വെച്ചൂച്ചിറ: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ ബികോം വിദ്യാർഥിനിയായ കൊല്ലമുള കുന്നത്തുവീട്ടിൽ ജെസ്ന മരിയ ജയിംസിന്റെ (20) തിരോധാനം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിലേക്ക് പോലീസ് സംഘം ബംഗളൂരുവിനു യാത്ര തിരിച്ചു. ജെസ്നയുടെ സഹോദരിയുടെ മൊബൈലിലേക്ക് വന്ന ഒരു ഫോണ് കോളിന്റെ ഉറവിടം തേടിയാണ് പോലീസ് ബംഗളൂരുവിലേക്ക് തിരിച്ചിരിക്കുന്നത്.
ഒരാഴ്ച മുന്പാണ് ഇത്തരത്തിൽ ഒരു ഫോണ് എത്തിയതെന്നു പറയുന്നു. ഇതു പോലീസിനു നേരത്തെ കൈമാറിയിരുന്നു.ബന്ധുക്കളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പോലീസ് അന്വേഷണം. കഴിഞ്ഞ 22നു രാവിലെയാണ് ജെസ്നയെ വീട്ടിൽ നിന്നു കാണാതായത്.
ബന്ധുവീട്ടിലേക്കു പോകുകയാണെന്നു പറഞ്ഞിറങ്ങിയ ജെസ്ന മുക്കൂട്ടുതറ വരെ ഓട്ടോറിക്ഷയിലും അവിടെനിന്ന് സ്വകാര്യബസിൽ എരുമേലി വരെയും എത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്നാണ് കാണാതായിരിക്കുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾ കേന്ദ്രീകരിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി.
തിരുവല്ല ഡിവൈഎസ്പി ആർ. ചന്ദ്രശേഖരൻ, റാന്നി സിഐ എസ്. ന്യൂമാൻ എന്നിവരുടെ നേതൃത്വത്തിൽ ജെസ്നയുടെ വീട്ടിലെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.എഡിജിപി ബി. സന്ധ്യയുടെ മേൽനോട്ടത്തിൽ പ്്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നെങ്കിലും ഇതു സംബന്ധമായ ഉത്തരവിറങ്ങാത്തതിനാൽ അന്വേഷണം വിപുലപ്പെടുത്തുന്നതിൽ പോലീസിനും പരിമിതികളുണ്ട്.
സ്വന്തം നിലയിൽ അന്വേഷണസംഘത്തെ വിപുലീകരിച്ചാണ് ഡിവൈഎസ്പി ഇപ്പോൾ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇക്കാര്യം നിയമസഭയിൽ സബ്മിഷനിലൂടെ ഉന്നയിക്കുമെന്ന് രാജു ഏബ്രഹാം എംഎൽഎ പറഞ്ഞു. ജെസ്നയെ കണ്ടെത്തുന്നതിനാവശ്യമായ നടപടികൾ ഉൗർജ്ജിതമാക്കണമെന്ന് ആന്റോ ആന്റണി എംപിയും ആവശ്യപ്പെട്ടു.ഇന്നലെ റാന്നിയിലെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബന്ധുക്കൾ സന്ദർശിച്ച് നിവേദനം നൽകി. അന്വേഷണം ഊർജ്ജിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോടാവശ്യപ്പെടുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.