പത്തനംതിട്ട: ജെസ്ന എന്ന പെണ്‍കുട്ടിയുടെ തിരോധാനം കേരള പോലീസിനു മുന്പിൽ ചോദ്യചിഹ്്നമാകുന്നു. അന്വേഷണം നൂറാംദിനത്തിലെത്തുന്പോഴും ഇതിനൊരു അവസാനമില്ലേയെന്ന ചോദ്യം ബാക്കി.
കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ ബികോം വിദ്യാർഥിനി മുക്കൂട്ടുതറ കൊല്ലമുള കുന്നത്തുവീട്ടിൽ ജെസ്ന മരിയ ജെയിംസ് എന്ന 20 കാരിക്കുവേണ്ടി കേരളം കാത്തിരിപ്പ് തുടങ്ങിയിട്ട് നാളെ നൂറുദിനമാകുകയാണ്.
കഴിഞ്ഞ മാർച്ച് 22നു രാവിലെയാണ് ജെസ്നയെ വീട്ടിൽ നിന്നു കാണാതാകുന്നത്.ഓരോദിനവും പല വിവരങ്ങളും ലഭിക്കുന്നുണ്ടെങ്കിലും ഇതൊന്നും വിശ്വാസയോഗ്യമായി എടുക്കാൻ കഴിയുന്നവയല്ലെന്നു അന്വേഷണസംഘം.
ഇവയിൽ ഏറെയും നാട്ടിലെ സംസാരവിഷയങ്ങളും. വ്യക്തമായ തെളിവുകളോ വിവരങ്ങളോ ഇക്കാര്യത്തിൽ പോലീസിനു നൽകാൻ ആരും തയാറായിട്ടുമില്ല. ബന്ധുക്കളിൽ നിന്നടക്കം വിവരശേഖരണത്തിനു പോലീസ് നടത്തിയ ശ്രമങ്ങളിലും തിരോധാനവുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു സൂചനയും ലഭിച്ചിട്ടില്ല.
മാർച്ച് 22നു രാവിലെ വീട്ടിൽ തനിച്ചായിരുന്ന കുട്ടി പിതൃസഹോദരിയുടെ വീട്ടിലേക്കു പോകുകയാണെന്ന് സമീപവാസികളെയും സഹോദരനെയും അറിയിച്ചശേഷമാണ് യാത്ര തിരിച്ചത്. എരുമേലി വരെ ജെസ്ന എത്തിയിരുന്നത് കണ്ടവരുണ്ട്. പിന്നീട് വിവരങ്ങളൊന്നുമില്ല. കാണാതായ പെണ്‍കുട്ടിയുടെ കൈവശം മൊബൈൽഫോണോ എടിഎം കാർഡോ ഇല്ലെന്ന് പോലീസ് പറയുന്നു.
തുടക്കത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മെല്ലപ്പോക്ക് അന്വേഷണത്തെ സാരമായി ബാധിച്ചുവെന്ന് ഉന്നത ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. ആദ്യദിനങ്ങളിൽ വല വീശിയിരുന്നെങ്കിൽ ജെസ്നയെ തേടി ഇത്രയും അലയേണ്ടിവരുമായിരുന്നില്ലെന്നതാണ് ഇവരുടെയൊക്കെ നിഗമനം.
പരാതി ലഭിച്ച 22നു രാത്രി എരുമേലി പോലീസ് കേസ് വെച്ചൂച്ചിറയിലേക്കു തട്ടിയതും ഒരു ദിനം കഴിഞ്ഞ് വെച്ചൂച്ചിറയിൽ കേസ് എത്തുന്പോൾ ഒരു സാധാരണ തിരോധാനം പോലെ പോലീസ് സംസാരിച്ചതും അന്വേഷണഗതിയെ മാറ്റിമറിച്ചു.
കുട്ടി ഇറങ്ങിപ്പോയതല്ലേ, ഇങ്ങു വരുമെന്നൊക്കെയായിരുന്നു പോലീസ് ഭാഷ്യം. ജില്ലാ പോലീസ് മേധാവിയെ ബന്ധുക്കൾ കാണുന്നതും മാധ്യമങ്ങളിൽ വാർത്ത നൽകുന്നതും വീണ്ടും നാലുദിനങ്ങൾ കൂടി കഴിഞ്ഞാണ്.
ഇതിനുശേഷമാണ് പ്രത്യേക അന്വേഷണസംഘത്തിനു രൂപം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അന്വേഷണച്ചുമതല ഉന്നത ഉദ്യോഗസ്ഥർക്കു കൈമാറുമെന്ന സൂചനയുണ്ടായതോടെ പ്രാദേശിക അന്വേഷണം തണുത്തു.
പിന്നീട് തിരുവല്ല ഡിവൈഎസ്പിയെ അന്വേഷണച്ചുമതല ഏല്‍പിച്ചതിനുശേഷമാണ് ഒരു ഏകീകരണ ഇക്കാര്യത്തിൽ ഉണ്ടായത്. തുടർന്നുള്ള അന്വേഷണം തൃപ്തികരമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും വിലയിരുത്തി.
ജില്ലാ പോലീസ് മേധാവി ടി. നാരായണൻ ഇപ്പോൾ പ്രതിദിനം അന്വേഷണം വിലയിരുത്തുന്നുണ്ട്. ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ തന്നെ അന്വേഷണം പുരോഗമിക്കുകയാണ്. അതുകൊണ്ടാണ് ഓരോ സാധ്യതകളും സംഘം വിലയിരുത്തുന്നത്.
ജൂലൈ നാലിനകം അന്വേഷണത്തിൽ കാര്യമായ പുരോഗതി പറയാനാകുമെന്ന് ഡിജിപി ആക്ഷൻ കൗണ്‍സിലിനും ബന്ധുക്കൾക്കും ഉറപ്പ് നൽകിയിട്ടുണ്ട്. സിബിഐ അന്വേഷണം അടക്കമുള്ള ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുമുണ്ട്. സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ ജൂലൈ നാലിനുശേഷം അഭിപ്രായം വ്യക്തമാക്കുമെന്നാണ് സൂചന.