ജെസ്നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. ജെസ്നയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നതിനായി പോലീസ് സ്ഥാപിച്ച വിവരശേഖരണ പെട്ടികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പൂനയിലേയ്ക്കും ഗോവയിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ചെന്നൈയില്‍ കണ്ട യുവതി ജെസ്നയല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പൂനെയിലും ഗോവയിലും കോണ്‍വെന്റുകളും നഗരങ്ങളും കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം.
നഗരങ്ങളില്‍ ജെസ്നയുടെ ചിത്രങ്ങള്‍ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്യുന്നുണ്ട്. ചെന്നൈയിലുള്‍പ്പെടെ കണ്ട പെണ്‍കുട്ടി ജെസ്നയല്ലെന്നു സ്ഥിരീകരിക്കാന്‍ മാത്രമേ ഇതുവരെയുള്ള അന്വേഷണത്തില്‍ പോലീസിനായിട്ടുള്ളൂവെന്നും ജില്ലാ പോലീസ് മേധാവി ടി.നാരായണന് പറഞ്ഞു. ജെസ്നയെക്കുറിച്ച് വിവര ശേഖരണത്തിനായി പോലീസ് പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണപ്പെട്ടിയില്‍ പ്രതീക്ഷ നല്കുന്ന ചില വിവരങ്ങള്‍ കിട്ടിയെന്നു സൂചനയുണ്ട്.
12 സ്ഥലങ്ങളിലായി 12 പെട്ടികളാണ് പോലീസ് സ്ഥാപിച്ചത്. ഇതില്‍ നിന്ന് 50 കത്തുകളാണ് ലഭിച്ചത്. ഇതില്‍ ജെസ്നയുടെ വീടിന്റെ സമീപ കവലകളിലും വെച്ചുച്ചിറ ഭാഗത്തും സ്ഥാപിച്ച പെട്ടികളിലാണ് കൂടുതല്‍ പേര് വിവരങ്ങള്‍ എഴുതിയിട്ടത്. ഇതില്‍ പലതിലും സംശയത്തിന്റെ കഥകളും അടുത്ത പരിചയമുണ്ടെന്നു തോന്നുന്നവര്‍ എഴുതിയ ചില സംഭവങ്ങളും കിട്ടിയതായി പോലീസ് പറയുന്നു.
ജെസ്ന പഠിച്ച കാഞ്ഞിരപ്പള്ളിയിലെ കോളജിലും സമീപത്തും സ്ഥാപിച്ച പെട്ടികളില്‍ കാര്യമായ പ്രതികരണം ഉണ്ടായില്ല. ഓരോ കത്തിലെയും വിവരങ്ങളുടെ സത്യം തിരക്കി പോലീസിന്റെ പ്രത്യേക സംഘം അതതു സ്ഥലത്തു നേരിട്ടു പരിശോധിക്കുകയാണിപ്പോള്‍.