടെക് സെല്ലിനെ ഏൽപ്പിക്കുന്നത്. കഴിഞ്ഞദിവസം മലപ്പുറത്തെത്തിയ അന്വേഷണസംഘം പാർക്ക് മാനേജർ, സുരക്ഷാജീവനക്കാരൻ, സമീപവാസികൾ എന്നിവരിൽ നിന്നു വിശദമായ മൊഴിയെടുത്തിരുന്നു.
ചുരുണ്ട മുടിയുള്ള പെണ്കുട്ടിയേയും സുഹൃത്തുക്കളേയും മേയ് മൂന്നിന് പാർക്കിൽ കണ്ടിരുന്നെന്നും എന്നാൽ അത് ഫോട്ടോയിൽ കാണുന്ന ജസ്നയല്ലെന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ കൂടുതൽ പരിശോധിക്കാനാണ് പോലീസിന്റെ ശ്രമം.സംശയം തുടരുന്ന സാഹചര്യത്തിൽ പാർക്കിലെ സിസിടിവി ഹാർഡ് ഡിസ്ക് അന്വേഷണ സംഘം ഏറ്റെടുക്കുകയും ചെയ്തു.
നഗരത്തിലെ ഓട്ടോ ഡ്രൈവർമാരിൽ നിന്നും കോട്ടക്കുന്ന് റോഡിലെ കടകളിലെ ജീവനക്കാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. പത്തനംതിട്ട വെച്ചൂച്ചിറയിലെ എസ്ഐ സി.ദിനേശനും സംഘവുമാണ് മലപ്പുറത്തെത്തിയത്.ജസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇത് സൂചിപ്പിക്കുന്ന പോസ്റ്റർ കോട്ടക്കുന്ന് പാർക്കിൽ പതിപ്പിച്ചിട്ടുണ്ട്.
മലപ്പുറം നഗരത്തിലെ പ്രധാനസ്ഥലങ്ങളിൽ ജെസ്നയുടെ ചിത്രമുള്ള അറിയിപ്പു പതിച്ചിട്ടുണ്ട്. മാർച്ച് 22ന് കാണാതായ ജെസ്നയെ 44 ദിവസങ്ങൾക്കു ശേഷം കോട്ടക്കുന്നിൽ കണ്ടെന്നായിരുന്നു വിവരം.