പത്തനംതിട്ട: വെച്ചൂച്ചിറ കൊല്ലമുള സ്വദേശി ജെസ്ന മരിയ ജെയിംസിനെ കാണാതായിട്ട് രണ്ടു മാസം പിന്നിടുന്പോഴും അന്വേഷണം എവിടെയുമെത്തിയില്ല. കഴിഞ്ഞ മാർച്ച് 22നാണ് ജെസ്ന വീട്ടിൽ നിന്നും അപ്രത്യക്ഷമായത്. മുക്കൂട്ടുതറ കൊല്ലമുള കുന്നത്തു വീട്ടിൽ ജെയിംസ് ജോസഫിന്റെ മകളായ ജെസ്ന (20) കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ ബികോം വിദ്യാർഥിനിയായിരുന്നു. രണ്ടുമാസമായിട്ടും നിലവിലുള്ള അന്വേഷണത്തിനെതിരെ വിവിധ തലങ്ങളിൽ ആക്ഷേപം ഉയരുന്നുണ്ട്.
സംഭവദിവസം രാവിലെ വീട്ടിൽ തനിച്ചായിരുന്ന ജെസ്ന പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞാണ് ഇറങ്ങിയത്. വീട്ടുപടിക്കൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിയ ജെസ്ന എരുമേലി വരെ എത്തിയത് കണ്ടവരുണ്ട്. കൈവശം മൊബൈൽഫോണോ മറ്റോ ഉണ്ടായിരുന്നില്ല. പകൽ വീട്ടിൽ തനിച്ചായതിനാൽ പിതൃസഹോദരിമാരുടെ വീടുകളിൽ ഇടയ്ക്കു പോകാറുള്ളതാണ്.
ജെസ്നയുടെ മാതാവ് എട്ടുമാസം മുന്പ് പനി ബാധിച്ച് മരിച്ചു.ഇതോടെ വീട്ടിൽ പിതാവ് ജെയിംസും സഹോദരൻ ജെയ്സിനുമൊപ്പമാണ് ജെസ്ന കഴിഞ്ഞുവന്നത്. മറ്റൊരു സഹോദരി പഠനാർഥം ഹോസ്റ്റലിൽ കഴിയുകയായിരുന്നു. മുന്നറിയിപ്പുകളൊന്നും ഇല്ലാതെയുള്ള തിരോധാനത്തിന്റെ വ്യഥയിലാണ് കഴിഞ്ഞ രണ്ടുമാസമായി ബന്ധുക്കൾ. വെച്ചൂച്ചിറ, എരുമേലി പോലീസ് സ്റ്റേഷനുകളിൽ കാണാതായതിനു പിന്നാലെ പരാതികൾ നൽകി.
ജില്ലാ പോലീസ് മേധാവിയെ നേരിൽകണ്ട് പരാതി കൊടുത്തു. പിന്നീട് മുഖ്യമന്ത്രിയെ കണ്ടു. ഇതിനിടെയിൽ ലോക്കൽ പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും ഇപ്പോഴും വ്യക്തമായ ഒരു തുന്പും ലഭിച്ചിട്ടില്ല. കേരളത്തിനകത്തും പുറത്തും അന്വേഷണസംഘം തെരച്ചിൽ നടത്തി. ബന്ധുക്കളും സഹപാഠികളും അധ്യാപകരുമൊക്കെയായി സംസാരിച്ചു. വ്യക്തമായ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് അന്വേഷണച്ചുമതലയുള്ള തിരുവല്ല ഡിവൈഎസ്പി ആർ. ചന്ദ്രശേഖരൻ പറഞ്ഞു.
രണ്ടാഴ്ച മുന്പ് കുട്ടിയെ ബംഗളൂരുവിൽ മറ്റൊരാളോടൊപ്പം കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്നുള്ള പോലീസ് സംഘം കർണാടകയിൽ ഒരാഴ്ചയോളം അന്വേഷണം നടത്തി. മൊബൈൽഫോണോ എടിഎം കാർഡോ ഉപയോഗിക്കാത്തതിനാൽ സൈബർ അന്വേഷണം സാധ്യമല്ലെന്നു പോലീസ് പറയുന്നു. പിന്നീട് ബന്ധുക്കളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ജെസ്നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് രണ്ടുലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് കാത്തിരിക്കുകയാണ് അന്വേഷണസംഘം.
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനു പിതാവും ബന്ധുക്കളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഡിജിപി ബി. സന്ധ്യയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതായി പറയുന്നു. പിന്നീട് നിയമസഭയിൽ രാജു ഏബ്രഹാം എംഎൽഎയുടെ സബ്മിഷനുള്ള മറുപടിയിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് പറഞ്ഞു.
എന്നാൽ തിരുവല്ല ഡിവൈഎസ്പിയെയാണ് അന്വേഷണച്ചുമതല ഏല്പിച്ചത്. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തേ തുടർന്ന് പ്രത്യേകസംഘത്തെ രൂപീകരിക്കുമെന്ന് വീണ്ടും അറിയിച്ചു. എന്നാൽ ലോക്കൽ പോലീസ് ഉദ്യോഗസ്ഥരല്ലാതെ മറ്റാരും ഇപ്പോഴും സംഘത്തിൽ ഇല്ല. ഇത്തരം കേസുകൾ അന്വേഷിക്കുന്നതിൽ വിദഗ്ധരായ ഉദ്യോഗസ്ഥരെ ഐജി തലത്തിലുള്ള മേൽനോട്ടത്തിന്റെ അടിസ്ഥാനത്തിൽ നിയോഗിക്കണമെന്നായിരുന്നു ആവശ്യം.